റോം: യുദ്ധം, അക്രമം, പ്രകൃതിദുരന്തങ്ങൾ എന്നിവമൂലം സ്വന്തം നാടും വീടും ഉപേക്ഷിക്കേണ്ടിവരുന്ന കുടിയേറ്റക്കാരെയും അഭയാർഥികളെയും ചേർത്തുപിടിക്കാനും അവർക്ക് ആവശ്യമായ സംരക്ഷണം ഉറപ്പാക്കാനും ലെയോ പതിനാലാമൻ പാപ്പ ആഹ്വാനം ചെയ്തു.
അഭയാർഥികളാകേണ്ടിവരുന്ന കുട്ടികളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും പ്രത്യേക പരിഗണന നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നവംബർ 10 മുതൽ 12 വരെ റോമിൽ നടക്കുന്ന അന്താരാഷ്ട്ര കത്തോലിക്കാ കുടിയേറ്റ കമ്മീഷന്റെ (ഐ.സി.എം.സി) പ്ലീനറി സമ്മേളനത്തിന് നൽകിയ സന്ദേശത്തിലാണ് പാപ്പയുടെ ആഹ്വാനം. കുടിയേറ്റക്കാരെയും അഭയാർഥികളെയും തിരിച്ചെത്തുന്നവരെയും സ്വീകരിക്കുകയും സംരക്ഷിക്കുകയും അവരുടെ ജീവിതനിലവാരം ഉയർത്തുകയും ചെയ്യുന്ന സഭയുടെ ദൗത്യം കൂടുതൽ ശക്തിപ്പെടുത്തണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. അഭയാർഥികളാകുന്ന കുട്ടികളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ, പലായനത്തിന് നിർബന്ധിതരാക്കുന്ന സാഹചര്യങ്ങൾ സ്വന്തം രാജ്യങ്ങളിൽത്തന്നെ പരിഹരിക്കാൻ ശ്രമിക്കണം. അതോടൊപ്പം യാത്രയിലുടനീളവും അഭയം തേടിയെത്തുന്ന രാജ്യങ്ങളിലും കുട്ടികൾക്ക് സുരക്ഷിതമായ അന്തരീക്ഷവും ആവശ്യമായ പരിചരണവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും പാപ്പ നിർദേശിച്ചു.
1951-ൽ പീയൂസ് പന്ത്രണ്ടാമൻ മാർപാപ്പയും അന്നത്തെ കർദിനാൾ മോന്തിനിയും (പിന്നീട് പോൾ ആറാമൻ മാർപാപ്പ) അമേരിക്കൻ അല്മായനായ ജെയിംസ് നോറിസും ചേർന്ന് സ്ഥാപിച്ച ഐ.സി.എം.സി.യുടെ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായാണ് സമ്മേളനം നടക്കുന്നത്.ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മെത്രാൻ സമിതികളുടെയും പ്രാദേശിക സഭകളുടെയും പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനത്തിൽ ആഗോള കുടിയേറ്റ സാഹചര്യങ്ങളും സഭയുടെ ഇടപെടലുകളും ചർച്ചയാകും. മറ്റ് വിശ്വാസാധിഷ്ഠിത സംഘടനകളുമായും സിവിൽ സമൂഹവുമായും സഹകരിച്ച് കുടിയേറ്റക്കാരുടെയും അഭയാർഥികളുടെയും മാനുഷിക അന്തസ്സും അവകാശങ്ങളും സംരക്ഷിക്കാൻ പ്രവർത്തിക്കണമെന്നും ലെയോ പാപ്പ ആഹ്വാനം ചെയ്തു.

