കൊച്ചി : ബ്ലൂ ഇക്കോണമിയുടെ സാധ്യതകളും വെല്ലുവിളികളും തീരദേശ ജനതയുടെ ജീവിതത്തിലും ഉപജീവനമാർഗങ്ങളിലും സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളും ചർച്ച ചെയ്യുന്നതിനായി കെആർഎൽസിസിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന ‘കടൽ’ കോൺക്ലേവ് സംഘടിപ്പിക്കുന്നു. കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയുടെ (കുഫോസ്) സഹകരണത്തോടെ നവംബർ 21 ശനിയാഴ്ച കുഫോസ് ക്യാമ്പസിലാണ് പരിപാടി.
മൂന്ന് സമാന്തര സെഷനുകളിലായി ആറ് വിഷയാധിഷ്ഠിത സെമിനാറുകളാണ് കോൺക്ലേവിന്റെ ഭാഗമായി നടക്കുന്നത്. പ്രശസ്ത ശാസ്ത്രജ്ഞർ, അക്കാദമിക് വിദഗ്ധർ, സാമൂഹിക പ്രവർത്തകർ എന്നിവർ വിവിധ വിഷയങ്ങളിൽ ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും അറിവുകളും അനുഭവങ്ങളും പങ്കുവയ്ക്കുകയും ചെയ്യും. കേരള സർക്കാരിന്റെ പ്രധാന പദ്ധതിയായ മിഷൻ സമുദ്രയുടെ പശ്ചാത്തലത്തിൽ ബ്ലൂ ഇക്കോണമിയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളും കോൺക്ലേവിൽ ചർച്ചയാകും. സമുദ്രവിഭവങ്ങളുടെ സുസ്ഥിര വിനിയോഗം, തീരദേശ ജനതയുടെ ജീവിതസുരക്ഷ, ഉപജീവനമാർഗങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഗൗരവമായ സംവാദത്തിനും ആശയരൂപീകരണത്തിനും വേദിയൊരുക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.

