ചങ്ങനാശേരി: പാറേൽ മർത്ത്മറിയം അമലോത്ഭവ ബസിലിക്കയിൽ തീർഥാടനത്തിനെത്തുന്ന വിശ്വാസികൾക്ക് പൂർണദണ്ഡവിമോചനം പ്രാപിക്കാവുന്ന പ്രത്യേക ദിനങ്ങൾ പ്രഖ്യാപിച്ചു. ബസിലിക്ക പദവി പ്രഖ്യാപനത്തിനു പിന്നാലെ ചങ്ങനാശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ തോമസ് തറയിലാണ് ഇതുസംബന്ധിച്ച അറിയിപ്പ് നൽകിയത്.
വർഷത്തിൽ വിവിധ തിരുനാൾ ദിനങ്ങളിലും ബസിലിക്കയുമായി ബന്ധപ്പെട്ട വിശേഷദിനങ്ങളിലും വിശ്വാസികൾക്ക് പൂർണദണ്ഡവിമോചനം പ്രാപിക്കാനുള്ള അവസരമുണ്ടാകും.പ്രഖ്യാപിച്ച ദിനങ്ങൾ:1. നവംബർ 21 – പാറേൽ മർത്ത്മറിയം അമലോത്ഭവ ബസിലിക്കയുടെ കൂദാശ വാർഷികം.
2. നവംബർ 29 മുതൽ ഡിസംബർ 21 വരെ – പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവ തിരുനാളും തീർഥാടന വാരവും.3. ജൂൺ 29 – വിശുദ്ധ പത്രോസ്, പൗലോസ് അപ്പസ്തോലന്മാരുടെ തിരുനാൾ.4. ഒക്ടോബർ 7 – മൈനർ ബസിലിക്ക പദവി ലഭിച്ചതിന്റെ വാർഷികവും ജപമാല രാജ്ഞിയുടെ തിരുനാളും.5. മാർച്ച് 25 – പരിശുദ്ധ കന്യകാമറിയത്തിന്റെ മംഗളവാർത്ത തിരുനാൾ.ഇവയ്ക്കുപുറമേ ഓരോ വിശ്വാസിക്കും വർഷത്തിൽ ഒരിക്കൽ സ്വന്തം ഇഷ്ടപ്രകാരം തിരഞ്ഞെടുക്കുന്ന മറ്റൊരു ദിവസവും പൂർണദണ്ഡവിമോചനം പ്രാപിക്കാം.ബസിലിക്ക പദവിയിലൂടെ പാറേൽ ദേവാലയത്തിന് ലഭിച്ച ആത്മീയ പ്രാധാന്യം കൂടുതൽ വിശ്വാസികളിലേക്ക് എത്തിക്കുന്നതിനും തീർഥാടനജീവിതം പ്രോത്സാഹിപ്പിക്കുന്നതിനും ഈ പ്രഖ്യാപനം സഹായകമാകും.

