ആഗോള കത്തോലിക്കാ സഭയുടെ വളർച്ചയിൽ ഏറ്റവും വലിയ സംഭാവന നൽകുന്ന ഭൂഖണ്ഡമായി ആഫ്രിക്ക. വിശ്വാസികളുടെ എണ്ണത്തിലുണ്ടായ വർധനയ്ക്കൊപ്പം വൈദികരുടെയും സെമിനാരി വിദ്യാർഥികളുടെയും എണ്ണത്തിലുണ്ടായ മുന്നേറ്റവും ആഫ്രിക്കൻ സഭയുടെ വളർച്ചയുടെ ആഴം വ്യക്തമാക്കുന്നു.ലോകമെമ്പാടുമുള്ള കത്തോലിക്കാ വിശ്വാസികളുടെ എണ്ണം 140 കോടിയായി ഉയർന്നതായി പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. മുൻവർഷത്തെ അപേക്ഷിച്ച് 1.58 കോടിയുടെ വർധനയാണ് രേഖപ്പെടുത്തിയത്.
ഇതിൽ 75.8 ലക്ഷം പേരുടെ വർധനയുമായി ആഫ്രിക്ക ഒന്നാമതെത്തി. അമേരിക്കൻ ഭൂഖണ്ഡങ്ങളിൽ 69.9 ലക്ഷം പേരുടെ വർധനയുണ്ടായി.വൈദികരുടെ എണ്ണത്തിലെ വർധനയിലും ആഫ്രിക്ക ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. ആഗോളതലത്തിൽ വൈദികരുടെ എണ്ണത്തിലുണ്ടായ ആകെ വർധന 425 മാത്രമായിരിക്കെ ആഫ്രിക്കയിൽ 1,676 വൈദികർ അധികമായി. സെമിനാരി വിദ്യാർഥികളുടെ എണ്ണത്തിൽ വർധന രേഖപ്പെടുത്തിയ ഏക ഭൂഖണ്ഡവും ആഫ്രിക്കയാണ്. ഇവിടെ 786 വിദ്യാർഥികളുടെ വർധനയുണ്ടായി.കുടുംബങ്ങളിലെ വിശ്വാസജീവിതം, മതബോധന പ്രവർത്തനങ്ങൾ, മിഷനറി സാന്നിധ്യം, അജപാലന ശുശ്രൂഷകൾ എന്നിവയാണ് ഈ വളർച്ചയുടെ പ്രധാന അടിത്തറകൾ. വിശ്വാസികളുടെ എണ്ണത്തിലെ വർധനയ്ക്കപ്പുറം ദൈവവിളികളിലും സഭാശുശ്രൂഷകളിലും ആഫ്രിക്ക കൈവരിക്കുന്ന മുന്നേറ്റം ആഗോള കത്തോലിക്കാ സഭയുടെ ഭാവിയിൽ ഭൂഖണ്ഡത്തിനുള്ള നിർണായക പങ്കാണ് അടയാളപ്പെടുത്തുന്നത്.

