വാഷിംഗ്ടൺ ഡി.സി.: ദൈവവിശ്വാസത്തിലേക്കുള്ള തന്റെ ദീർഘകാല അന്വേഷണത്തിനൊടുവിൽ കത്തോലിക്കാ വിശ്വാസത്തിലേക്ക് തിരിച്ചെത്തിയതായി പ്രമുഖ തത്ത്വചിന്തകനും മുൻ നിരീശ്വരവാദിയുമായ ജോ സ്മിഡ് പ്രഖ്യാപിച്ചു. ദൈവത്തിന്റെ അസ്തിത്വത്തിലും യേശുക്രിസ്തുവിന്റെ ദൈവികതയിലും വിശ്വാസം പ്രഖ്യാപിച്ച അദ്ദേഹം ക്രിസ്തുവാണ് നാഥനെന്നും കത്തോലിക്കാ സഭ ക്രിസ്തു സ്ഥാപിച്ചതാണെന്നും വ്യക്തമാക്കി.
അരലക്ഷത്തിലധികം സബ്സ്ക്രൈബർമാരുള്ള ‘മജസ്റ്റി ഓഫ് റീസൺ’ എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഓഗസ്റ്റ് 21ന് സ്മിഡ് തന്റെ വിശ്വാസത്തിലേക്കുള്ള തിരിച്ചുവരവ് പരസ്യമാക്കിയത്. പ്രിൻസ്റ്റൺ സർവകലാശാലയിലെ തത്ത്വചിന്ത വിഭാഗത്തിൽ ഗവേഷകനായ അദ്ദേഹം തത്ത്വചിന്തയിലൂടെയുള്ള ദൈവാന്വേഷണമാണ് തന്റെ വിശ്വാസയാത്രയിൽ നിർണായകമായതെന്ന് വ്യക്തമാക്കി.
കത്തോലിക്കാ കുടുംബപശ്ചാത്തലത്തിൽ വളർന്ന സ്മിഡ് പിന്നീട് ചില ബൗദ്ധിക സംശയങ്ങളുടെയും ചിന്തകളുടെയും സ്വാധീനത്തിൽ ആദ്യം നിരീശ്വര വാദത്തിലേക്കും പിന്നീട് അജ്ഞേയവാദത്തിലേക്കും മാറുകയായിരുന്നു. പരിണാമ പ്രക്രിയയിൽ മൃഗങ്ങൾ അനുഭവിക്കുന്ന ദുരിതത്തെക്കുറിച്ചുള്ള ചോദ്യങ്ങളാണ് ദൈവവിശ്വാസത്തെ ആദ്യം ചോദ്യം ചെയ്യാൻ തന്നെ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
എന്നാൽ ദൈവത്തിന്റെ അസ്തിത്വത്തെക്കുറിച്ചുള്ള തത്ത്വചിന്താപരമായ വാദങ്ങളിലേക്ക് പിന്നീട് അദ്ദേഹത്തിന്റെ അന്വേഷണം നീങ്ങി. ജോഷ്വ റാസ്മുസ്സൻ, അലക്സാണ്ടർ പ്രസ് തുടങ്ങിയ ചിന്തകരുടെ ആശയങ്ങൾ സ്മിഡിന്റെ അന്വേഷണത്തിന് പുതിയ ദിശ നൽകി. ദൈവം ഉണ്ടെന്ന വിശ്വാസത്തിന് യുക്തിപരവും തത്ത്വചിന്താപരവുമായ അടിത്തറയുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം തേടിയായിരുന്നു തുടർന്നുള്ള യാത്ര.
ഏകദേശം ഒരു പതിറ്റാണ്ട് നീണ്ട ദൈവാന്വേഷണത്തിനൊടുവിലാണ് സ്മിഡ് ക്രൈസ്തവ വിശ്വാസത്തിലേക്ക് മടങ്ങിയെത്തിയത്. തന്റെ വിശ്വാസയാത്രയിലെ പുതിയ അധ്യായം യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച അദ്ദേഹം ദൈവവിശ്വാസത്തിലേക്കുള്ള തന്റെ തിരിച്ചുവരവ് നിർണായകമായ ആത്മീയ അനുഭവമായാണ് കാണുന്നത്.

