കൊച്ചി : വരാപ്പുഴ അതിരൂപതയിലെ ഇടവകകളിൽനിന്ന് പ്രസിദ്ധീകരിക്കുന്ന മികച്ച പാരിഷ് ബുള്ളറ്റിനുകൾക്ക് അതിരൂപത മീഡിയ കമ്മീഷൻ ഏർപ്പെടുത്തിയ അവാർഡുകൾ നവംബർ 28ന് വിതരണം ചെയ്യും. എറണാകുളം ആശിർഭവൻ ഓഡിറ്റോറിയത്തിൽ വൈകിട്ട് അഞ്ചിന് നടക്കുന്ന പുരസ്കാരസായാഹ്നം വരാപ്പുഴ അതിരൂപത സഹായമെത്രാൻ ബിഷപ് ഡോ. ആന്റണി വാലുങ്കൽ ഉദ്ഘാടനം ചെയ്യും.
18 ഇടവകകളിൽനിന്ന് ലഭിച്ച അപേക്ഷകളിൽ നിന്ന് ജൂറി നിർദേശിച്ച മൂന്ന് ഇടവകകൾക്കാണ് പ്രധാന പുരസ്കാരങ്ങൾ നൽകുന്നത്. അവാർഡിനായി പരിഗണിച്ച എല്ലാ പാരിഷ് ബുള്ളറ്റിനുകൾക്കും പ്രോത്സാഹന പുരസ്കാരങ്ങളും സമ്മാനിക്കും.ടി.ജെ. വിനോദ് എംഎൽഎ, ഷെവ. ഇഗ്നേഷ്യസ് ഗോൺസാൽവസ്, ജീവദീപ്തി ചീഫ് എഡിറ്റർ ഫാ. ആന്റണി റാഫേൽ കൊമരഞ്ചാത്ത് എന്നിവർ ആശംസകൾ നേരും. കേരളവാണി, ജീവദീപ്തി എന്നിവയുടെ സഹകരണത്തോടെയാണ് പുരസ്കാരസായാഹ്നം സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി നവംബർ 28ന് രാവിലെ പ്രതിഭാസംഗമവും നടക്കും.
ബാലസാഹിത്യകാരൻ സിപ്പി പള്ളിപ്പുറം സംഗമം ഉദ്ഘാടനം ചെയ്യും. എഴുത്ത്, പ്രസംഗം, അഭിനയം, വായന തുടങ്ങിയ വിഷയങ്ങളിൽ സിജോ പൈനാടത്ത്, ഫാ. സ്റ്റീഫൻ ചാലക്കര, അലക്സ് താളൂപ്പാടത്ത്, ഷാജി ജോർജ് പ്രണത എന്നിവർ ക്ലാസുകൾ നയിക്കും. പ്രതിഭാസംഗമത്തിന്റെയും പുരസ്കാര സായാഹ്നത്തിന്റെയും ഒരുക്കങ്ങൾ പൂർത്തിയായതായി മീഡിയ കമ്മീഷൻ ഡയറക്ടർ ഫാ. യേശുദാസ് പഴമ്പിള്ളിയും സെക്രട്ടറി സിബി ജോയിയും അറിയിച്ചു.

