കൊച്ചി: വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ യശഃശരീരനായ ആർച്ച്ബിഷപ്പ് ഡോ. ബർണദീൻ ബെച്ചിനെല്ലിയുടെ 158-ാം ചരമവാർഷിക ദിനാചരണത്തോടനുബന്ധിച്ച് അനുസ്മരണ സമ്മേളനവും ഛായാചിത്ര പ്രകാശനവും സംഘടിപ്പിച്ചു. കൂനമ്മാവ് സെന്റ് ഫിലോമിനാസ് സ്കൂളിൽ നടന്ന ചടങ്ങിൽ വരാപ്പുഴ അതിരൂപത സഹായമെത്രാൻ ഡോ. ആൻറണി വാലുങ്കൽ ഛായാചിത്രം പ്രകാശനം ചെയ്തു.1833-ൽ ഇറ്റലിയിൽ നിന്ന് കേരളത്തിലെത്തിയ ആർച്ച്ബിഷപ്പ് ഡോ. ബർണദീൻ ബെച്ചിനെല്ലി തന്റെ ജീവിതകാലം മുഴുവൻ കേരളസഭയുടെ വളർച്ചയ്ക്കായി സമർപ്പിച്ച മഹാമിഷനറിയായിരുന്നു. 1857-ൽ ‘പള്ളിക്കൊപ്പം പള്ളിക്കൂടം’ എന്ന ആശയത്തിന് ശക്തമായ രൂപം നൽകിക്കൊണ്ട് അദ്ദേഹം ഇടയലേഖനം പുറപ്പെടുവിച്ചു.

അതിരൂപതയിലെ ഓരോ ഇടവകയിലും കുട്ടികൾക്ക് വിദ്യാഭ്യാസം ലഭ്യമാക്കണമെന്നും ജാതിമതഭേദമന്യേ എല്ലാവർക്കുമായി വിദ്യാലയങ്ങളുടെ വാതിൽ തുറക്കണമെന്നും അദ്ദേഹം നിർദേശിച്ചു.1866-ൽ ആരംഭിച്ച പിടിയരി പ്രസ്ഥാനത്തിലൂടെ പാവപ്പെട്ടവർക്ക് അത്താണിയായ അദ്ദേഹം, അതേ കാലഘട്ടത്തിൽ മദർ ഏലീശ്വായുടെ നേതൃത്വത്തിലുള്ള സ്ത്രീകളുടെ സന്യസ്ത ജീവിതത്തിനും സാമൂഹ്യ പ്രവർത്തനങ്ങൾക്കും നിർണായക പിന്തുണ നൽകി. ആത്മീയത, വിദ്യാഭ്യാസം, സാമൂഹ്യസേവനം എന്നിവ സമന്വയിപ്പിച്ച ചരിത്രപുരുഷനും നവോത്ഥാന നായകനുമായിരുന്നു ആർച്ച്ബിഷപ്പ് ഡോ. ബർണദീൻ ബെച്ചിനെല്ലിയെന്ന് അനുസ്മരണ സമ്മേളനം വിലയിരുത്തി.1868 സെപ്റ്റംബർ 5-ന് വരാപ്പുഴയിൽ അദ്ദേഹം കാലം ചെയ്തു. അദ്ദേഹത്തിന്റെ സ്മരണ പുതുക്കി സംഘടിപ്പിച്ച സമ്മേളനത്തിൽ റവ. ഡോ. അൽഫോൺസ് പനക്കൽ മുഖ്യപ്രഭാഷണം നടത്തി.കൂനമ്മാവ് തീർത്ഥാടനകേന്ദ്രം റെക്ടർ മോൺ. സെബാസ്റ്റ്യൻ ലൂയിസ്, വൈസ് റെക്ടർ ഫാ. എബി ഡ്യൂറോം, വരാപ്പുഴ അതിരൂപത ബിസിസി ഡയറക്ടർ ഫാ. യേശുദാസ് പഴമ്പിള്ളി, യേശുദാസ് പറപ്പിള്ളി, കൂനമ്മാവ് സ്കൂൾ പ്രിൻസിപ്പൽ ഡോ. ഡീൻ റോയ്, ഹെഡ്മിസ്ട്രസ് മിനി ഏലിയാസ് എന്നിവർ സംസാരിച്ചു.

