ഡോ. നവ്യ മേരി കുര്യന്(എന്‍ഡോക്രൈനോളജിസ്റ്റ്, ലൂര്‍ദ് ആശുപത്രി)
ഒരുകാലത്ത് പ്രമേഹം പ്രായാധിക്യത്തിന്റെ ഒരു ലക്ഷണമായാണ് നാം കണ്ടിരുന്നത്. എന്നാല്‍ ഇന്ന് സ്ഥിതി വ്യത്യസ്തമാണ്. മുപ്പതുകളിലും, നാല്പതുകളിലും മാത്രമല്ല, ഇരുപതുകളിലും കൗമാരപ്രായത്തിലും വരെ ടൈപ്പ് 2 പ്രമേഹം കണ്ട് തുടങ്ങിയിരിക്കുന്നു. ഇതാണ് യങ്ങ്് ഓണ്‍സെറ്റ് ഡയബറ്റിസ് അഥവാ ചെറുപ്രായത്തില്‍ ആരംഭിക്കുന്ന പ്രമേഹം. പ്രമേഹം നേരത്തെ തുടങ്ങുന്നത് രോഗകാലാവധി വര്‍ധിപ്പിക്കുന്നു. അതിനാല്‍ ഹൃദയം, വൃക്കകള്‍, കണ്ണുകള്‍, നാഡിഞരമ്പുകള്‍ തുടങ്ങിയ അവയവങ്ങളില്‍ സങ്കീര്‍ണതകള്‍ ഉണ്ടാകാനുളള സാധ്യതയും വര്‍ധിക്കുന്നു. അനിയന്ത്രിതമെങ്കില് പതിനഞ്ചു വര്‍ഷത്തിനകം മേല്പറഞ്ഞ അവയവങ്ങളില്‍ ഗുരുതരമായ മാറ്റങ്ങള്‍ ഉണ്ടാകാന്‍ 50 ശതമാനത്തിനു മുകളില്‍ സാധ്യത ഉണ്ട്്. അതുകൊണ്ടുതന്നെ ചെറുപ്രായത്തിലെ പ്രമേഹത്തെ ഗൗരവമായി കാണേണ്ടതുണ്ട്.എന്തുകൊണ്ടാണ് ചെറുപ്രായത്തില്‍ പ്രമേഹം കൂടുന്നത്?ശാരീരിക അധ്വാനം കുറഞ്ഞ ജീവിതം, മണിക്കൂറുകളോളമുളള സ്ക്രീന്‍ ടൈം, വ്യായാമക്കുറവ്, ഉറക്കക്കുറവ്, മാനസികസമ്മര്‍ദ്ദം എന്നിവയെല്ലാം കാരണങ്ങളാണ്. ഇതോടൊപ്പം കലോറി ഡെന്‍സിറ്റി അധികമുളള സംസ്കരിച്ച ഭക്ഷണരീതിയും പ്രശ്നം വഷളാക്കുന്നു. പ്രത്യേകിച്ച് ഇന്ത്യക്കാരില്‍ വയറിന് ചുറ്റും കൊഴുപ്പ് അടിഞ്ഞു കൂടുന്ന പ്രവണത കൂടുതലാണ്. ശാരീരഭാരം സാധാരണ നിലയിലാണെങ്കിലും വയറിന് ചുറ്റും കൊഴുപ്പ് കൂടുതല്‍ ഉളളവരില്‍ ഇന്‍സുലിന്‍ പ്രതിരോധം ഉണ്ടാകാം. പുറത്തുനിന്നും മെലിഞ്ഞതായി തോന്നുന്ന ഒരാള്‍ക്കും പ്രമേഹ സാധ്യത ഉണ്ടെന്നതാണ് യാഥാര്‍ഥ്യം. ഇതിനെ തിന് ഫാറ്റ് അവസ്ഥ എന്നു വിളിക്കുന്നു. കുടുംബത്തില്‍ പ്രമേഹമുളളവര്‍, ഗര്‍ഭകാലത്ത് പ്രമേഹം ഉണ്ടായിരുന്ന അമ്മമാര്‍, അമിതവണ്ണമുളളവര്‍, പിസിഒഡി ഉള്ള സ്ത്രീകള്‍ എന്നിവര്‍ക്കും സാധ്യത കൂടുതലാണ്.പ്രമേഹത്തിനു മുന്നറിയിപ്പ്പ്രമേഹത്തിലേക്കുളള യാത്ര പലപ്പോഴും പ്രീ ഡയബറ്റീസ് എന്ന ഘട്ടത്തിലൂടെയാണ്. ഈ ഘട്ടത്തില്‍ രക്തത്തിലെ പഞ്ചസാര കൂടുതലാണെങ്കിലും പ്രമേഹത്തിന്റെ പരിധിയില്‍ എത്തിയിട്ടുണ്ടാകില്ല. പ്രത്യേകിച്ച് ശ്രദ്ധിക്കേണ്ട കാര്യം : പ്രീഡയബറ്റിസ് ഒരു മുന്നറിയിപ്പാണ്. ജീവിത ശൈലിയില്‍ മാറ്റം വരുത്തിയാല്‍ പലരിലും ടൈപ്പ് 2 പ്രമേഹം തടയാനോ വൈകിപ്പിക്കാനോ കഴിയും ലക്ഷണങ്ങള്‍ക്കായി കാത്തു നില്‍ക്കരുത്. അപകടസാധ്യത ഉള്ളവര്‍ കൃത്യമായ ഇടവേളകളില്‍ രക്തത്തിലെ പഞ്ചസാര പരിശോധിക്കണം.പ്രതിരോധം നമ്മുടെ കയ്യില്ദിവസവും കുറഞ്ഞത് 30 മിനിറ്റ് വേഗത്തിലുളള നടത്തം ശീലമാക്കണം. ആഴ്ചയില്‍ കുറഞ്ഞത് 150 മിനിറ്റ് വ്യായാമം ലക്ഷ്യമിടുക. ഭക്ഷണത്തില്‍ പച്ചക്കറികള്‍, പയര്‍ വര്‍ഗ്ഗങ്ങള്‍, മുഴുവന്‍ ധാന്യങ്ങള്‍, ആവശ്യത്തിന് പ്രോട്ടീന്‍ എന്നിവ ഉള്‍പ്പെടുത്തുക. മതിയായ ഉറക്കവും, ആരോഗ്യകരമായ ശരീരഭാരവും നിലനിര്‍ത്തുക. പ്രത്യേകിച്ച് കുട്ടികളിലും കൗമാരക്കാരിലും കളിയും, കായിക പ്രവര്‍ത്തനങ്ങളും പ്രോത്സാഹിപ്പിക്കണം. സജീവമായ ജീവിതശൈലി വളര്‍ത്തിയെടുക്കണം.

