കൊച്ചി : മുനമ്പം തീരത്തെ ഭൂമിയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട കേസ് ഇന്ന് (നവംബർ 12) വഖഫ് ട്രൈബ്യൂണൽ വീണ്ടും പരിഗണിക്കും. 610 കുടുംബങ്ങളുടെ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച നിർണായക നിയമപോരാട്ടത്തിന്റെ തുടർനടപടികൾക്കാണ് ഇന്നത്തെ സിറ്റിങ്ങിൽ പ്രാധാന്യം.
നടപടിക്രമങ്ങൾ പാലിക്കാതെയാണ് മുനമ്പത്തെ സ്വത്തുക്കൾ വഖഫ് രജിസ്റ്ററിൽ ഉൾപ്പെടുത്തിയതെന്നാണ് മുനമ്പം ഭൂസംരക്ഷണ സമിതിക്കുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ജോർജ് പൂന്തോട്ടം പ്രധാനമായും ഉന്നയിച്ച വാദം. ഭൂമി വഖഫ് രജിസ്റ്ററിൽ ഉൾപ്പെടുത്തുന്നതിന് മുമ്പ് താമസക്കാർക്ക് നോട്ടീസ് നൽകിയിരുന്നോ, സർവേ നടത്തിയിരുന്നോ, ഹിയറിങ് നടത്തിയിരുന്നോ, ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നോ തുടങ്ങിയ കാര്യങ്ങളിൽ രേഖകൾ സമർപ്പിക്കണമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ചും വഖഫ് ട്രൈബ്യൂണലും നിർദേശിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട രേഖകൾ ഒരു മാസത്തിനകം ഹാജരാക്കണമെന്നായിരുന്നു ഉത്തരവ്. ട്രൈബ്യൂണൽ ഉന്നയിച്ച ചോദ്യങ്ങൾക്കുള്ള മറുപടിയായുള്ള ഇന്ററോഗേറ്ററീസ് നവംബർ രണ്ടിന് സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും ഇന്നത്തെ സിറ്റിങ്ങിൽ പ്രധാനമായും വാദപ്രതിവാദങ്ങൾ നടക്കുക. തുടർന്ന് മുനമ്പം ഭൂസംരക്ഷണ സമിതിയുടെയും വഖഫ് ബോർഡിന്റെയും ഭാഗത്തുനിന്നുള്ള വിശദമായ വാദങ്ങൾ അവതരിപ്പിക്കും.ഇരുവിഭാഗങ്ങളുടെയും വാദങ്ങൾ പൂർത്തിയായ ശേഷമായിരിക്കും അന്തിമവിധി പ്രസ്താവിക്കുക. എന്നാൽ ഇന്നത്തെ സിറ്റിങ്ങിൽ തന്നെ വിധിയുണ്ടാകാൻ സാധ്യതയില്ല. രണ്ടോ അതിലധികമോ സിറ്റിങ്ങുകൾ കൂടി നടന്നതിനു ശേഷമായിരിക്കും അന്തിമവിധി ഉണ്ടാകുകയെന്നാണ് പ്രതീക്ഷിക്കുന്നത്.

