റോം: ലോകത്തെ മികച്ച കുട്ടികളുടെ പ്രത്യേക ആശുപത്രികളുടെ പട്ടികയിൽ വത്തിക്കാന്റെ ബംബീനോ ജേസു ആശുപത്രിക്ക് നാലാം സ്ഥാനം. അമേരിക്കൻ ന്യൂസ് വീക്ക് മാഗസിനും സ്റ്റാറ്റിസ്റ്റയും സംയുക്തമായി തയ്യാറാക്കിയ “World’s Best Specialized Hospitals 2027” പട്ടികയിലാണ് റോമിലുള്ള ബംബീനോ ജേസു ആശുപത്രി ഇടം നേടിയത്.വത്തിക്കാൻ രാജ്യത്തിന്റെ അതിർത്തിക്ക് പുറത്താണ് ആശുപത്രി പ്രവർത്തിക്കുന്നത്.
കുട്ടികളുടെ ചികിത്സാരംഗത്തെ മികവിനൊപ്പം ഓങ്കോളജി, നവജാത ശിശുപരിചരണം എന്നീ വിഭാഗങ്ങളിലെ പ്രവർത്തനങ്ങൾക്കും ആശുപത്രിക്ക് പ്രത്യേക അംഗീകാരം ലഭിച്ചു.ചികിത്സയുടെ ഫലപ്രാപ്തി വിലയിരുത്തുന്നതിൽ രോഗികളിൽനിന്ന് നേരിട്ട് ശേഖരിക്കുന്ന വിവരങ്ങൾ ഉപയോഗിക്കുന്ന Patient-Reported Outcome Measures (PROMs) സംവിധാനത്തിന്റെ പ്രയോഗത്തിനും ആശുപത്രിക്ക് പരമാവധി മൂന്ന് റിബൺ അംഗീകാരം ലഭിച്ചു. രോഗികളുടെ ആരോഗ്യനില, ചികിത്സയ്ക്കുശേഷമുള്ള പരിചരണം, ജീവിതനിലവാരം തുടങ്ങിയവ വിലയിരുത്തുന്നതിൽ ഈ സംവിധാനം പ്രധാന പങ്കുവഹിക്കുന്നു.സെപ്റ്റംബർ 17-ന് പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെയാണ് ബംബീനോ ജേസു ആശുപത്രി പട്ടികയിലെ നേട്ടം അറിയിച്ചത്.

