ആലുവ: മാനസിക സമ്മർദ്ദങ്ങളും വൈകാരിക പ്രതിസന്ധികളും നേരിടുന്നവർക്ക് ആശ്വാസവും പിന്തുണയും നൽകുന്നതിനായി ആലുവ സെന്റ് ഡൊമിനിക്സ് ദേവാലയത്തിൽ ‘Listening Corner – കേൾക്കാൻ ഒരിടം’ എന്ന മാനസികാരോഗ്യ പിന്തുണാ സംരംഭത്തിന് തുടക്കമായി. കാത്തലിക് മെന്റൽ ഹെൽത്ത് മിനിസ്ട്രിയുടെ (സി എം എച്ച് എം ) നേതൃത്വത്തിൽ ആരംഭിച്ച പദ്ധതിയുടെ ഉദ്ഘാടനം ആലുവ ഡിവൈഎസ്പി ബൈജു പൗലോസ് നിർവഹിച്ചു.സെന്റ് ഡൊമിനിക്സ് ദേവാലയം, മംഗലപ്പുഴ സെന്റ് ജോസഫ് ദേവാലയം, തൈക്കാട്ടുകര സെന്റ് പീറ്റർ ആൻഡ് പോൾ ദേവാലയം എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
വ്യക്തികളുടെ വൈകാരിക ക്ഷേമം, മാനസികാരോഗ്യം, വ്യക്തിത്വവികസനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ജീവിതത്തിലെ വിവിധ പ്രതിസന്ധികളും ബന്ധങ്ങളിലെ പ്രശ്നങ്ങളും മാനസിക സമ്മർദ്ദങ്ങളും തുറന്നുപറയാൻ സുരക്ഷിതമായ ഇടം ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ‘Reconnect – Rediscover – Reclaim’ എന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ് Listening Corner പ്രവർത്തിക്കുന്നത്. മുതിർന്നവർ, ദമ്പതികൾ, കുടുംബങ്ങൾ തുടങ്ങി മാനസിക പിന്തുണയും ശ്രദ്ധാപൂർവമായ കേൾവിയും ആവശ്യമുള്ളവർക്ക് പദ്ധതിയുടെ സേവനം പ്രയോജനപ്പെടുത്താം. എല്ലാ വ്യാഴാഴ്ചയും രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 വരെ സേവനം ലഭ്യമാകും.
സി എം എച്ച് എം എറണാകുളം ജില്ലാ കോഡിനേറ്റർ ഷിനി തോമസ്, സെന്റ് ഡൊമിനിക്സ് ദേവാലയ വികാരി ഫാ. ജോയി ചക്യത്ത്, സ്നേഹപുരം പള്ളി വികാരി ഫാ. വർഗീസ് ഇടശ്ശേരി, ഫാ. ബിജു സി.എസ്.ടി., ലെസ്ലി പള്ളിത്തറ, പവിൻ ജോസ് എന്നിവർ നേതൃത്വം നൽകി.

