വത്തിക്കാൻ: 41-ാമത് ആഗോള യുവജന ദിനത്തോടനുബന്ധിച്ച് ലെയോ പതിനാലാമൻ പാപ്പായുടെ സന്ദേശം പ്രസിദ്ധീകരിച്ചു. ‘പ്രിയ യുവാക്കളേ’ എന്ന വാത്സല്യപൂർണമായ അഭിസംബോധനയോടെയാണ് പാപ്പാ സന്ദേശം ആരംഭിക്കുന്നത്.
ദൈവം ഓരോ യുവജനത്തെയും അറിയുകയും സ്നേഹിക്കുകയും ജീവിതയാത്രയിൽ അനുഗമിക്കുകയും ചെയ്യുന്നുവെന്ന് പാപ്പാ ഓർമിപ്പിച്ചു. വ്യത്യസ്ത സാഹചര്യങ്ങൾക്കിടയിലും സ്വാതന്ത്ര്യവും സത്യവും തേടാനുള്ള ആഗ്രഹം യുവജനങ്ങളെ ഒരുമിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.നവംബർ 22-ന് പ്രാദേശിക സഭകളിൽ ആചരിക്കുന്ന യുവജനദിനത്തിനും 2027 ഓഗസ്റ്റിൽ ദക്ഷിണ കൊറിയയിലെ സിയോളിൽ നടക്കുന്ന ആഗോള യുവജനസംഗമത്തിനും തയ്യാറെടുക്കുന്ന യുവജനങ്ങൾ, “ധൈര്യമായിരിക്കുവിൻ, ഞാൻ ലോകത്തെ കീഴടക്കിയിരിക്കുന്നു” എന്ന യേശുവിന്റെ വചനം ഹൃദയത്തിൽ സൂക്ഷിക്കണമെന്ന് പാപ്പാ ആഹ്വാനം ചെയ്തു.
ധൈര്യത്തിന്റെ ഉറവിടം ക്രിസ്തുവാണെന്ന് ചൂണ്ടിക്കാട്ടിയ പാപ്പാ, ആദ്യകാല ശിഷ്യന്മാരെപ്പോലെ ഇന്നും പല യുവജനങ്ങളും അനിശ്ചിതത്വവും ഭയവും നേരിടുന്നുണ്ടെന്ന് നിരീക്ഷിച്ചു. ഭാവിയെക്കുറിച്ചുള്ള ആശങ്കകളും സാമൂഹിക സമ്മർദങ്ങളും സമൂഹമാധ്യമങ്ങളുടെ സ്വാധീനവും ജീവിതത്തെ ഭാരപ്പെടുത്തുമ്പോൾ ആത്മാർഥമായ സ്നേഹവും കരുതലും ഏറെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.ഇത്തരം സാഹചര്യങ്ങളിൽ സുവിശേഷം നൽകുന്ന ധൈര്യത്തിന്റെ സന്ദേശം യുവജനങ്ങൾ ഏറ്റെടുക്കണം. കടലിലെ തിരമാലകൾക്കും കാറ്റിനുമിടയിൽ ഭയന്ന ശിഷ്യന്മാരോട് യേശു പറഞ്ഞ “ഇത് ഞാനാണ്, ഭയപ്പെടേണ്ടാ!” (യോഹന്നാൻ 6:20) എന്ന വാക്കുകൾ പാപ്പാ പ്രത്യേകം അനുസ്മരിച്ചു. ഈ ഉറപ്പാണ് ഇന്നത്തെ യുവജനങ്ങൾക്കും നൽകാൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. യഥാർഥ ക്രിസ്തീയ ധൈര്യം ക്രിസ്തുവിൽനിന്നാണ് ഉത്ഭവിക്കുന്നതെന്നും പാപ്പാ സന്ദേശത്തിൽ വ്യക്തമാക്കി.

