വത്തിക്കാൻ സിറ്റി: പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം ആദ്യമായി ദക്ഷിണ അമേരിക്കയിലേക്ക് അപ്പസ്തോലിക സന്ദര്‍ശനം നടത്താന്‍ ലെയോ പതിനാലാമന്‍ പാപ്പ. നവംബര്‍ ആറിന് റോമില്‍നിന്ന് യാത്രതിരിക്കുന്ന അദ്ദേഹം ഉറുഗ്വേ, അര്‍ജന്റീന എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചശേഷം പെറുവിലെത്തും. ഏകദേശം ഇരുപതു വര്‍ഷത്തോളം മിഷനറിയായും മെത്രാനായും സേവനം ചെയ്ത പെറുവിലേക്കുള്ള മടക്കം ഈ സന്ദര്‍ശനത്തിന്റെ ഏറ്റവും ശ്രദ്ധേയമായ സവിശേഷതയാണ്.
മുന്‍കാല പാപ്പമാരുടെ വിദേശസന്ദര്ശനങ്ങളിലേതുപോലെ അജപാലനപരവും രാഷ്ട്രീയപരവുമായ വിവിധ പരിപാടികള്‍ യാത്രയുടെ ഭാഗമായിരിക്കും. രാഷ്ട്രത്തലവന്മാരുമായും പ്രമുഖ വ്യക്തികളുമായും കൂടിക്കാഴ്ചകള്‍, മെത്രാന്മാര്, വൈദികര്‍, സന്യസ്തര്‍ എന്നിവരെ അഭിസംബോധന ചെയ്തുള്ള പ്രഭാഷണങ്ങള്‍, വലിയ പൊതുദിവ്യബലികള്‍, യുവജനസംഗമങ്ങള്‍, സഭയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സ്ഥാപനങ്ങളിലെ സന്ദര്‍ശനങ്ങള്‍ എന്നിവ യാത്രയിലുണ്ടാകും. എന്നാല്‍ ഈ സന്ദര്‍ശനത്തെ അസാധാരണമാക്കുന്ന രണ്ടു പ്രധാന സവിശേഷതകളുണ്ട്. ഒന്നാമതായി, ശ്വാസകോശാര്‍ബുദത്തെത്തുടര്‍ന്ന് ശസ്ത്രക്രിയയ്ക്കു വിധേയനായിട്ട് മൂന്നാഴ്ചയിലേറെ മാത്രം പിന്നിടുമ്പോഴാണ് പാപ്പ ഈ യാത്ര നടത്തുന്നത്. കൂടുതല്‍ ചികിത്സ ആവശ്യമില്ലെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുള്ളതെങ്കിലും, 40-ലധികം പൊതുപരിപാടികളും സ്വകാര്യ കൂടിക്കാഴ്ചകളും ഉള്‍പ്പെടുന്ന വിപുലമായ യാത്രാപരിപാടിയില്‍ മാറ്റം വരുത്താന്‍ അദ്ദേഹം തയ്യാറായിട്ടില്ലെന്നത് ശ്രദ്ധേയമാണ്.14 നഗരങ്ങളും പട്ടണങ്ങളും സന്ദര്‍ശിക്കുന്ന യാത്രയില്‍ സമുദ്രനിരപ്പില്‍നിന്ന് 11,000 അടിയിലേറെ ഉയരത്തിലുള്ള പെറുവിലെ കുസ്കോ നഗരവും ഉള്‍പ്പെടുന്നു.
ഉയര്‍ന്ന പ്രദേശങ്ങളിലേക്കുള്ള യാത്ര ആരോഗ്യപരമായ വെല്ലുവിളികള്‍ സൃഷ്ടിക്കാമെന്നിരിക്കെ, സന്ദര്‍ശനപരിപാടികളില്‍ കുറവു വരുത്താത്ത പാപ്പയുടെ തീരുമാനം ശ്രദ്ധേയമാണ്.ഈ യാത്രയുടെ മറ്റൊരു സവിശേഷത അതിന്റെ വ്യക്തിപരമായ പ്രാധാന്യമാണ്. 11 ദിവസത്തെ സന്ദര്‍ശനത്തില്‍ അഞ്ചു ദിവസവും അദ്ദേഹം പെറുവില്‍ ചെലവഴിക്കും. അതില്‍ രണ്ടു ദിവസം അദ്ദേഹം മുമ്പ് മെത്രാനായി സേവനം ചെയ്തിരുന്ന ചിക്ലായോ രൂപതയിലായിരിക്കും.അമേരിക്കയില്‍ ജനിച്ച ആദ്യ പാപ്പയായ ലെയോ പതിനാലാമന്‍ പെറുവിന്റെ പൗരത്വവും സ്വീകരിച്ചിട്ടുണ്ട്. വൈദികനായിരുന്ന തന്റെ 43 വര്‍ഷത്തെ ജീവിതത്തില്‍ ഏതാണ്ട് പകുതിയോളം അദ്ദേഹം ചെലവഴിച്ചത് പെറുവിലായിരുന്നു. നൂറ്റാണ്ടുകള്‍ക്കുശേഷം വിദേശരാജ്യത്ത് മിഷനറിയായി സേവനം ചെയ്ത അനുഭവമുള്ള ആദ്യ പാപ്പയാണ് അദ്ദേഹം. ആ അനുഭവം അദ്ദേഹത്തിന്റെ വ്യക്തിത്വത്തെയും ആത്മീയദര്ശനത്തെയും രൂപപ്പെടുത്തിയതില്‍ നിര്‍ണായകമാണ്.

