ബിജോ സില്‍വേരി
ചില മരണങ്ങള് ഒരു വ്യക്തിയുടെ ജീവിതം മാത്രമല്ല അവസാനിപ്പിക്കുന്നത്; ഒരു കാലത്തിന്റെ ഓര്‍മയില്‍ തന്നെ ആഴത്തിലുള്ളൊരു മുറിവ് അവശേഷിപ്പിക്കും. ജിജോ ജോണ്‍ പുത്തേഴത്തിന്റെ അകാലവിയോഗം അത്തരത്തിലൊന്നാണ്. കാരണം, ജിജോ ഒരിടത്തോ ഒരേയൊരു വേഷത്തിലോ ജീവിച്ച മനുഷ്യനായിരുന്നില്ല. അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകനായും സാംസ്കാരിക പ്രവര്‍ത്തകനായും ചരിത്രസ്നേഹിയായും സംഘാടകനായും മനുഷ്യസ്നേഹിയായും അയാള്‍ പല ജീവിതങ്ങളെ സ്പര്‍ശിച്ചു.
ജിജോയെ നേരത്തെ തന്നെ പരിചയമുണ്ടായിരുന്നെങ്കിലും കോട്ടപ്പുറം രൂപതയുടേയും വരാപ്പുഴ അതിരൂപതയുടെയും മീഡിയ കമ്മീഷനുകളുമായും കൊടുങ്ങല്ലൂര്‍ ഹിസ്റ്ററി അസോസിയേഷന്, കോട്ടപ്പുറം രൂപത ഹെരിറ്റേജ് കമ്മീഷന് എന്നിവയുമായി ബന്ധപ്പെട്ടും പ്രവര്‍ത്തിക്കുമ്പോഴാണ് ജിജോയുമായി അടുത്ത് ഇടപഴുകുവാന്‍ തുടങ്ങിയത്. മുസിരിസ് പദ്ധതിയുമായി ബന്ധപ്പെട്ട് കൊടുങ്ങല്ലൂരില്‍ ആദ്യം സംഘടിപ്പിച്ച ഒരു പൊതുചടങ്ങില്‍ ഞങ്ങള്‍ രണ്ടു പേരും പങ്കെടുത്ത് സംസാരിച്ചിരുന്നു. മുസിരിസ് പൈതൃക പദ്ധതിയുടെ ഉപജ്ഞാതാവായ അന്നത്തെ ധനകാര്യമന്ത്രി ഡോ. തോമസ് ഐസക്കുമായി ജിജോയ്ക്കുണ്ടായിരുന്ന അടുത്ത ബന്ധമാണ് മുസിരിസ് പദ്ധതി ഗോതുരുത്തിലേക്കും നീളാന്‍ കാരണമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഗുരുതര രോഗം ബാധിച്ച അവസ്ഥയില്‍ എന്നെ വീട്ടില്‍ വന്ന് സന്ദര്‍ശിക്കാനും ആത്മവിശ്വാസം പകരാനും ജിജോ സമയം കണ്ടെത്തി. ‘ജോലി ചെയ്തുകൊണ്ടിരിക്കണം, എഴുതികൊണ്ടിരിക്കണം. അപ്പോള്‍ മറ്റൊന്നും ചിന്തിക്കാന്‍ സമയമുണ്ടാകില്ല’ എന്ന ജിജോയുടെ വാക്കുകള്‍ വളരെ വിലപ്പെട്ടതായിരുന്നു. ഫോണില്‍ ഇപ്പോഴും ജിജോയുടെ ശബ്ദസന്ദേശങ്ങള്‍ മാഞ്ഞുപോകാതെ കിടക്കുന്നു. സുഖവിവരങ്ങള്‍ അന്വേഷിച്ചും, ചുവടി ഫെസ്റ്റിന് കൂടുതല്‍ പ്രചാരണം എങ്ങനെ കൊടുക്കാമെന്ന് തിരക്കിയും പലരുടേയും ഫോണ്‍ നമ്പറുകള്‍ ചോദിച്ചുമുള്ള സന്ദേശങ്ങള്‍. ജിജോയെ കുറിച്ച് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും കുറിച്ചിട്ട കണ്ണീരിന്റെ നനവുള്ള ഓര്മക്കുറിപ്പുകളിലെല്ലാം ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കാനുള്ള ജിജോയുടെ കഴിവ് പ്രത്യേകം പറഞ്ഞിട്ടുള്ളതാണല്ലോ.
ഒരു പത്രപ്രവര്‍ത്തകന്റെ ജീവിതത്തെ അയാള്‍ എഴുതിയ വാര്‍ത്തകളുടെ എണ്ണത്തില്‍ മാത്രം അളക്കാനാവില്ല. എങ്കിലും ജിജോയുടെ മാധ്യമജീവിതം പ്രത്യേകം ഓര്‍ക്കേണ്ടതാണ്. അധികാരത്തെയും ശക്തമായ താല്പര്യങ്ങളെയും അസ്വസ്ഥമാക്കാന്‍ ഇടയുള്ള വിഷയങ്ങളുടെ പിന്നാലെ പോകാനും, കിട്ടിയ വിവരങ്ങള്‍ പിന്തുടര്ന്ന് അതിന്റെ അടിത്തട്ടിലെത്താനും ജിജോ മടിച്ചില്ല. തീര്‍ച്ചയായും ജിജോ ജോലി ചെയ്തിരുന്ന മാധ്യമ സ്ഥാപനത്തിന്റെ സമ്മര്‍ദ്ദം അതിനു പിന്നിലുണ്ടായിരിക്കണം. കരിയറിന്റെ നിര്‍ണായക ഘട്ടത്തില്‍ നില്‍ക്കുമ്പോഴാണ് ആ യാത്ര പെട്ടെന്ന് മുറിഞ്ഞത്. എന്നാല്‍ വാര്‍ത്തകളിലെ ജിജോയ്ക്കപ്പുറം മറ്റൊരു ജിജോ ഉണ്ടായിരുന്നു. അതാണ് ഈ ഓര്‍മകളെ കൂടുതല്‍ വിലപ്പെട്ടതാക്കുന്നത്.
സ്വന്തം നാടിനെ ചരിത്രവും സംസ്കാരവും സജീവമാകേണ്ടുന്ന ഒരു ഇടമായി കണ്ട മനുഷ്യനായിരുന്നു ജിജോ. ഗോതുരുത്തിന്റെ പൈതൃകത്തോടുള്ള ജിജോയുടെ അടുപ്പം ചവിട്ടുനാടകത്തില്‍ മാത്രം ഒതുങ്ങിയിരുന്നില്ല. ചരിത്രത്തെ വര്‍ത്തമാനവുമായി ബന്ധിപ്പിക്കാനുള്ള അസാധാരണമായ താല്പര്യം ജിജോയില്‍ ഉണ്ടായിരുന്നു.
മുസിരിസ് പൈതൃക പദ്ധതി കൊടുങ്ങല്ലൂര്‍ – പറവൂര്‍ മേഖലകളെ ചരിത്രപരമായും സാംസ്കാരികമായും സാമ്പത്തികമായും ഉയരങ്ങളിലെത്തിക്കാന്‍ ശേഷിയുള്ള വലിയ സാധ്യതയാണെന്ന് ജിജോയ്ക്ക് വ്യക്തമായിരുന്നു. അതുകൊണ്ടുതന്നെ പദ്ധതിയെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് ആദ്യം പ്രസിദ്ധീകരിക്കുകയും പിന്നീട് അതിന്റെ തുടര്‍ച്ചയായ പ്രവര്‍ത്തനങ്ങളെ പിന്തുടരുകയും ചെയ്ത മാധ്യമപ്രവര്‍ത്തകനുമായിരുന്നു ജിജോ. ചരിത്രം അയാള്‍ക്ക് പഴയകാലത്തിന്റെ ഓര്‍മയായിരുന്നില്ല; ഇന്നത്തെ സമൂഹത്തിനും നാളെയുടെ വികസനത്തിനും വഴികാട്ടിയാകേണ്ട ജീവിക്കുന്ന വിഭവമായിരുന്നു.
ഗോതുരുത്തിനെ ഉയര്‍ത്തിപ്പിടിക്കാനുള്ള ശ്രമത്തിലും ജിജോയുടെ സമീപനം അതുതന്നെയായിരുന്നു. ചവിട്ടുനാടകത്തെ ഒരു കലാരൂപമായി മാത്രം കണ്ടില്ല; ഗോതുരുത്തിന്റെ പുനരുജ്ജീവനത്തിലേക്കുള്ള ഒരു ചവിട്ടുപടിയായാണ് അതിനെ ഉപയോഗിച്ചത്.
നൂറ്റാണ്ടുകളുടെ പാരമ്പര്യം ചുമന്ന ചവിട്ടുനാടകത്തെ പഴയകാലത്തിന്റെ അവശിഷ്ടമാകാതെ പുതിയ തലമുറയിലേക്ക് കൈമാറാന്‍ ജിജോ നടത്തിയ ഇടപെടലുകള്‍ അതുകൊണ്ടുതന്നെ എല്ലാക്കാലത്തും ഓര്‍മിക്കപ്പെടേണ്ടതാണ്. കലാകാരന്മാരെ കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ സംവിധാനങ്ങളുടെ വാതിലുകള്‍ മുട്ടി. കത്തുകള്‍ എഴുതി. അധികൃതരെ കണ്ടു. വേദികള്‍ക്കായി ശ്രമിച്ചു. ഗവേഷകരെയും വിഷയവിദഗ്ധരെയും തമ്മില്‍ ബന്ധിപ്പിച്ചു. ഗോതുരുത്ത്, ചവിട്ടുനാടകം, വള്ളംകളി തുടങ്ങിയ പ്രവര്‍ത്തനങ്ങളുമായി ആരൊക്കെ മുന്നോട്ടു വന്നോ അവരെയെല്ലാം സഹായിച്ചു. ചവിട്ടുനാടകമെന്ന കലാരൂപത്തിന്റെ രേഖപ്പെടുത്തലിനും പഠനത്തിനും പുതിയൊരു വൈജ്ഞാനിക സമൂഹത്തെ വളര്‍ത്തിയെടുക്കാന്‍ ശ്രമിച്ചു.
ജോയ് ഗോതുരുത്ത്, ടൈറ്റസ് ഗോതുരുത്ത്, സാബു പുളിക്കത്തറ തുടങ്ങിയവരടക്കം വലിയൊരു സംഘം ജിജോയ്ക്കൊപ്പം സദാ പ്രവര്‍ത്തനസന്നദ്ധരായി നിന്നു. കേളീ രാമചന്ദ്രനെ പോലെ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കലാസാംസ്കാരിക സംഘാടകനെ ചവിട്ടുനാടകത്തിന്റെ ദീപശിഖയേന്താന്‍ ക്ഷണിച്ചു വരുത്തി. വ്യക്തിയെക്കാള്‍ കൂട്ടായ്മയുടെ ശക്തിയില്‍ വിശ്വസിച്ച ജിജോയുടെ പ്രവര്‍ത്തനരീതിയുടെ തെളിവായിരുന്നു അത്. അവിടെ ആരും ആരേയും നയിച്ചില്ല; എല്ലാവരും മറ്റുള്ളവരെ ചേര്‍ത്തുനിര്‍ത്തി ഒരുമിച്ചു മുന്നേറിയപ്പോള്‍ ഒരു നാടിന്റെ സാംസ്കാരിക സ്വപ്നം പതുക്കെ രൂപംകൊണ്ടു.
അതിന്റെയൊരു ശ്രദ്ധേയമായ അധ്യായമായിരുന്നു സെബീന റാഫിയുടെ പുനര്‍കണ്ടെത്തല്‍. ചരിത്രവും സാഹിത്യവും ഏറെക്കുറെ മറന്നുപോയിരുന്ന സെബീന റാഫിയെ കേരളത്തിന്റെ സാംസ്കാരിക ഭൂപടത്തിന്റെ മുന്‍നിരയിലേക്ക് തിരിച്ചുകൊണ്ടുവരുന്നതില്‍ ഈ കൂട്ടായ്മ നിര്‍ണായക പങ്കുവഹിച്ചു. മറവിയില്‍ കിടന്ന ഒരു പേര് വീണ്ടും പൊതുസ്മൃതിയിലേക്ക് കൊണ്ടുവരിക എന്നത് ഒരു വ്യക്തിയെ ആദരിക്കുന്നതിലുപരി ചരിത്രത്തിന്റെ നഷ്ടപ്പെട്ട ഒരു കണ്ണിയെ വീണ്ടെടുക്കുകയായിരുന്നു.
ചവിട്ടുനാടകത്തിന്റെ ഇന്നത്തെ വളര്‍ച്ചയുടെ ചരിത്രം പറയുമ്പോള്‍ ജിജോയെ മാറ്റിനിര്‍ത്താനാവില്ലെന്ന സുഹൃത്തുക്കളുടെ സാക്ഷ്യം അതുകൊണ്ടുതന്നെ പ്രസക്തമാണ്. ഇന്ന് ഓരോ സാമൂഹിക ഇടപെടലും സ്വന്തം ചിത്രത്തിന്റെയും പേരിന്റെയും പ്രചാരണത്തിന്റെയും പശ്ചാത്തലമാക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്. അതില്‍നിന്ന് വ്യത്യസ്തനായിരുന്നു ജിജോ. ഒരു പ്രവര്‍ത്തനം വിജയിച്ചാല്‍ അതിന്റെ വെളിച്ചം മറ്റുള്ളവരുടെ മേല്‍ വീഴുന്നതിലായിരുന്നു അയാളുടെ സന്തോഷം.
അതിനാലാവാം ഗോതുരുത്തിന് ജിജോ ഒരു മാധ്യമപ്രവര്ത്തകന് മാത്രമല്ലാതിരുന്നത്. അവിടെ അയാള്‍ സ്വന്തം മണ്ണിന്റെ ഓര്‍മയായിരുന്നു. ജിജോയുടെ സുഹൃത്തുക്കളുടെ ഓര്‍മകളില്‍ ഏറ്റവും കൂടുതല്‍ തെളിയുന്ന ഒരു വാക്ക് ‘നന്മ’യാണ്. മനുഷ്യരെ കേള്‍ക്കുന്ന നന്മ. മറ്റൊരാളുടെ പ്രശ്നത്തെ സ്വന്തം പ്രശ്നം പോലെ കാണുന്ന നന്മ. സഹായിക്കാനാകുമെങ്കില്‍ സഹായിക്കണമെന്ന നന്മ.
ഓര്‍മകളില്‍ ചെളിവാരിയെറിയുമ്പോള്‍
ജിജോയുടെ മരണത്തിനു പിന്നാലെ ഉയര്‍ന്നുവന്ന ചില പ്രതികരണങ്ങള്‍ ജിജോയുടെ മരണത്തോളം തന്നെ വേദനിപ്പിക്കുന്നവയാണ്. ഒരു പത്രപ്രവര്‍ത്തകന്റെ വാര്‍ത്തയോട് വിയോജിക്കാം. റിപ്പോര്‍ട്ടിന്റെ വസ്തുത ചോദ്യം ചെയ്യാം. മാധ്യമസ്ഥാപനത്തോട് വിശദീകരണം ആവശ്യപ്പെടാം. നിയമപരമായ വഴികള്‍ തേടാം. ജനാധിപത്യത്തില്‍ അതെല്ലാം സ്വാഭാവികവും ആവശ്യവുമാണ്. പക്ഷേ, ഒരാള്‍ ജീവിച്ചിരിക്കുമ്പോള്‍ ഉന്നയിക്കാവുന്ന എതിര്‍പ്പ് അയാള്‍ മരിച്ചശേഷം വ്യക്തിഹത്യയായി മാറുന്നത് മറ്റൊന്നാണ്. മരണപ്പെട്ട ഒരാളുടെ ഓര്‍മയെ മലിനമാക്കുന്നത് ഒരു വ്യക്തിക്കെതിരായ ആക്രമണം മാത്രമല്ല; മരണത്തെക്കുറിച്ചുള്ള മനുഷ്യസമൂഹത്തിന്റെ ഏറ്റവും പഴയ മര്യാദകളിലൊന്നിനോടുള്ള അവഹേളനവുമാണ്. വിമര്‍ശനവും അധിക്ഷേപവും രണ്ടും രണ്ടാണ്. രാഷ്ട്രീയ എതിര്‍പ്പിനും മനുഷ്യനിന്ദയ്ക്കും ഇടയില്‍ ഒരു അതിരുണ്ട്. ആ അതിരാണ് ഒരു സമൂഹത്തിന്റെ സംസ്കാരത്തിന്റെ അളവുകോല്‍. കേരളത്തിന് ജിജോയുടെ മരണത്തിനു പിന്നാലെ നഷ്ടപ്പെട്ടതും ആ അതിരുകാക്കുന്ന സ്നേഹത്തുടിപ്പുകളാണ്.
ഈ സന്ദര്‍ഭത്തിലാണ് മാള്‍ട്ടയിലെ അന്വേഷണാത്മക മാധ്യമപ്രവര്‍ത്തക ഡാഫ്നി കരുവാന ഗലീസിയയുടെ ജീവിതം ഓര്‍മവരുന്നത്. അഴിമതിക്കെതിരായ അന്വേഷണങ്ങള്‍ക്കിടെ അവര്‍ ഓണ്‍ലൈന്‍ അധിക്ഷേപങ്ങളും ഭീഷണികളും നിയമനടപടികളും നേരിട്ടു; 2017-ല്‍ കാര്‍ ബോംബ് ആക്രമണത്തില്‍ അവര്‍ കൊല്ലപ്പെട്ടു. ജീവന് നഷ്ടമായതിനു ശേഷവും അവര്‍ക്കെതിരേയുള്ള അധിക്ഷേപങ്ങള്‍ തുടര്‍ന്നു കൊണ്ടിരുന്നു. അവരുടെ അന്വേഷണങ്ങളെ തുടര്‍ന്ന് ഉണ്ടായ വൈരവും അവരെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങളും പക്ഷേ മറ്റൊരു രീതിയിലേക്ക് മാറുകയായിരുന്നു. മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ആഗോള ചര്‍ച്ചയിലെ പ്രധാന ഉദാഹരണമായി ഗലീസിയ പിന്നീട് മാറി. ജിജോ ജോണിനെ അധിക്ഷേപിച്ചവര്‍ക്ക് കാലം ഏതു രീതിയിലുള്ള മറുപടിയാണ് കരുതിവച്ചിരിക്കുന്നതെന്ന് നമുക്ക് കാത്തിരുന്ന് കാണാം.
ജിജോ യാത്രയായി. പക്ഷേ ഗോതുരുത്തിലെ അരങ്ങുകളിലെവിടെയെങ്കിലും ഒരു തിരശ്ശീല ഉയരുമ്പോള്‍ അവിടെ അയാളുടെ കൈയൊപ്പുണ്ടാകും. ചവിട്ടുനാടകത്തെക്കുറിച്ച് ഒരു പുതിയ ഗവേഷകന് പഠനം തുടങ്ങുമ്പോള്‍ ജിജോ ബന്ധിപ്പിച്ച ഏതെങ്കിലും ഒരു അറിവിന്റെ വാതില്‍ അവിടെ തുറന്നുകിടക്കും. ചരിത്രത്തെക്കുറിച്ചുള്ള ഒരു പുതിയ അന്വേഷണത്തില്‍ മുസിരിസിന്റെ മണ്ണ് വീണ്ടും സംസാരിക്കുമ്പോള്‍, അതിന്റെ താളുകളിലൊന്നില്‍ ജിജോയുടെ അന്വേഷണത്തിന്റെ അടയാളം കാണാം. ഒരു യുവ കലാകാരന് ആത്മവിശ്വാസത്തോടെ അരങ്ങിലെത്തുമ്പോള്‍, ഒരിക്കല്‍ അയാളെ പ്രോത്സാഹിപ്പിച്ച ഒരു ശബ്ദം ഓര്‍മയില്‍ തിരിച്ചുവരും.
അതിനാലാണ് ജിജോ ജോണ്‍ പുത്തേഴത്ത് ഇനി ഓര്മ മാത്രമല്ലെന്ന് പറയേണ്ടിവരുന്നത്. അയാള്‍ ഒരു തുടര്‍ച്ചയാണ്. ഗോതുരുത്തിന്റെ മണ്ണില്‍നിന്ന് ചരിത്രത്തിലേക്കും, ചരിത്രത്തില്‍നിന്ന് സംസ്കാരത്തിലേക്കും, ചവിട്ടുനാടകത്തിന്റെ അരങ്ങില്‍നിന്ന് പുതുതലമുറയിലേക്കും നീളുന്ന ഒരു തുടര്‍ച്ച. പത്രപ്രവര്‍ത്തനത്തിന്റെ ധീരമായ പാരമ്പര്യത്തില്‍ നിന്ന് വരാനിരിക്കുന്ന മാധ്യമപ്രവര്‍ത്തകരിലേക്കും മനുഷ്യനെ മനുഷ്യനായി കാണുന്ന നന്മയുടെ പാരമ്പര്യത്തില്‍ നിന്ന് അടുത്ത തലമുറയിലേക്കും നീളുന്ന ഒരു തുടര്‍ച്ച.
ജിജോയുടെ ഓര്‍മയ്ക്ക് മുന്നില്‍ നമുക്ക് പറയാനുള്ളത് ഇത്രമാത്രം: ജിജോ, നിന്റെ യാത്ര ഇവിടെ അവസാനിച്ചിട്ടില്ല. ഗോതുരുത്തിന്റെ ചെറുപാതകളിലൂടെ നീ ഇപ്പോഴും നടക്കുന്നു. ചവിട്ടുനാടകത്തിന്റെ താളത്തിലും പാട്ടിലും നിന്റെ നിര്‍ദേശങ്ങള്‍ ഇനിയും കേള്‍ക്കും. മുസിരിസിന്റെ മണ്ണില്‍ ചരിത്രം വീണ്ടും സംസാരിക്കുമ്പോള്‍ നിന്റെ അന്വേഷണത്തിന്റെ പ്രതിധ്വനി അവിടെയുണ്ടാകും. പത്രത്തിന്റെ അക്ഷരങ്ങള്‍ക്കിടയില്‍ നിന്റെ സത്യാന്വേഷണത്തിന്റെ തീ ഇനിയും കത്തും.
നീ ചേര്‍ത്തുപിടിച്ച മനുഷ്യരുടെ ജീവിതത്തില്‍ നിന്റെ നന്മ ഇനിയും ശ്വസിക്കും.
മരിച്ച മനുഷ്യന്റെ ഓര്‍മയെ അധിക്ഷേപിക്കുന്നവര്‍ക്ക് പൊള്ളയായ വാക്കുകള്‍ മാത്രമേ ഉണ്ടാകൂ. പക്ഷേ, ജീവിച്ച മനുഷ്യന്റെ നന്മയ്ക്ക് ചരിത്രമുണ്ട്. ആ ചരിത്രത്തില്‍ ജിജോ ജോണ്‍ പുത്തേഴത്തിന്റെ പേര് മായാത്ത അക്ഷരങ്ങളില്‍ തന്നെയുണ്ടാകും.

