വാഷിംഗ്ടൺ: നൈജീരിയയിലെ ക്രൈസ്തവ സമൂഹത്തിനു നേരെ തുടരുന്ന അതിക്രമങ്ങൾ വലിയ ആശങ്കയുണ്ടാക്കുന്നതാണെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്. ക്രൈസ്തവർക്കെതിരായ ആക്രമണങ്ങൾ തടയുന്നതിനും കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിനും നൈജീരിയൻ അധികൃതരുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും യു.എസ് വ്യക്തമാക്കി.
മതസ്വാതന്ത്ര്യത്തിന്റെ ഗുരുതരമായ ലംഘനങ്ങൾ നടക്കുന്ന രാജ്യമായി നൈജീരിയയെ വിലയിരുത്തി പ്രത്യേക ശ്രദ്ധ അർഹിക്കുന്ന രാജ്യങ്ങളുടെ (CPC) പട്ടികയിൽ ഉൾപ്പെടുത്താനുള്ള ട്രംപ് ഭരണകൂടത്തിന്റെ തീരുമാനത്തിന് ഒരു വർഷം പിന്നിടുമ്പോഴാണ് യു.എസിന്റെ പുതിയ പ്രതികരണം.കഴിഞ്ഞ നവംബറിൽ നൈജീരിയയിലെ ക്രൈസ്തവർക്കെതിരായ അതിക്രമങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ സൈനിക നടപടി സ്വീകരിക്കേണ്ടിവരുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.
എന്നാൽ തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നൈജീരിയയെ പ്രത്യേക ശ്രദ്ധ അർഹിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയതെന്നായിരുന്നു നൈജീരിയൻ സർക്കാരിന്റെ പ്രതികരണം.അമേരിക്കൻ കോൺഗ്രസ് പാനലിൽ സംസാരിക്കവെ, ക്രൈസ്തവ സമൂഹത്തിനു നേരെയുള്ള അക്രമങ്ങൾ തടയുന്നതും കുറ്റവാളികൾക്കെതിരെ നടപടിയെടുക്കുന്നതും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ ഉയർന്ന മുൻഗണനകളിലൊന്നാണെന്ന് അസിസ്റ്റന്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഫ്രാങ്ക് ഗാർഷ്യ വ്യക്തമാക്കി. വിഷയത്തിൽ നൈജീരിയൻ അധികൃതരുമായി തുടർന്നും ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു.

