ന്യൂഡൽഹി: ഭാരതത്തിലെ ലത്തീൻ കത്തോലിക്ക മെത്രാൻമാരുടെ കൂട്ടായ്മയായ കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിസിബിഐ)യുടെ വിവിധ കമ്മീഷനുകളിലും ദേശീയ ശുശ്രൂഷാ രംഗത്തും പുതിയ നിയമനങ്ങൾ. ബംഗളൂരുവിൽ സെപ്റ്റംബർ 15, 16 തീയതികളിൽ ചേർന്ന സിസിബിഐ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് നിയമനങ്ങൾക്ക് അംഗീകാരം നൽകിയത്.
വിജയവാഡ രൂപതാ വൈദികനായ റവ. ഡോ. ദർസി ഡോൺ ബോസ്കോയെ സിസിബിഐ അസിസ്റ്റന്റ് ഡെപ്യൂട്ടി സെക്രട്ടറിയായി നിയമിച്ചു. വിജയവാഡ രൂപതയിലെ ‘പ്രേരണ’ യൂത്ത് ആനിമേഷൻ സെന്ററിന്റെ സ്ഥാപകനായ അദ്ദേഹം അമേരിക്കയിലെ സെന്റ് ജോസഫ്സ് സെമിനാരി കോളേജിൽ പ്രൊഫസറായും സേവനം ചെയ്തിട്ടുണ്ട്.സിസിബിഐ പരിസ്ഥിതി കമ്മീഷൻ സെക്രട്ടറിയായി ഫാ. സ്റ്റീഫൻ അരുൺ ബോസ്കോ OFM Cap ചുമതലയേൽക്കും. കർണാടകയിലെ ഹോളി ട്രിനിറ്റി പ്രൊവിൻസിലെ കപ്പൂച്ചിൻ സന്യാസ സമൂഹാംഗമായ അദ്ദേഹം രണ്ടര പതിറ്റാണ്ടിലേറെയായി ഗ്രാമീണ, പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങൾക്കിടയിലെ സാമൂഹിക പ്രവർത്തനങ്ങളിലും നീതി, സമാധാന പ്രവർത്തനങ്ങളിലും സജീവമാണ്.വിശാഖപട്ടണം അതിരൂപതയിലെ വൈദികനായ ഫാ. പ്രതാപ് കുമാർ മരിപ്പിയെ സിസിബിഐ കുടുംബ കമ്മീഷൻ സെക്രട്ടറിയായി നിയമിച്ചു.
2024 മുതൽ വിശാഖപട്ടണം അതിരൂപതയുടെ ഫാമിലി ആൻഡ് ലെയ്റ്റി കമ്മീഷൻ സെക്രട്ടറിയായും ടിസിബിസി റീജിയണൽ സെക്രട്ടറിയായും അദ്ദേഹം സേവനം നിർവഹിച്ചുവരികയായിരുന്നു.ഭോപ്പാൽ അതിരൂപതാ വൈദികനായ ഫാ. അലക്സാണ്ടർ യേശുദാസനെ വൈസിഎസ്/വൈഎസ്എം ദേശീയ ചാപ്ലൈനായും നിയമിച്ചു. ഭോപ്പാൽ അതിരൂപതയിലും മധ്യപ്രദേശിലെ വിവിധ മേഖലകളിലും യുവജന ശുശ്രൂഷയിലും പാസ്റ്ററൽ പ്രവർത്തനങ്ങളിലും അദ്ദേഹം സജീവമായി പ്രവർത്തിച്ചുവരുന്നു.

