വത്തിക്കാൻ സിറ്റി: ലോകമെമ്പാടുമുള്ള കത്തോലിക്കാ വിശ്വാസികളുടെ എണ്ണം 142.2 കോടിയായി ഉയർന്നതായി വത്തിക്കാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഫിദസ് പുറത്തുവിട്ട പുതിയ റിപ്പോർട്ട്. ഭൂഖണ്ഡാടിസ്ഥാനത്തിലുള്ള കണക്കുകളിൽ ആഫ്രിക്കയിലെ കത്തോലിക്കാ വിശ്വാസികളുടെ എണ്ണം യൂറോപ്പിലേതിനെ മറികടന്നത് ശ്രദ്ധേയമായി.
റിപ്പോർട്ട് പ്രകാരം, ആഗോള കത്തോലിക്കാ വിശ്വാസികളിൽ 47.7 ശതമാനവും അമേരിക്കൻ ഭൂഖണ്ഡങ്ങളിലാണ്. ഏകദേശം 67.9 കോടി വിശ്വാസികളാണ് ഇവിടെയുള്ളത്. ആഫ്രിക്കയിൽ 28.83 കോടി (20.3%) കത്തോലിക്കാ വിശ്വാസികളുള്ളപ്പോൾ യൂറോപ്പിൽ ഇത് 28.72 കോടിയാണ് (20.2%).അഞ്ചു വർഷത്തിനിടെ ആദ്യമായി ആഗോളതലത്തിൽ പുരോഹിതരുടെ എണ്ണത്തിലും വർധന രേഖപ്പെടുത്തി. മുൻവർഷത്തെ അപേക്ഷിച്ച് 425 പേരുടെ വർധനയോടെ ആകെ വൈദികരുടെ എണ്ണം 4,07,421 ആയി. ആഫ്രിക്കയിലും ഏഷ്യയിലും വൈദികരുടെയും സന്യാസപരിശീലനം നടത്തുന്നവരുടെയും എണ്ണത്തിൽ വർധനയുണ്ടായപ്പോൾ യൂറോപ്പിലും ഓഷ്യാനിയയിലും വൈദികരുടെയും സന്യാസിനികളുടെയും എണ്ണത്തിൽ കുറവുണ്ടായി.
നൂറാമത് ലോക മിഷൻ ഞായറാചരണത്തോടനുബന്ധിച്ചാണ് കത്തോലിക്കാ സഭയുടെ ആഗോള ജനസംഖ്യയെയും സഭാജീവിതത്തെയും സംബന്ധിച്ച പുതിയ സ്ഥിതിവിവരക്കണക്കുകൾ വത്തിക്കാൻ പുറത്തുവിട്ടത്.

