ബ്രൂണസ് അയേഴ്സ്: മനുഷ്യന്റെ സ്വാതന്ത്ര്യവും അന്തസ്സും കവർന്നെടുക്കുന്ന ലഹരിയുടെയും സുഖഭോഗങ്ങളുടെയും കെണികളിൽ വീഴരുതെന്ന് യുവജനങ്ങൾക്ക് ലെയോ പതിനാലാമൻ പാപ്പയുടെ ആഹ്വാനം. സ്വാർഥത മനുഷ്യരെ വസ്തുക്കളായി കാണാൻ പ്രേരിപ്പിക്കുന്നുവെന്നും പോണോഗ്രാഫി, ലഹരിമരുന്നുകൾ തുടങ്ങിയവയുടെ വ്യാപാരത്തിലൂടെ മനുഷ്യരെ അടിമകളാക്കുന്ന പ്രവണത ശക്തിപ്പെടുകയാണെന്നും പാപ്പ മുന്നറിയിപ്പ് നൽകി.
നവംബർ പത്തിന് അർജന്റീനയിലെ ബ്യൂണസ് അയേഴ്സിലുള്ള മൊനുമെന്റോ ഡി ലോസ് എസ്പാനിയോൾസ് മൈതാനത്ത് നടന്ന യുവജന ജാഗരണ പ്രാർഥനാ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിതത്തിന് അർത്ഥവും സ്വാതന്ത്ര്യവും നൽകാൻ കഴിയാത്ത ഒന്നിനും മുന്നിൽ തലകുനിക്കരുതെന്ന് യുവജനങ്ങളോട് പാപ്പ ആവശ്യപ്പെട്ടു. ജീവിതത്തിൽ വീഴ്ചകൾ സംഭവിച്ചാലും നിരാശപ്പെടാതെ വീണ്ടും എഴുന്നേൽക്കണം. ദൈവം നൽകിയ സ്വാതന്ത്ര്യം കവർന്നെടുക്കാൻ ആരെയും അനുവദിക്കരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു. സഭ എല്ലാവർക്കും സ്വന്തമായ ഭവനമാണെന്ന് വിശേഷിപ്പിച്ച പാപ്പാ, സംശയങ്ങളും മുറിവുകളും ജീവിതത്തിലെ പരാജയങ്ങളുമായി കടന്നുവരാൻ യുവജനങ്ങളെ ക്ഷണിച്ചു. ജീവിതത്തിലെ പ്രശ്നങ്ങളെല്ലാം പരിഹരിച്ചശേഷമോ പൂർണതയുള്ളവരായി മാറിയശേഷമോ മാത്രമേ സഭയിലേക്ക് വരാവൂ എന്ന ചിന്ത വേണ്ടെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞകാലത്തെ തെറ്റുകളോ വീഴ്ചകളോ ഒരിക്കലും ദൈവ സ്നേഹത്തിൽ നിന്ന് ഒരാളെ അകറ്റുന്നില്ല. വീണ്ടും ജീവിതം ആരംഭിക്കാൻ വൈകിപ്പോയെന്ന് കരുതുന്നവരോടും യേശു സ്നേഹത്തോടെ കാത്തിരിക്കുന്നുവെന്നും ക്രിസ്തുവിനോട് ചേർന്നുനിൽക്കാൻ എല്ലാവർക്കും ഇടമുണ്ടെന്നും പാപ്പാ കൂട്ടിച്ചേർത്തു.

