കൊച്ചി: വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ 800-ാം ചരമവാർഷികാഘോഷങ്ങളുടെ ഭാഗമായി എഡ്ഗർ ഫെർണാണ്ടസ് രചനയും സംഗീതസംവിധാനവും നിർവഹിച്ച് കെസ്റ്റർ ആലപിച്ച ‘ആത്മാവിൻ അഗ്നിയായ്’ എന്ന മ്യൂസിക് ആൽബം പ്രകാശനം ചെയ്തു. കൊച്ചി പാലാരിവട്ടം പി.ഒ.സി. ആസ്ഥാനത്തെ സെന്റ് പോൾ ഹാളിൽ നടന്ന ചടങ്ങിൽ, പാപ്പയുടെ ചാക്രിക ലേഖനങ്ങൾ ഉൾപ്പെടെയുള്ള പ്രബോധനങ്ങളുടെയും കത്തോലിക്കാ സഭയുടെ ഔദ്യോഗിക രേഖകളുടെയും മലയാളം വിവർത്തകനും പ്രസിദ്ധീകരണങ്ങളുടെ ജനറൽ എഡിറ്ററുമായ ഡോ. ജേക്കബ് പ്രസാദ്, കെ.സി.ബി.സി. ഡെപ്യൂട്ടി സെക്രട്ടറി ഫാ. തോമസ് തറയിലിന് ആൽബം കൈമാറി പ്രകാശനകർമം നിർവഹിച്ചു.
ചടങ്ങിൽ കെ.സി.ബി.സി. സോഷ്യൽ ഹാർമണി ആൻഡ് വിജിലൻസ് കമ്മീഷൻ സെക്രട്ടറിയും കപ്പുച്ചിൻ സഭാംഗവുമായ ഡോ. ആന്റണി ലാസർ ഒ.എഫ്.എം. കപ്പുച്ചിൻ, ആൽബത്തിന്റെ രചയിതാവും സംഗീതസംവിധായകനുമായ എഡ്ഗർ ഫെർണാണ്ടസ്, സേവ്യർ എന്നിവർ സന്നിഹിതരായിരുന്നു.

