ഒരു ഓർഗനും 11367 പൈപ്പുകളും ജയിംസ് അഗസ്റ്റിൻ അമേരിക്കയിലെ സാൾട്ട് ലേക്ക് നഗരത്തിലുള്ള ‘ടാബർനാക്കിൾ പൈപ്പ് ഓർഗൻ’ ലോകത്തിലെ ഏറ്റവും പ്രശസ്തവും മനോഹരവുമായ സംഗീതോപകരണങ്ങളിൽ ഒന്നാണ്. ഗായകരുടെ പിന്നിലായി വലിയ സ്വർണ്ണ പൈപ്പുകളോടെ നിൽക്കുന്ന ഈ ഭീമാകാരമായ ഓർഗൻ, അതിന്റെ വലിപ്പം കൊണ്ടും ചരിത്രം കൊണ്ടും വിസ്മയിപ്പിക്കുന്നു. 11367 പൈപ്പുകളിൽ നിന്നാണ് ഈ ഓർഗൻ പ്രശസ്തമായ ടാബർനാക്കിൾ ക്വയറിനു പശ്ചാത്തലസംഗീതം നൽകുന്നത്.പൈപ്പ് ഓർഗന്റെ നിർമാണം ലണ്ടനിൽ ജനിച്ച ജോസഫ് എച്ച്. റിഡ്ജസ് എന്നയാളാണ് ഈ ഓർഗൻ രൂപകൽപ്പന ചെയ്തത്. അദ്ദേഹം സമുദ്രയാത്ര ചെയ്താണ് സാൾട്ട് ലേക്ക് സിറ്റിയിൽ എത്തിയത്.ആ കാലഘട്ടത്തിൽ ഓർഗൻ നിർമ്മാണത്തിനാവശ്യമായ വലിയ ലോഹനിർമിത പൈപ്പുകൾ അവിടെ ലഭ്യമായിരുന്നില്ല. യൂട്ടായിലെ മലനിരകളിൽ നിന്ന് വലിയ പൈൻ മരങ്ങൾ മുറിച്ചെടുത്ത്, മലമുകളിൽ നിന്നും ഇറക്കിയശേഷം കാളവണ്ടികളിൽ കയറ്റി നൂറുകണക്കിന് മൈലുകൾ യാത്ര ചെയ്താണ് ഓർഗൻ സ്ഥാപിക്കേണ്ട വേദിയിലെത്തിച്ചത്. മരങ്ങൾ ചെത്തിമിനുക്കിയാണ് ആദ്യത്തെ വലിയ പൈപ്പുകൾ നിർമിച്ചത്.പൈപ്പുകളിലേക്കു വായു കടത്തിവിടാൻ ബെല്ലോസ് നിർമിക്കാൻ പശുക്കളുടെ തുകലാണ് ഉപയോഗിച്ചത്. 32 അടി നീളമുള്ള ഈ പൈപ്പുകൾ പൂർണ്ണമായും പൈൻ കുടുംബത്തിൽപ്പെട്ട സ്പ്രൂസ് മരം കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. അന്ന് തടികൾ മാത്രം ഉപയോഗിച്ചാണ് വീടുകൾ നിർമിക്കുന്നത്. ഓർഗൻ നിർമിക്കാനായി കൊണ്ടു വന്ന തടികളിൽ ഒരെണ്ണം മതിയായിരുന്നു ഒരു വീട് പൂർണമായി നിർമിക്കാൻ. അത്ര വലിയ മരങ്ങളാണ് തുരന്നു പൈപ്പുകളായി രൂപപ്പെടുത്തിയത്. 1867 ഒക്ടോബറിലെ സഭയുടെ പൊതുസമ്മേളനത്തിൽ വെറും 700 പൈപ്പുകളുമായി ഈ ഓർഗൻ ആദ്യമായി വായിച്ചു. അന്ന് ഇത് വായിച്ചത് പതിനാറു വയസുകാരനായ ജോസഫ് ഡെയ്നസ് എന്ന ഓർഗനിസ്റ്റായിരുന്നു. പിന്നീട് കൂടുതൽ പൈപ്പുകൾ കൂട്ടിച്ചേർക്കുകയായിരുന്നു. രൂപമാറ്റത്തിന് ശേഷം ഓർഗനിൽ ആകെ 11,623 പൈപ്പുകൾ ഉണ്ട്. മരം കൂടാതെ സിങ്ക്, ടിൻ, ഈയം എന്നിവയുടെ മിശ്രിതങ്ങൾ കൊണ്ടാണ് ബാക്കി പൈപ്പുകൾ നിർമ്മിച്ചിരിക്കുന്നത്. ഇതിലെ ഏറ്റവും വലിയ പൈപ്പിന് 32 അടി നീളമുണ്ട്. ഏറ്റവും ചെറിയ പൈപ്പിന് വെറും മുക്കാൽ ഇഞ്ച് നീളം മാത്രമേയുള്ളൂ.കീബോർഡ് ടാബർനാക്കിൾ പൈപ്പ് ഓർഗൻ നിയന്ത്രിക്കുന്ന പ്രധാന കീബോർഡ് പീഠത്തെ ‘കൺസോൾ’ എന്നാണ് വിളിക്കുന്നത്. ഈ ഓർഗനിൽ കൈകൾ കൊണ്ട് വായിക്കാൻ 5 നിരകളിലായി 5 കീബോർഡുകൾ ഉണ്ട്. ഓരോ കീബോർഡിലും 61 കട്ടകൾ വീതമുണ്ട് (മൊത്തം 305 കട്ടകൾ).കാലു കൊണ്ട് ചവിട്ടി വായിക്കാൻ താഴെ 32 കട്ടകളുള്ള ഒരു വലിയ പെഡൽബോർഡും ഉണ്ട്.ചുരുക്കത്തിൽ, ഓർഗനിസ്റ്റിന് വായിക്കാൻ മാത്രമായി ആകെ 337 കട്ടകൾ ഈ കൺസോളിലുണ്ട്. ഇത് കൂടാതെ വിവിധ പൈപ്പുകളിലേക്ക് വായു തിരിച്ചുവിടാൻ കൺസോളിന് ഇരുവശത്തുമായി 206 സ്റ്റോപ്പ് നോബുകളും (Stop knobs) ഉണ്ട്.ഈ കൂറ്റൻ ഓർഗൻ യഥാർത്ഥത്തിൽ ഒരാൾക്ക് മാത്രം ഇരുന്ന് വായിക്കാൻ പാകത്തിനാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഒരു പ്രൊഫഷണൽ ഓർഗനിസ്റ്റ് തന്റെ രണ്ടു കൈകളും രണ്ടു കാലുകളും ഒരേസമയം ഉപയോഗിച്ചാണ് ഇത് വായിക്കുന്നത്. ഇടത് കൈ ഒരു കീബോർഡിലും വലത് കൈ മറ്റൊരു കീബോർഡിലും ഒരേസമയം വായിക്കാൻ ഇവർക്ക് സാധിക്കും. വേണമെങ്കിൽ രണ്ട് ഓർഗനിസ്റ്റുകൾക്ക് ഒന്നിച്ച് ഒരേ കൺസോളിലിരുന്ന് ഇത് വായിക്കാനും സാധിക്കും.സ്വരങ്ങൾ ഓർഗന് 147 വ്യത്യസ്ത ശബ്ദങ്ങൾ (ഉദാഹരണത്തിന് ഫ്ലൂട്ട്, ട്രമ്പറ്റ്, വയലിൻ എന്നിവയുടെ ശബ്ദങ്ങൾ) പുറപ്പെടുവിക്കാൻ സാധിക്കുംഫ്ലൂ പൈപ്പുകൾ (Flue Pipes)-ഇത് നമ്മൾ പുല്ലാങ്കുഴൽ ഊതുന്നത് പോലെയാണ് പ്രവർത്തിക്കുന്നത്. പൈപ്പിലേക്ക് വായു കടത്തിവിടുമ്പോൾ അത് ഒരു മൂർച്ചയുള്ള അരികിൽ (Lip) തട്ടി വായു പ്രകമ്പനം കൊള്ളുകയും വിസിലടിക്കുന്നത് പോലുള്ള ശബ്ദം ഉണ്ടാകുകയും ചെയ്യുന്നു. റീഡ് പൈപ്പുകൾ (Reed Pipes): ഇതിനുള്ളിൽ ഒരു ചെറിയ ലോഹ പാളി (Reed) ഉണ്ടായിരിക്കും. വായു കടന്നുപോകുമ്പോൾ ഈ ലോഹപ്പാളി അതിവേഗം ചലിക്കുകയും അത് ക്ലാരിനെറ്റ്, ട്രംപറ്റ് അല്ലെങ്കിൽ മനുഷ്യ ശബ്ദത്തിന് സമാനമായ ശബ്ദങ്ങൾ പുറപ്പെടുവിക്കുകയും ചെയ്യുന്നു.ഓർഗൻ വായിക്കുന്ന വ്യക്തിക്ക് ഏത് തരം ശബ്ദമാണ് വേണ്ടതെന്ന് തീരുമാനിക്കാൻ കീബോർഡിന് ഇരുവശത്തുമായി നിരവധി ബട്ടണുകൾ ഉണ്ട്. ഓർഗനിസ്റ്റ് ‘ട്രംപറ്റ്’ എന്ന ബട്ടൺ വലിക്കുമ്പോൾ, കാറ്റ് റീഡ് പൈപ്പുകളിലേക്ക് മാത്രമായി തിരിച്ചുവിടപ്പെടുന്നു.ഒന്നിലധികം ബട്ടണുകൾ ഒന്നിച്ച് ഉപയോഗിച്ച് ഒരു വലിയ ഓർക്കസ്ട്ര പ്ലേ ചെയ്യുന്നത് പോലുള്ള സ്വരങ്ങൾ കേൾക്കാനാകും.ഊർജ്ജം പൈപ്പ് ഓർഗനുകൾക്ക് ശബ്ദമുണ്ടാക്കാൻ വലിയ അളവിൽ വായുസമ്മർദ്ദം ആവശ്യമാണ്.ഇത്രയും വലിയ പൈപ്പുകളിലേക്ക് വായു കടത്തിവിടാൻ ഒരു ഊർജ്ജം ആവശ്യമാണല്ലോ?ആദ്യകാലത്ത് കരുത്തരായ അഞ്ചുപേർ കൈകൊണ്ട് കാറ്റ് കടത്തി വിടുന്ന പമ്പ് പ്രവർത്തിപ്പിക്കുകയായിരുന്നു. നമ്മുടെ കൊല്ലന്മാരുടെ ആലയിൽ കാറ്റു വരുത്തുന്നതു പോലെ. പിന്നീട് പൈപ്പുകളുടെ എണ്ണം കൂടിയപ്പോൾ ജലപ്രവാഹത്തിന്റെ ശക്തിയിൽ പ്രവർത്തിപ്പിക്കാൻ തുടങ്ങി. കൈകൊണ്ട് പമ്പ് ചെയ്യുന്നത് കഠിനമായതിനാൽ 1885-ൽ ഇതിലേക്ക് ഒരു ഹൈഡ്രോളിക് മോട്ടോർ ഘടിപ്പിച്ചു. സാൾട്ട് ലേക്ക് സിറ്റിയിലൂടെ ഒഴുകുന്ന ‘സിറ്റി ക്രീക്ക്’ എന്ന അരുവിയിലെ ജലപ്രവാഹം കൂടാരത്തിനടുത്തേക്ക് തിരിച്ചുവിട്ട് ആ ശക്തി ഉപയോഗിച്ചാണ് പിന്നീട് ഈ പമ്പുകൾ പ്രവർത്തിപ്പിച്ചത്. 1895-ൽ ഓർഗനിൽ ആദ്യമായി രണ്ട് ഇലക്ട്രിക് മോട്ടോറുകൾ സ്ഥാപിച്ചു. അതോടെ ജലശക്തിക്ക് പകരം പൂർണ്ണമായും വൈദ്യുതോർജ്ജം ഉപയോഗിച്ച് ഓർഗൻ പ്രവർത്തിക്കാൻ തുടങ്ങി. ഇന്ന് അത്യാധുനിക ഇലക്ട്രോ-ന്യൂമാറ്റിക് (Electro-pneumatic) സാങ്കേതികവിദ്യയിലാണ് ഇത് പ്രവർത്തിക്കുന്നത്. ഓർഗൻ വായിക്കുന്നയാൾ കീബോർഡിലെ കീ അമർത്തുമ്പോൾ അറകളിൽ സംഭരിച്ചിരിക്കുന്ന വായു മുകളിലുള്ള പൈപ്പുകളിലേക്ക് ശക്തമായി കടന്നുപോവുകയും മനോഹരമായ സംഗീതം പുറപ്പെടുകയും ചെയ്യുന്നു. ഇതിന്റെ ബേസ് ശബ്ദം മനുഷ്യർക്ക് കാതുകൾ കൊണ്ട് കേൾക്കുന്നതിനേക്കാൾ കൂടുതൽ, ശരീരത്തിൽ ഒരു കമ്പനമായി (Vibration) അനുഭവപ്പെടുകയാണ് ചെയ്യുക. ഹാളിന്റെ തറയും ജനലുകളും വരെ ഈ ശബ്ദത്തിൽ വിറയ്ക്കും!1920 മുതൽ എല്ലാ ദിവസവും ഉച്ചയ്ക്ക് 12 മണിക്ക് സന്ദർശകർക്കായി ഈ ഓർഗൻ വായിച്ചു കേൾപ്പിക്കും. ഇന്നും തുടരുകയാണിത്.ഏറ്റവുമധികം ദൈവസ്തുതിഗീതങ്ങൾക്ക് ശ്രുതി മീട്ടിയ വിസ്മയമായി ഇന്നും സ്വർണത്തിളക്കത്തിൽ പ്രശോഭിക്കുകയാണ്ഈ ഓർഗൻ.വസ്തുതകൾ ഇതൊക്കെയാണെങ്കിലും ലോകത്തിലെ ഏറ്റവും വലിയ പൈപ്പ് ഓർഗൻ ഇതല്ല. 1929-ൽ യു.എസ്. എ.യിലെ ന്യൂജേഴ്സിയിൽ ബോർഡ്വാക് ഹാളിൽ നിർമിച്ച 33112 പൈപ്പുകൾ ഉള്ള ഓർഗൻ ഏറ്റവും വലിയത് എന്ന ഗിന്നസ് റെക്കോർഡ് നേടിയിട്ടുണ്ട്. ഫിലാഡൽഫിയയിലുള്ള 28750 പൈപ്പുകളുള്ള ഓർഗനും ലോകപ്രശസ്തമാണ്. ഇതിൽ നിന്നെല്ലാം ടാബർനാക്കിൾ ഓർഗനെ വ്യത്യസ്തമാക്കുന്നത് അതിന്റെ നിർമിതിയും പഴക്കവും നൂറ്റാണ്ടുകളായി ദൈവസ്തുതിക്കായി മാത്രം പൊഴിക്കുന്ന സംഗീതവും കൊണ്ടു കൂടിയാണ്.
Trending
- വിശുദ്ധ അംബ്രോസ്: അധികാരത്തോട് സത്യം പറഞ്ഞ മെത്രാന്
- ‘ദി വില്ലേജ് നെക്സ്റ്റ് ടു പാരഡൈസ്’
- ‘ടാബർനാക്കിൾ പൈപ്പ് ഓർഗൻ’
- വേണം ബൈബിള് കലോത്സവങ്ങള്ക്കു പുതുജീവന്
- അരികിൽ നീയുണ്ടായിരുന്നെങ്കിൽ
- ഭൂമിക്കൊരു കുട പിടിച്ച് കൊല്ലം രൂപത
- ഇഎസ്എ കുരുക്കഴിയുമോ?
- ഫുൾട്ടൺ ഷീനിന്റെ മാധ്യസ്ഥ്യം തേടിയ കുഞ്ഞിന്റെ സൗഖ്യം അത്ഭുതമായി അംഗീകരിച്ചു

