ലണ്ടൻ: ബ്രിട്ടനിലെ സൗത്ത്വർക്ക് കത്തോലിക്കാ അതിരൂപതയുടെ ചാപ്റ്റർ കാനനായി (മോൺസിഞ്ഞോർ പദവിക്ക് തുല്യം) റവ. ഡോ. സാജു പിണക്കാട്ട് നിയമിതനായി. അതിരൂപതാധ്യക്ഷൻ ആർച്ച്ബിഷപ്പ് ജോൺ വിൽസണാണ് നിയമനം നടത്തിയത്. ബ്രോംലിയിലെ സെന്റ് ജോസഫ് ആൻഡ് സെന്റ് സ്വിതുൻ ഇടവക വികാരിയും ബ്രോംലി ഫൊറോന ഡീനുമായി സേവനമനുഷ്ഠിച്ചുവരികയാണ് അദ്ദേഹം.
ആർച്ച്ബിഷപ്പ് ജോൺ വിൽസന്റെ മുഖ്യകാർമികത്വത്തിൽ നടന്ന ചടങ്ങിൽ റവ. ഡോ. സാജു പിണക്കാട്ടിനെ ഔദ്യോഗികമായി ചാപ്റ്റർ കാനനായി സ്ഥാനാരോഹണം ചെയ്തു. ബിഷപ്പുമാരായ പോൾ ഹെൻഡ്രിക്സ്, ജെറാർഡ് ബ്രാഡ്ലി എന്നിവരും സഭയിലെ മറ്റ് പ്രമുഖരും സഹകാർമികരായി.അതിരൂപതയുടെ ആത്മീയ, ആരാധനാക്രമ, അജപാലന ദൗത്യങ്ങളിൽ ആർച്ച്ബിഷപ്പിനെ സഹായിക്കുന്ന സമിതിയിലെ അംഗമാണ് ചാപ്റ്റർ കാനൻ. അതിരൂപതയുടെ പ്രധാന ആരാധനാഘോഷങ്ങളിൽ പങ്കുചേരുക, സഭാനേതൃത്വത്തിന് ഉപദേശങ്ങളും പിന്തുണയും നൽകുക, വൈദികരും അൽമായരും തമ്മിലുള്ള ഐക്യം ശക്തിപ്പെടുത്തുക തുടങ്ങിയവയാണ് പ്രധാന ഉത്തരവാദിത്വങ്ങൾ. നിലവിലെ ഇടവക ശുശ്രൂഷകൾ തുടർന്നു കൊണ്ടുതന്നെയായിരിക്കും അദ്ദേഹം പുതിയ ദൗത്യവും നിർവഹിക്കുക.
റോമിലെ പൊന്തിഫിക്കൽ ഗ്രിഗോറിയൻ സർവകലാശാലയിൽനിന്ന് വിശുദ്ധഗ്രന്ഥശാസ്ത്രത്തിൽ ലൈസൻഷ്യേറ്റ് നേടിയ അദ്ദേഹം യു.കെ.യിലെത്തിയത് 2008-ലാണ്. പിന്നീട് ലണ്ടനിലെ ഹെയ്ത്രോപ് കോളേജിൽനിന്ന് ബൈബിൾ പഠനത്തിൽ ഡോക്ടറേറ്റും നേടി. 2014 മുതൽ 2021 വരെ വോണർഷിലെ സെന്റ് ജോൺസ് സെമിനാരിയിൽ വിശുദ്ധഗ്രന്ഥശാസ്ത്ര അധ്യാപകനായി സേവനമനുഷ്ഠിച്ചു. യു.കെ.യിലെ സീറോ മലബാർ വിശ്വാസികളുടെ അജപാലന, ആത്മീയ, മതബോധന മേഖലകളിലും ശ്രദ്ധേയമായ സേവനം ചെയ്തിട്ടുള്ള അദ്ദേഹം 2018 മുതൽ 2024 വരെ സീറോ മലബാർ മിഷൻ ഡയറക്ടറായും പ്രവർത്തിച്ചു. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത സ്ഥാപിതമാകുന്നതിനു മുമ്പുതന്നെ ഈ മേഖലയിലെ ശുശ്രൂഷകളിൽ സജീവമായിരുന്നു.
കപ്പുച്ചിൻ സന്യാസസമൂഹാംഗമായിരുന്ന റവ. ഡോ. സാജു പിണക്കാട്ട് തലശ്ശേരി അതിരൂപതയിലെ കുടിയാൻമല ഫാത്തിമ മാതാ ഇടവകാംഗമാണ്. തോമസ് പിണക്കാട്ടിന്റെയും പരേതയായ മേരി അറക്കപ്പറമ്പിലിന്റെയും മകനാണ്.അദ്ദേഹത്തിന്റെ നിയമനം സീറോ മലബാർ സഭയ്ക്കും യു.കെ.യിലെ മലയാളി കത്തോലിക്കാ സമൂഹത്തിനും അഭിമാനകരമായ നേട്ടമായി.

