അസ്സീസി: ഫ്രാൻസിസ്കൻ സന്യാസ സമൂഹത്തിന്റെ സ്ഥാപകനായ വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ 800-ാം ചരമവാർഷികാഘോഷങ്ങൾക്ക് ഇറ്റലിയിലെ അസ്സീസി നഗരം ഒരുങ്ങുന്നു. സെപ്റ്റംബർ 24 മുതൽ ഒക്ടോബർ 5 വരെ വിവിധ ആത്മീയ, അനുസ്മരണ പരിപാടികളാണ് നഗരത്തിൽ സംഘടിപ്പിക്കുന്നത്.
ഒക്ടോബർ 3, 4 തീയതികളിലായി നടക്കുന്ന പ്രധാന തിരുനാൾ ആഘോഷങ്ങളിൽ പങ്കെടുക്കാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ആയിരക്കണക്കിന് തീർത്ഥാടകർ അസ്സീസിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒക്ടോബർ 4-ന് ഇറ്റാലിയൻ പ്രസിഡന്റ് സെർജിയോ മത്തറെല്ലയും ആഘോഷങ്ങളിൽ പങ്കെടുക്കും. അസ്സീസിയിലെ ബസിലിക്കകൾക്കായുള്ള മാർപാപ്പയുടെ പ്രതിനിധി കർദ്ദിനാൾ ഏഞ്ചൽ ഫെർണാണ്ടസ് ആർട്ടിമിന്റെ സാന്നിധ്യത്തിൽ, ഇറ്റാലിയൻ മെത്രാൻ സമിതി പ്രസിഡന്റ് കൂടിയായ ബൊളോഗ്ന ആർച്ച് ബിഷപ്പ് കർദ്ദിനാൾ മത്തെയോ മരിയ സുപ്പി വിശുദ്ധ കുർബാനയ്ക്ക് മുഖ്യകാർമികത്വം വഹിക്കും.
സമാധാനം, സാഹോദര്യം, മനുഷ്യസൗഹൃദം എന്നീ സന്ദേശങ്ങൾ മുൻനിർത്തിയാണ് ഇത്തവണത്തെ അനുസ്മരണ പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്.

