റമള്ള: അധിനിവേശ വെസ്റ്റ് ബാങ്കിലെ തയ്ബെ ഗ്രാമം സന്ദർശിക്കാനെത്തിയ യൂറോപ്യൻ നയതന്ത്ര പ്രതിനിധികൾക്കു നേരെ ജൂത കുടിയേറ്റക്കാരുടെ ആക്രമണം. ബെൽജിയം, ഫ്രാൻസ്, പോളണ്ട് എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികളും കത്തോലിക്കാ സഭാ പ്രതിനിധികളും ഉൾപ്പെട്ട സംഘമാണ് ശനിയാഴ്ച ആക്രമണത്തിനിരയായത്.
ഒലിവ് വിളവെടുപ്പിനിടെ പലസ്തീനികൾ നേരിടുന്ന ആക്രമണങ്ങളെക്കുറിച്ച് നേരിട്ട് മനസ്സിലാക്കാനാണ് സംഘം ഗ്രാമത്തിലെത്തിയത്. മുഖംമൂടി ധരിച്ചെത്തിയ അക്രമികൾ പ്രതിനിധികളുടെ വാഹനവ്യൂഹം തടയുകയും ബെൽജിയം കോൺസൽ ജനറലിന്റെ വാഹനത്തിന്റെ ചില്ല് തകർക്കുകയും ചെയ്തു. ഫ്രാൻസിൽ നിന്നുള്ള 78 വയസ്സുള്ള മേയറെയും ഇരുമ്പുവടികൊണ്ട് ആക്രമിച്ച് താഴെയിട്ടു.സംഭവത്തെ ബെൽജിയം സർക്കാർ ശക്തമായി അപലപിച്ചു. ആക്രമണത്തിന് ഉത്തരവാദികളായവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ ഇസ്രയേൽ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. സംഭവത്തിൽ അന്വേഷണം നടത്തിവരികയാണെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു.അതേസമയം, സംഭവത്തിന്റെ യാഥാർഥ്യത്തെക്കുറിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് സംശയം പ്രകടിപ്പിച്ചു. ഇസ്രയേലിന്റെ പ്രതിച്ഛായ തകർക്കാനുള്ള പ്രചാരണത്തിന്റെ ഭാഗമായിരിക്കാം സംഭവമെന്നും ഓഫീസ് പ്രതികരിച്ചു.വെള്ളിയാഴ്ച വെസ്റ്റ് ബാങ്കിലെ മറ്റൊരു ഗ്രാമത്തിൽ ജൂത കുടിയേറ്റക്കാർ നടത്തിയ ആക്രമണത്തിൽ പലസ്തീനികൾക്കും വാഷിങ്ടൺ പോസ്റ്റ് ഫോട്ടോഗ്രാഫർ ഹൈഡി ലെവിക്കും പരിക്കേറ്റിരുന്നു. സംഭവത്തെ അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയും ഇസ്രയേലിലെ യുഎസ് അംബാസഡർ മൈക്ക് ഹക്കബിയും അപലപിച്ചിരുന്നു.

