മാര്ട്ടിന് ജോസ്
തമിഴില്‍നിന്ന് മൂന്ന് വേറിട്ട ചലച്ചിത്രാനുഭവങ്ങള്‍
മലയാള സിനിമ പുതിയ കാലത്തിന്റെ സര്‍ഗാത്മക പരീക്ഷണങ്ങളിലൂടെ വിസ്മയങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. പതിവു കഥാഖ്യാനരീതികളെ മറികടന്ന് ജീവിതത്തിന്റെ സങ്കീര്‍ണതകളിലേക്കും മനുഷ്യബന്ധങ്ങളുടെ ആഴങ്ങളിലേക്കും ക്യാമറ തിരിയുമ്പോള്‍, പ്രാദേശികമായ കഥകള്‍ക്കുപോലും സാര്‍വലൗകികമായ മാനുഷികമാനം കൈവരിക്കാനാകുമെന്ന് നമ്മുടെ പുതുതലമുറ സിനിമാക്കാര് തെളിയിക്കുന്നു. ഈ മുന്നേറ്റങ്ങള്‍ക്കൊപ്പം തമിഴ് സിനിമയില്‍നിന്നും ശ്രദ്ധേയമായ ചില ചലച്ചിത്രാനുഭവങ്ങള്‍ പുറത്തുവരുന്നുണ്ട്.
അവയില്‍ എടുത്തുപറയേണ്ട മൂന്ന് ചിത്രങ്ങളാണ് അടുത്തിടെ പുറത്തിറങ്ങിയ മോദ രാത്രി, ഡൊറോത്തി, ബത്ത എന്നിവ. പ്രമേയത്തിലും ആഖ്യാനത്തിലും വ്യത്യസ്തങ്ങളായ ഈ സിനിമകളെ ബന്ധിപ്പിക്കുന്നത് മനുഷ്യനെ കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കാനുള്ള ശ്രമമാണ്. സമൂഹം മനുഷ്യര്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്ന വേഷങ്ങള്‍, സ്വത്വത്തെ നിഷേധിക്കുന്ന അധികാരഘടനകള്‍, ഭയത്തെ ബഹുമാനമായി തെറ്റിദ്ധരിക്കുന്ന ജീവിതങ്ങള്‍, സ്നേഹത്തിനുവേണ്ടി ഉള്ളില്‍ കാത്തിരിക്കുന്ന മുറിവുകള്‍ ഇവയൊക്കെയാണ് ഈ സിനിമകളുടെ പ്രമേയലോകം.
മോത രാത്രി: വിവാഹത്തിന്റെ വേദിയില്‍ അഭിനയിക്കുന്ന മനുഷ്യര്വിവാഹം രണ്ടു മനുഷ്യര്‍ ഒന്നാകുന്ന സ്നേഹത്തിന്റെ മുഹൂര്‍ത്തമാണ്. എന്നാല്‍ ആ ആഘോഷത്തിന്റെ തിരശ്ശീലയ്ക്കു പിന്നില്‍ എത്രയോ മനുഷ്യര്‍ തങ്ങള്‍ക്കു ലഭിച്ച വേഷങ്ങള്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണെന്ന് ഓര്‍മിപ്പിക്കുന്ന ചിത്രമാണ് രാജ കറുപ്പസ്വാമിയുടെ അരങ്ങേറ്റ സിനിമയായ മോതദ രാത്രി (ആദ്യരാത്രി). വിവാഹവേദിയില്‍ വധുവും വരനും എവിടെ നില്‍ക്കണം, എന്തു ധരിക്കണം, എങ്ങനെ പെരുമാറണം, ക്യാമറയ്ക്കു മുന്നില്‍ എപ്പോള്‍ പുഞ്ചിരിക്കണം എന്നെല്ലാം മറ്റുള്ളവര്‍ തീരുമാനിക്കുന്നു. ആ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് അവര്‍ പുഞ്ചിരിക്കുന്നു. എന്നാല്‍ ആ പുഞ്ചിരികള്ക്കുള്ളില് സന്തോഷമുണ്ടോ? അതോ സമൂഹം ആവശ്യപ്പെടുന്ന വെറുമൊരു പ്രകടനമാണോ? ഈ ചോദ്യത്തിലൂടെയാണ് സിനിമ പ്രേക്ഷകനെ അതിന്റെ പ്രമേയലോകത്തേക്ക് കൂട്ടിക്കൊണ്ടു പോകുന്നത്. മുത്തുവും മരുതുവും തങ്ങള്‍ക്കായി നിശ്ചയിച്ചിരിക്കുന്ന വേഷങ്ങള്‍ അഭിനയിക്കാന്‍ വിസമ്മതിക്കുന്നതോടെ വിവാഹവീട്ടിലെ ആഘോഷം അസ്വസ്ഥതയുടെ അരങ്ങായി മാറുന്നു. മദ്യപിച്ച പുരുഷന്മാരുടെ വഴക്കുകള്‍, ബന്ധുക്കളുടെ നീരസങ്ങള്‍, ജാതിയെക്കുറിച്ചുള്ള ഉത്കണ്ഠകള്‍, ലൈംഗികതയെക്കുറിച്ചുള്ള മുന്‍വിധികള്‍ സാധാരണയായി മറച്ചുവയ്ക്കപ്പെടുന്ന പലതും പുറത്തുവരുന്നു. വിവാഹം രണ്ടു വ്യക്തികളുടെ സ്വകാര്യമായ തീരുമാനമെന്നതിലുപരി കുടുംബത്തിന്റെയും ജാതിയുടെയും സമൂഹത്തിന്റെയും അധികാരപ്രകടനമായി മാറുമ്പോള്‍ വ്യക്തിയുടെ ആഗ്രഹങ്ങള്‍ക്ക് എന്തു സംഭവിക്കുന്നു എന്നതാണ് സിനിമയുടെ ചോദ്യം.പുരുഷന് കരുത്തുള്ളവനായിരിക്കണം, കുടുംബത്തിന്റെ അഭിമാനം കാക്കണം, മറ്റുള്ളവരുടെ മുന്നില്‍ അപര്യാപ്തനായി തോന്നരുത്. സ്ത്രീയാകട്ടെ, സ്വന്തം ആഗ്രഹങ്ങള്‍ മറച്ചുവച്ച് സമൂഹം നിര്‍ദേശിക്കുന്ന ജീവിതവുമായി പൊരുത്തപ്പെടണം. ഒരിക്കല്‍ കായികതാരമാകാന്‍ ആഗ്രഹിച്ചിരുന്ന ഒരു സ്ത്രീക്ക് വിവാഹശേഷം സ്വന്തം സ്വപ്നങ്ങള്‍പോലും മറക്കേണ്ടിവരുന്ന രംഗം ഈ യാഥാര്‍ഥ്യത്തിന്റെ ഹൃദയസ്പര്‍ശിയായ ആവിഷ്കാരമാണ്.അനിഷ്മ അനില്‍കുമാര്‍ അവതരിപ്പിക്കുന്ന മുത്തുവിന്റെ കഥാപാത്രം ഈ നിശബ്ദതയുടെ ആഴം വെളിപ്പെടുത്തുന്നു. മുഖത്തെ പുഞ്ചിരിക്കും ഉള്ളിലെ വേദനയ്ക്കുമിടയിലാണ് അവളുടെ ജീവിതം. സംസാരിക്കാന്‍ ശ്രമിക്കുമ്പോള്‍ നിശബ്ദയാക്കപ്പെടുന്ന അവള് ഒടുവില്‍ നിലവിളിക്കുമ്പോള്‍, വര്‍ഷങ്ങളായി അടക്കിവച്ച വേദനയുടെ കെട്ടുകളാണ് അഴിയുന്നത്. ഋഷികാന്ത് അവതരിപ്പിക്കുന്ന മരുതുവും സ്വന്തം ഭൂതകാലത്തിലെ മുറിവുകളുമായി ജീവിക്കുന്ന മനുഷ്യനാണ്. പരസ്പരം മുറിവേറ്റ രണ്ടു വ്യക്തികള്‍ക്ക് മറ്റൊരാളുടെ സാന്നിധ്യത്തില്‍ ആശ്വാസം കണ്ടെത്താന്‍ കഴിയുമെന്ന ആര്‍ദ്രമായ തിരിച്ചറിവാണ് അവരുടെ ബന്ധത്തിലൂടെ സിനിമ അവതരിപ്പിക്കുന്നത്.ചിരിയും അസ്വസ്ഥതയും വൈകാരികതയും ഒരേ ആഖ്യാനത്തില്‍ ചേര്‍ത്തുവയ്ക്കുന്ന സംവിധായകന്റെ മികവ് എടുത്തുപറയണം. സിനിമയുടെ അവസാനത്തില്‍ മുത്തുവും മരുതുവും വീണ്ടും പുഞ്ചിരിക്കുമ്പോള്‍, അത് തുടക്കത്തിലെ കൃത്രിമപ്പുഞ്ചിരികളല്ല. ഉള്ളില്‍നിന്നുയരുന്ന യഥാര്‍ഥ ചിരിയാണ്. സമൂഹം നിര്‍ദേശിച്ച വേഷങ്ങള്‍ക്കപ്പുറം സ്വന്തം ജീവിതത്തെ തിരിച്ചറിയാനുള്ള ചെറിയൊരു ഇടം അവര്‍ കണ്ടെത്തുന്നു.ഡൊറോത്തി: സ്വത്വത്തെ വിചാരണ ചെയ്യുന്ന സമൂഹംകാര്ത്തിക് സുബ്ബരാജിന്റെ ഡൊറോത്തി ജാതി, ലിംഗസ്വത്വം, ലൈംഗികത, പുരുഷാധിപത്യം തുടങ്ങിയ വിഷയങ്ങളെ അസ്വസ്ഥതയുണര്‍ത്തുന്ന സാമൂഹിക പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന ചിത്രമാണ്. സമൂഹം അംഗീകരിക്കാത്ത സ്വത്വങ്ങളുമായി ജീവിക്കുന്ന മനുഷ്യര്‍ നേരിടുന്ന അപമാനങ്ങളും ഒറ്റപ്പെടുത്തലുകളും സിനിമയുടെ കേന്ദ്രപ്രമേയമാണ്.ഒരാള്‍ ആരെ സ്നേഹിക്കണം, എങ്ങനെ ജീവിക്കണം, സ്വന്തം വ്യക്തിത്വം എങ്ങനെ പ്രകടിപ്പിക്കണം എന്നൊക്കെ തീരുമാനിക്കാനുള്ള അവകാശം കുടുംബത്തിനും സമൂഹത്തിനുമുണ്ടെന്ന ധാരണയാണ് ചിത്രം ചോദ്യം ചെയ്യുന്നത്. ജീവിക്കാനും പ്രണയിക്കാനും ജോലി ചെയ്യാനും തുല്യമായ അവസരം ലഭിക്കേണ്ടത് മനുഷ്യരുടെ അവകാശമാണ്; മറ്റുള്ളവരുടെ ഔദാര്യമല്ല.പുരുഷന്മാര് കരയരുതെന്നും ദൗര്‍ബല്യം പ്രകടിപ്പിക്കരുതെന്നും പഠിപ്പിക്കുന്ന സാമൂഹിക ചട്ടങ്ങള്‍ വിഷലിപ്തമായ പുരുഷാധിപത്യത്തെ എങ്ങനെ വളര്‍ത്തുന്നുവെന്നും ചിത്രം വ്യക്തമാക്കുന്നു. സ്ത്രീകളുടെമേല്‍ അധികാരം സ്ഥാപിക്കുന്നതിലും വ്യത്യസ്തമായ ലൈംഗിക-ലിംഗസ്വത്വങ്ങളെ അപമാനിക്കുന്നതിലും ഈ അധികാരബോധം പ്രകടമാകുന്നു.തമിഴ്നാട്ടിലെ ഏതെങ്കിലും ഒരു ഗ്രാമത്തിന്റെ മാത്രം കഥയല്ല ഡൊറോത്തി പറയുന്നത്. കേരളത്തിലെ പ്രബുദ്ധതയെക്കുറിച്ച് അഭിമാനിക്കുന്നവര്ക്കുപോലും ഈ സിനിമ ആത്മപരിശോധനയ്ക്ക് അവസരമൊരുക്കും. ഇരട്ട ലൈംഗിക വ്യക്തികളെ പരിഹസിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന സാമൂഹികമാധ്യമ ഇടപെടലുകള്‍ നമ്മുടെ സമൂഹത്തിന്റെ യഥാര്‍ഥ മുഖം വെളിപ്പെടുത്തുന്നുണ്ട്. മതവിശ്വാസത്തിന്റെ പേരില്‍ മനുഷ്യരെ അപമാനിക്കുന്ന പ്രവണതയും ഗൗരവമായി പരിശോധിക്കപ്പെടേണ്ടതാണ്.ഋഷികാന്തും സനന്തും മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. കുട്ടികളുടെ കഥാപാത്രങ്ങളില്‍ സുബ്ബു ജൂനിയറിന്റെ അഭിനയം ശ്രദ്ധേയമാണ്. ടൈറ്റില്‍ കഥാപാത്രമായ ഡൊറോത്തിയായി കീര്‍ത്തി സുരേഷും എത്തുന്നു. പഴയ തമിഴ് ഗാനങ്ങളും ഇളയരാജയുടെ സംഗീതസ്മരണകളും ‘നായകന്’, ‘മൗനരാഗം’ തുടങ്ങിയ സിനിമകളിലേക്കുള്ള സൂചനകളും ചിത്രത്തിന് കാലഘട്ടത്തിന്റെ പശ്ചാത്തലം നല്കുന്നു.ഇരട്ട ലൈംഗിക മനുഷ്യരെ അവരുടെ സ്വത്വത്തോടെ അംഗീകരിക്കുന്നവരെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്ന ‘ഫ്രണ്ട്സ് ഓഫ് ഡൊറോത്തി’ എന്ന പ്രയോഗം സിനിമയുടെ മാനുഷികസന്ദേശവുമായി ചേര്ന്നുനില്ക്കുന്നു. ഒരാള്‍ ആരാണെന്ന് തുറന്നുപറയാന്‍ ഭയപ്പെടേണ്ടിവരാത്ത ഒരു കാലം ഉണ്ടാകണം. അതുവരെ മറ്റുള്ളവരുടെ ജീവിതത്തെ വിധിക്കാതെ അവരെ മനുഷ്യരായി അംഗീകരിക്കാന്‍ നമുക്കെങ്കിലും കഴിയണം.ബത്ത: ഭയത്തിന്റെ കോട്ടയില്‍ സ്നേഹം തുറക്കുന്ന വാതില്മോത രാത്രിയും ഡൊറോത്തിയും സമൂഹത്തിന്റെ അധികാരഘടനകളെ ചോദ്യം ചെയ്യുമ്പോള്‍, ബത്ത മനുഷ്യന്റെ ഉള്ളിലെ മുറിവുകളിലേക്കാണ് ക്യാമറ തിരിക്കുന്നത്. ഭയത്തെ ബഹുമാനമായി തെറ്റിദ്ധരിച്ച ഒരു റൗഡിയുടെ ജീവിതത്തിലേക്ക് ഒരു കൊച്ചുകുട്ടിയുടെ നിഷ്കളങ്കത കടന്നുചെല്ലുമ്പോള്‍ സംഭവിക്കുന്ന വൈകാരികമായ പരിവര്‍ത്തനമാണ് ചിത്രത്തിന്റെ കാതല്‍.1986-ലെ ഗ്രാമീണ പശ്ചാത്തലത്തില്‍ കഥ പറയുന്ന സിനിമയുടെ തുടക്കം ഒരു പതിവു തമിഴ് ആക്ഷന്ചിത്രത്തെ ഓര്‍മിപ്പിക്കുന്നു. ഭക്തവത്സലം എന്ന പേരില്‍നിന്ന് ബത്തയിലേക്കുള്ള നായകന്റെ വളര്‍ച്ചയ്ക്കു പിന്നില്‍ ബാല്യത്തിലെ മുറിവുകളുണ്ട്. ചെറുപ്പത്തിലേ അമ്മയെ നഷ്ടപ്പെട്ട അവന് മദ്യപാനിയായ അച്ഛന്റെയും പരിഹസിക്കുന്ന കൂട്ടുകാരുടെയും നടുവിലാണ് വളര്‍ന്നത്. അപമാനങ്ങളില്‍നിന്ന് രക്ഷപ്പെടാന്‍ അവന് കണ്ടെത്തിയ വഴി അക്രമമായിരുന്നു. അങ്ങനെ നാട്ടുകാരുടെ പേടിസ്വപ്നമായി മാറിയെങ്കിലും അയാളുടെ ഉള്ളില്‍ ഇപ്പോഴും മുറിവേറ്റ ഒരു കുട്ടി ജീവിക്കുന്നുണ്ട്.ശബരി എന്ന കൊച്ചുകുട്ടി അവിചാരിതമായി ബത്തയെ സ്കൂളിലെ ശൗചാലയത്തില്‍ പൂട്ടിയിടുന്നതോടെയാണ് കഥയുടെ ഗതി മാറുന്നത്. തുടക്കത്തില്‍ കരുത്തിന്റെയും അക്രമത്തിന്റേയും പ്രകടനമായി തോന്നിയിരുന്ന സിനിമ പെട്ടെന്ന് കുട്ടികളുടെ കണ്ണുകളിലൂടെ ലോകത്തെ കാണാന്‍ തുടങ്ങുന്നു. എട്ടോ ഒന്‍പതോ വയസ്സുള്ള ശബരിയുടെ മനസ്സില്‍ കെട്ടിക്കിടക്കുന്ന വലിയൊരു രഹസ്യവും അതുണ്ടാക്കുന്ന സമ്മര്‍ദവും ചിത്രത്തിന് വൈകാരികമായ ആഴം നല്കുന്നു.സായി പൃഥ്വിരാജ് അവതരിപ്പിക്കുന്ന ശബരി സിനിമയുടെ ആത്മാവാണ്. നിഷ്കളങ്കത, പേടി, ധൈര്യം, കുറ്റബോധം, സ്നേഹം, ദയ എന്നിങ്ങനെ പല വികാരങ്ങളിലൂടെ കടന്നുപോകുന്ന ആ മുഖം പ്രേക്ഷകന്റെ മനസ്സില്‍ പതിയുന്നു. അവസാനത്തെ കുമ്പസാരരംഗം ഹൃദയത്തെ സ്പര്‍ശിക്കുന്നതാണ്. വിജയ് സേതുപതി ബത്തയായി മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ലിജോമോള്‍ ജോസിന്റെ കഥാപാത്രവും ശ്രദ്ധേയമാണ്.താന്‍ തല്ലുന്ന ഓരോ മനുഷ്യനും ഒരു കുടുംബമുണ്ടെന്നും അവര്‍ക്കും സ്വന്തം മകളെപ്പോലെ സ്നേഹിക്കപ്പെടാനുള്ള അവകാശമുണ്ടെന്നും ബത്ത തിരിച്ചറിയുന്നു. നാട്ടുകാര്‍ തന്നോട് കാണിക്കുന്നത് ബഹുമാനമല്ല, ഭയമാണെന്ന തിരിച്ചറിവും അയാളുടെ ജീവിതത്തെ മാറ്റിമറിക്കുന്നു. ഭയത്തിന്റെ പേരില്‍ നേടിയെടുക്കുന്ന ബഹുമാനത്തേക്കാള്‍ സ്നേഹത്തിലൂടെ രൂപപ്പെടുന്ന ബന്ധങ്ങള്‍ക്കാണ് യഥാര്‍ഥ മൂല്യമെന്ന് ചിത്രം ഓര്‍മിപ്പിക്കുന്നു.ഒരു റൗഡിയെ മാറ്റാന്‍ വമ്പന്‍ പ്രസംഗങ്ങളോ അധികാരപ്രയോഗങ്ങളോ ആവശ്യമില്ല. ഒരു കുട്ടിയുടെ നിഷ്കളങ്കമായ സ്നേഹവും കരുതലും മതി. ബത്തയെ ശബരി രക്ഷിക്കുന്നത് മരണത്തില്‍നിന്നു മാത്രമല്ല; സ്നേഹരാഹിത്യത്തില്‍ കടുപ്പം വന്നുപോയ അയാളുടെ ഉള്ളിലെ മനുഷ്യനെയും തിരിച്ചുകൊണ്ടുവരികയാണ്. ജീവിതത്തില്‍ ദേഷ്യത്തിനും പ്രതികാരത്തിനും വേണ്ടി സമയം പാഴാക്കാതെ, ലഭിക്കുന്ന രണ്ടാമത്തെ അവസരം പ്രയോജനപ്പെടുത്തണമെന്ന ലളിതമായ സന്ദേശവും ചിത്രം നല്കുന്നു.ഈ മൂന്ന് സിനിമകളെയും ചേര്‍ത്തുവായിക്കുമ്പോള്‍ തമിഴ് സിനിമയിലെ ശ്രദ്ധേയമായ ഒരു സര്‍ഗാത്മക പ്രവണത തിരിച്ചറിയാനാകും. മോത രാത്രിയില്‍ വിവാഹത്തിന്റെ വേദിയില്‍ മനുഷ്യര്‍ അഭിനയിക്കുന്ന വേഷങ്ങളാണ് പ്രമേയം. ഡൊറോത്തിയില്‍ സമൂഹം അംഗീകരിക്കാത്ത സ്വത്വങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന അധികാരമാണ് കേന്ദ്രവിഷയം. ബത്തയില്‍ ഭയത്തിന്റെ മറവില്‍ ജീവിക്കുന്ന ഒരു മനുഷ്യന്റെ ഉള്ളിലെ മുറിവുകളെ സ്നേഹം സുഖപ്പെടുത്തുന്നു.മൂന്നു സിനിമകളും മനുഷ്യനെ പുറമേ കാണുന്നതുപോലെയല്ല, ഉള്ളിലേക്ക് ഇറങ്ങിച്ചെന്ന് കാണാനുള്ള ശ്രമങ്ങളാണ്. സമൂഹത്തിന്റെ സമ്മര്‍ദങ്ങള്‍ക്കു കീഴില്‍ മനുഷ്യര്‍ എങ്ങനെയെല്ലാം മാറുന്നു, സ്വന്തം ആഗ്രഹങ്ങളെ എങ്ങനെ അടിച്ചമര്‍ത്തുന്നു, അധികാരവും ഭയവും ബന്ധങ്ങളെ എങ്ങനെ വിഷലിപ്തമാക്കുന്നു എന്നെല്ലാം ഈ സിനിമകള്‍ ചോദ്യം ചെയ്യുന്നു.മലയാള സിനിമ പുതിയ തലമുറയുടെ പരീക്ഷണങ്ങളിലൂടെ മുന്നേറുമ്പോള്‍ തമിഴില്‍നിന്നുള്ള ഇത്തരം ചിത്രങ്ങളും ശ്രദ്ധിക്കപ്പെടേണ്ടതാണ്. ഒരു ഭാഷയിലെ സിനിമ മറ്റൊരു ഭാഷയിലേതിനെക്കാള് മികച്ചതാണെന്ന് തെളിയിക്കുന്നതിലല്ല കാര്യം. ഓരോ ഭാഷയിലെയും ചലച്ചിത്രകാരന്മാര് സ്വന്തം സമൂഹത്തിന്റെ ജീവിതത്തെ എത്ര ആത്മാര്‍ഥമായും ധൈര്യത്തോടെയും സമീപിക്കുന്നു എന്നതാണ് പ്രധാനം. പ്രാദേശികമായ ജീവിതപരിസരങ്ങളില്‍നിന്ന് സാര്‍വലൗകികമായ മനുഷ്യാനുഭവങ്ങളിലേക്ക് കടന്നുചെല്ലുമ്പോഴാണ് സിനിമ അതിന്റെ അതിരുകള്‍ മറികടക്കുന്നത്.ഒരു സിനിമയുടെ വിജയം ബോക്സ് ഓഫീസ് കണക്കുകളില്‍ മാത്രം അളക്കാനാവില്ല. തീയറ്ററില്‍നിന്ന് പുറത്തിറങ്ങിയ ശേഷവും ഒരു രംഗം നമ്മെ പിന്തുടരുകയും ഒരു കഥാപാത്രത്തിന്റെ നിശബ്ദത നമ്മുടെ ഉള്ളില്‍ മുഴങ്ങുകയും ചെയ്യുന്നുവെങ്കില്‍ ആ സിനിമ അതിന്റെ ദൗത്യം നിര്‍വഹിച്ചുകഴിഞ്ഞു. മനുഷ്യനെ കൂടുതല്‍ കരുണയോടെ കാണാന്‍ നമ്മെ പ്രേരിപ്പിക്കുന്ന ഇത്തരം സിനിമകളുടെ യഥാര്‍ഥ വിജയം അതുതന്നെയാണ്.

