കാഠ്മണ്ഡു: നേപ്പാളിലെ രസുവ ജില്ലയിൽ ഉണ്ടായ അതിശക്തമായ മിന്നൽ പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായവുമായി കത്തോലിക്കാ സന്നദ്ധ സംഘടനയായ കാരിത്താസ്. പ്രളയബാധിതരായ ആയിരത്തോളം കുടുംബങ്ങൾക്ക് ഇതിനകം അടിയന്തര ഭക്ഷണം, താമസസൗകര്യം, മറ്റ് അവശ്യവസ്തുക്കൾ എന്നിവ സംഘടന ലഭ്യമാക്കിയിട്ടുണ്ട്.
പ്രളയത്തിൽ റോഡുകൾ തകർന്നതും പ്രതികൂല കാലാവസ്ഥ തുടരുന്നതും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വലിയ വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. എങ്കിലും പ്രാദേശിക സംവിധാനങ്ങളുമായി സഹകരിച്ച് സാധ്യമായ എല്ലാ സഹായങ്ങളും ദുരിതബാധിതരിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് കാരിത്താസ് നേപ്പാൾ.
തയ്യാറാക്കിയ ഭക്ഷണപ്പൊതികൾ, ശുചിത്വ കിറ്റുകൾ, സോളാർ ലൈറ്റുകൾ തുടങ്ങിയ അവശ്യസാധനങ്ങളും വിതരണം ചെയ്യുന്നുണ്ട്. അടിയന്തര സഹായത്തിൽ ഒതുങ്ങാതെ ദുരിതബാധിതരുടെ പുനരധിവാസത്തിനും ഉപജീവനമാർഗങ്ങൾ പുനഃസ്ഥാപിക്കുന്നതിനുമായി ദീർഘകാല പദ്ധതികൾക്കും കാരിത്താസ് തുടക്കം കുറിച്ചിട്ടുണ്ട്.നാലായിരത്തോളം കുടുംബങ്ങളിലേക്ക് സഹായം വ്യാപിപ്പിക്കുകയാണ് കാരിത്താസ് നേപ്പാളിന്റെ ലക്ഷ്യം.

