വത്തിക്കാൻ സിറ്റി: ക്രിസ്മസ് കാലയളവിലെ വിവിധ തിരുക്കർമങ്ങൾക്ക് ലെയോ പതിനാലാമൻ പാപ്പ നേതൃത്വം നൽകും. ക്രിസ്മസ് തിരുനാൾ മുതൽ യേശുവിന്റെ മാമ്മോദീസാ തിരുനാൾ വരെയുള്ള തിരുക്കർമങ്ങളുടെ സമയക്രമം പരമോന്നത പാപ്പയുടെ ആരാധനാ ക്രമാഘോഷങ്ങൾക്കായുള്ള കാര്യാലയം നവംബർ 24 ചൊവ്വാഴ്ച പ്രസിദ്ധീകരിച്ചു.
ക്രിസ്മസ് രാവിൽ ഡിസംബർ 24-ന് രാത്രി 10ന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ പാപ്പ ക്രിസ്മസ് പാതിരാക്കുർബാന അർപ്പിക്കും. ഡിസംബർ 25-ന് രാവിലെ 10ന് ക്രിസ്മസ് തിരുനാൾ ദിവ്യബലിക്ക് നേതൃത്വം നൽകും. തുടർന്ന് ഉച്ചയ്ക്ക് 12ന് ബസിലിക്കയുടെ മധ്യഭാഗത്തുള്ള ബാൽക്കണിയിൽനിന്ന് പാപ്പയുടെ പരമ്പരാഗതമായ ‘ഉർബി എത് ഓർബി’ ആശീർവാദവും നൽകും.
പരിശുദ്ധ ദൈവമാതാവായ മറിയത്തിന്റെ തിരുനാളിനോടനുബന്ധിച്ച് ഡിസംബർ 31-ന് വൈകിട്ട് അഞ്ചിന് പ്രഥമ സായാഹ്ന പ്രാർത്ഥനയ്ക്കും (ഫസ്റ്റ് വെസ്പേഴ്സ്) 2026-ലെ ദൈവാനുഗ്രഹങ്ങൾക്ക് നന്ദി അർപ്പിച്ചുകൊണ്ടുള്ള ‘തെ ദേവും’ പ്രാർത്ഥനയ്ക്കും പാപ്പ നേതൃത്വം നൽകും. ജനുവരി ഒന്നിന് രാവിലെ 10ന് സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ തിരുനാൾ ദിവ്യബലിയും അർപ്പിക്കും.ജനുവരി ആറിന് ആഘോഷിക്കുന്ന കർത്താവിന്റെ പ്രത്യക്ഷീകരണ തിരുനാളിലും രാവിലെ 10ന് സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ പാപ്പ ദിവ്യബലി അർപ്പിക്കും.
ക്രിസ്മസ് ആരാധനാക്രമകാലത്തിന്റെ സമാപനമായ കർത്താവിന്റെ മാമ്മോദീസാ തിരുനാൾ ജനുവരി 10-ന് ആഘോഷിക്കും. അന്ന് രാവിലെ 9.30ന് സിസ്റ്റൈൻ ചാപ്പലിൽ നടക്കുന്ന ദിവ്യബലിക്ക് പാപ്പ നേതൃത്വം നൽകും. ഈ ദിവ്യബലിയുടെ ഭാഗമായി നിരവധി കുട്ടികൾക്ക് മാമ്മോദീസാ കൂദാശയും നൽകും.

