കൊച്ചി: നെടുമ്പാശേരിയിലുണ്ടായ വാഹനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് പ്രതികളുടെയോ അവരുടെ കുടുംബത്തിന്റെയോ സ്വത്ത് കണ്ടുകെട്ടി നഷ്ടപരിഹാരം നൽകണമെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി ആവശ്യപ്പെട്ടു. യഥേഷ്ടം മദ്യശാലകൾക്ക് അനുമതി നൽകുന്ന സർക്കാരിനും ഇത്തരം സംഭവങ്ങളുടെ ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്ന് സമിതി ചൂണ്ടിക്കാട്ടി.
വോട്ടവകാശത്തിനും ഡ്രൈവിങ് ലൈസൻസിനും 18 വയസ്സ് പരിധി നിശ്ചയിച്ചിരിക്കെ, ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് കടുത്ത ശിക്ഷ നൽകുന്നതിന് പ്രായപൂർത്തിയാകണമെന്ന നിബന്ധന പുനഃപരിശോധിക്കണം. മുത്തശ്ശിയെ ആക്രമിച്ച് മുഖത്ത് തിളച്ച വെള്ളമൊഴിച്ച 18 വയസ്സുകാരിയായ അമൃതയ്ക്ക് ജയിൽശിക്ഷയും മദ്യപിച്ച് വാഹനമോടിച്ച് മൂന്നുപേരുടെ മരണത്തിന് കാരണക്കാരനായ സുഹൈലിന് ബോസ്റ്റൽ സ്കൂളിലെ ശിക്ഷയും നൽകുന്ന സമീപനം നീതിപൂർവമല്ലെന്നും സമിതി അഭിപ്രായപ്പെട്ടു.സംസ്ഥാനത്ത് മദ്യം മൂലമുണ്ടാകുന്ന അതിക്രമങ്ങൾ, കൊലപാതകങ്ങൾ, റോഡപകടങ്ങൾ എന്നിവയുടെ കണക്കുകൾ വിശദമായി പരിശോധിച്ചശേഷം മാത്രമേ പുതിയ മദ്യനയം രൂപീകരിക്കാവൂ എന്ന് സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള ആവശ്യപ്പെട്ടു.

