ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ തീർഥാടന കേന്ദ്രമായ പാറേൽ മരിയൻ പള്ളിസമുച്ചയത്തിന്റെ കൂദാശാ ചടങ്ങുകൾക്ക് ഇന്ന് തുടക്കമാകും. പരിശുദ്ധ കന്യകാമറിയത്തിന്റെ സമർപ്പണ തിരുനാൾ ദിനത്തിൽ ഉച്ചകഴിഞ്ഞ് രണ്ടിന് ആർച്ച്ബിഷപ്പ് എമിരിറ്റസ് മാർ ജോസഫ് പെരുന്തോട്ടം മർത്ത് മറിയം വലിയ പള്ളി കൂദാശ ചെയ്ത് പ്രഥമ വിശുദ്ധ കുർബാന അർപ്പിക്കും.
ഡിസംബർ 24 വരെ വിവിധ കൂദാശാ, ആശീർവാദ ചടങ്ങുകൾ നടക്കും.നാളെ (നവംബർ 22) രാവിലെ ഏഴിന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പുതിയ കൽക്കുരിശ് ആശീർവദിക്കും. രാവിലെ 9.30-ന് മാർ തോമസ് പാടിയത്ത് പുതിയ കൊടിമരത്തിന്റെ ആശീർവാദകർമ്മം നിർവഹിക്കും. നവംബർ 23 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.30-ന് മാർ തോമസ് തറയിൽ മെത്രാപ്പോലീത്ത അമലോദ്ഭവ മാതാ പള്ളി കൂദാശ ചെയ്ത് വിശുദ്ധ കുർബാന അർപ്പിക്കും.നവംബർ 25 ബുധനാഴ്ച വൈകുന്നേരം ആറിന് ആർച്ച്ബിഷപ്പ് കൊച്ചേരി നിത്യാരാധനാ ചാപ്പലും കുമ്പസാരക്കൂടുകളും ആശീർവദിക്കും.
കൂദാശാ ചടങ്ങുകളുടെ സമാപനമായി ഡിസംബർ 24 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2.30-ന് കർദിനാൾ മാർ ജോർജ് കൂവക്കാട് എമ്മേ ദ് മിശിഹാ ക്രിപ്റ്റ് ദൈവാലയം (ഭൂഗർഭ കപ്പേള) കൂദാശ ചെയ്യും. ഇതോടനുബന്ധിച്ച് തിരുശേഷിപ്പുകൾ സ്ഥാപിക്കുകയും പ്രഥമ വിശുദ്ധ കുർബാന അർപ്പിക്കുകയും ചെയ്യും. പാറേൽ മരിയൻ തീർഥാടന കേന്ദ്രത്തിലെ വിവിധ ദൈവാലയങ്ങളുടെയും ആരാധനാ സൗകര്യങ്ങളുടെയും കൂദാശാ ചടങ്ങുകൾക്ക് സഭാ വിശ്വാസികളുടെ സാന്നിധ്യത്തിൽ വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്.

