വത്തിക്കാൻ സിറ്റി: മിഡിൽ ഈസ്റ്റിലും വിശുദ്ധ നാട്ടിലും കഴിയുന്ന ക്രൈസ്തവ വിശ്വാസികൾക്ക് സ്വന്തം ജന്മനാട്ടിൽ സുരക്ഷിതമായി തുടരാൻ ആവശ്യമായ സാഹചര്യങ്ങൾ ഒരുക്കണമെന്ന് ലെയോ പതിനാലാമൻ പാപ്പ ജീവകാരുണ്യ സംഘടനകളോട് ആഹ്വാനം ചെയ്തു.
ക്രൈസ്തവ കുടുംബങ്ങളുടെ പലായനം വ്യക്തികളുടെ മാത്രമല്ല, സമൂഹത്തിന്റെയും സഭയുടെയും നിലനിൽപ്പിനെ ബാധിക്കുന്ന ഗൗരവമായ പ്രതിസന്ധിയാണെന്ന് പാപ്പ ഓർമിപ്പിച്ചു. നവംബർ 20ന് വത്തിക്കാനിൽ കാത്തലിക് നിയർ ഈസ്റ്റ് വെൽഫെയർ അസോസിയേഷൻ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പ ഇക്കാര്യം വ്യക്തമാക്കിയത്. ഒരു ക്രൈസ്തവ കുടുംബം സ്വന്തം മാതൃഭൂമി വിട്ടുപോകാൻ നിർബന്ധിതമാകുമ്പോൾ ഒരു വാസസ്ഥലം മാത്രമല്ല നഷ്ടമാകുന്നത്.
ഒരു സമൂഹം ദുർബലമാകുകയും ജീവിക്കുന്ന പാരമ്പര്യം അപകടത്തിലാകുകയും സഭയുടെ സാന്നിധ്യം കുറയുകയും ചെയ്യുന്നുവെന്ന് പാപ്പ ചൂണ്ടിക്കാട്ടി. പ്രതിസന്ധികൾക്കിടയിലും ക്രൈസ്തവ സമൂഹങ്ങൾക്ക് തങ്ങളുടെ നാട്ടിൽ തന്നെ തുടരാനും വിശ്വാസജീവിതം മുന്നോട്ടുകൊണ്ടുപോകാനും സഹായം ലഭ്യമാക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ഓർമിപ്പിച്ചു.1926-ൽ പതിനൊന്നാം പീയൂസ് മാർപാപ്പ സ്ഥാപിച്ച കാത്തലിക് നിയർ ഈസ്റ്റ് വെൽഫെയർ അസോസിയേഷന്റെ നൂറാം വാർഷികത്തോടനുബന്ധിച്ചായിരുന്നു കൂടിക്കാഴ്ച.
മധ്യപൗരസ്ത്യദേശം, വടക്കുകിഴക്കൻ ആഫ്രിക്ക, ഇന്ത്യ, കിഴക്കൻ യൂറോപ്പ് എന്നിവിടങ്ങളിലെ പൗരസ്ത്യ കത്തോലിക്കാ സമൂഹങ്ങൾക്ക് സംഘടന സഹായം നൽകിവരുന്നു. വത്തിക്കാൻ സിറ്റി സ്റ്റേറ്റ് ഗവർണറേറ്റ് പ്രസിഡന്റ് സിസ്റ്റർ റഫായേല പെട്രിനി, ന്യൂയോർക്ക് ആർച്ച് ബിഷപ്പ് റൊണാൾഡ് ഹിക്സ് തുടങ്ങിയവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

