ലിമ: തദ്ദേശീയരുടെയും അടിമകളുടെയും അവകാശങ്ങൾക്കായി പോരാടിയ ലിമയുടെ മുൻ ആർച്ച് ബിഷപ്പായ വിശുദ്ധ തുരീബിയൂസിനെ ദേശീയ മനുഷ്യാവകാശ മധ്യസ്ഥനായി പെറു സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
രാജ്യത്തിന്റെ ഔദ്യോഗിക ഗസറ്റായ ‘എൽ പെറുവാനോ’യിൽ പ്രസിദ്ധീകരിച്ച സുപ്രീം ഡിക്രി നമ്പർ 016-2026-JUS പ്രകാരമാണ് അംഗീകാരം. വിശുദ്ധന്റെ ജീവിതവും സാമൂഹിക ഇടപെടലുകളും സംബന്ധിച്ച പഠനങ്ങൾ നടത്താനും അദ്ദേഹത്തിന്റെ പൈതൃകം പൊതുസമൂഹത്തിൽ പ്രചരിപ്പിക്കാനും നീതിന്യായ മന്ത്രാലയത്തിന് ഉത്തരവിൽ നിർദ്ദേശം നൽകിയിട്ടുണ്ട്. രാജ്യാന്തര തലത്തിൽ വിശുദ്ധന്റെ സംഭാവനകൾ പ്രോത്സാഹിപ്പിക്കാൻ വിദേശകാര്യ മന്ത്രാലയത്തെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
എല്ലാ വർഷവും ഏപ്രിൽ 27 അദ്ദേഹത്തിന്റെ പൈതൃക അനുസ്മരണ ദിനമായി ആചരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ലെയോ പതിനാലാമൻ പാപ്പയുടെ പെറു സന്ദർശനത്തിന് മുന്നോടിയായാണ് പ്രഖ്യാപനം ഉണ്ടായത് എന്നത് പ്രത്യേക ശ്രദ്ധയാകർഷിക്കുന്നു. വിശുദ്ധ തുരീബിയൂസിനെ വിശുദ്ധനായി പ്രഖ്യാപിച്ചതിന്റെ 300-ാം വാർഷികാഘോഷങ്ങളുടെ സമാപനച്ചടങ്ങുകൾക്ക് ലാംബയെക്വെ മേഖലയിലെ സാനയിൽ പാപ്പ നേതൃത്വം നൽകുന്നുണ്ട്.
1538 മുതൽ 1606 വരെ ജീവിച്ചിരുന്ന വിശുദ്ധ തുരീബിയൂസ് കൊളോണിയൽ കാലഘട്ടത്തിൽ പെറുവിലെ സഭയുടെ ശ്രദ്ധേയനായ നേതാവായിരുന്നു. ലിമ അതിരൂപതയുടെ ആർച്ച് ബിഷപ്പായിരുന്ന അദ്ദേഹം തദ്ദേശീയ ജനവിഭാഗങ്ങളുടെയും അടിമകളുടെയും അവകാശങ്ങൾക്കും മനുഷ്യാന്തസ്സിനും വേണ്ടി അധികാരികളോട് നിരന്തരം നിലകൊണ്ടു. ദരിദ്രരെ ദോഷകരമായി ബാധിക്കുന്ന ഭരണകൂട തീരുമാനങ്ങളെ ചോദ്യം ചെയ്യാനും അദ്ദേഹം മടിച്ചിരുന്നില്ല.1985-ൽ പെറു സന്ദർശിച്ച വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പ തുരീബിയൂസിനെ ‘മനുഷ്യവ്യക്തിയുടെ അന്തസ്സിന്റെ ധീരനായ സംരക്ഷകൻ’ എന്ന് വിശേഷിപ്പിച്ചിരുന്നു.

