ജെയിംസ് അഗസ്റ്റിൻ
ലോകമെങ്ങുമുള്ള സിനിമ തീയേറ്ററുകൾ ഇപ്പോൾ അതിനൂതന സാങ്കേതിക വിദ്യയിലാണ് പ്രവർത്തിക്കുന്നത്. ലേസർ പ്രൊജക്ഷനും 4കെ,8കെ റെസല്യൂഷനും എച്ച്.ഡി.ആർ. മികവും കാഴ്ചകളുടെ പുതിയ ലോകം തുറക്കുന്നു. പരമ്പരാഗത ചാനൽ അധിഷ്ഠിത (5.1,7.1,9.1) ശബ്ദ സംവിധാനത്തിനു പകരം ഡ്രോപ്പ്-ഇൻ ഒബ്ജക്റ്റ് ഓഡിയോ തീയേറ്ററുകളിൽ വന്നു കഴിഞ്ഞു.തീയേറ്ററിന്റെ വശങ്ങളിലും മേൽക്കൂരയിലുമായി ഘടിപ്പിക്കുന്ന നൂറു കണക്കിനു സ്പീക്കറുകളിലൂടെ മഴ പെയ്യുന്നതും ഹെലികോപ്റ്റർ പറക്കുന്നതും നമ്മുടെ തലയ്ക്കു മുകളിൽ നിന്നും വരുന്ന ശബ്ദത്തിലൂടെ നമുക്ക് കേൾക്കാം. വെറുമൊരു കാഴ്ച എന്നതിലപ്പുറം പ്രേക്ഷകനെ സിനിമയുടെ ഭാഗമാക്കുന്നു ഈ സാങ്കേതിക മാറ്റങ്ങൾ.
നമ്മുടെ തീയേറ്ററുകളിൽ അത്യാധുനിക ശബ്ദവിന്യാസം എത്തിയെങ്കിലും മലയാളികൾ ഏറ്റവും കൂടുതൽ കേട്ടിട്ടുള്ളതും, ഏറ്റവും വശ്യവും ഗാംഭീര്യവുമുള്ളതുമായ ആ സ്വരം ഈ പുതിയ ശബ്ദമികവിൽ നമുക്ക് കേൾക്കാൻ ഭാഗ്യം ഉണ്ടായിരുന്നില്ല. അതേ, പറഞ്ഞു വരുന്നത് ഗാന ഗന്ധർവൻ ഡോ.കെ.ജെ. യേശുദാസിന്റെ പാട്ടിനെപ്പറ്റിയാണ്. മലയാളം സിനിമയ്ക്കു വേണ്ടി അദ്ദേഹം പാടിയിട്ട് വർഷങ്ങളാകുന്നു. അതുകൊണ്ടു തന്നെ മേന്മയാർന്ന പുതിയ സ്പീക്കറുകളിലൂടെ അദ്ദേഹത്തിന്റെ സ്വരം കേൾക്കാനാകുന്നില്ലല്ലോ എന്നു സങ്കടപ്പെട്ടിരുന്ന കുറെ സംഗീതാസ്വാദകരും ഇവിടെയുണ്ടായിരുന്നു.
തിയേറ്ററുകളിൽ നിന്നും അകന്നു പോയ ആ ശബ്ദം ഈ ഓണക്കാലത്തു തിരികെ വന്നു. ആധുനിക തീയേറ്ററുകളിലെ ചുവരുകൾക്കുള്ളിലും മേൽക്കൂരയിലും സ്ക്രീനിനു പിന്നിലുമുള്ള എല്ലാ സ്പീക്കറുകളിലൂടെയും ആസ്വാദകർ ആ ശബ്ദം കേട്ടു. ബെത്ലഹേം കുടുംബയൂണിറ്റ് എന്ന സിനിമയിലാണു ‘യവനകഥയിൽ നിന്നു വന്ന ഇടയകന്യകേ’ എന്ന ഗാനം പ്രേക്ഷകർ കേട്ടത്.
മൂന്നു പതിറ്റാണ്ടുകൾക്കു മുൻപ് റെക്കോർഡ് ചെയ്ത ഗാനം. പ്രാരംഭ പ്രവർത്തനങ്ങൾ നടന്നിട്ട് ഇറങ്ങാതെ പോയ ‘അന്ന’ എന്ന സിനിമയ്ക്കായി ഒരുക്കിയ ഗാനമാണിത്. ജോഷി സംവിധാനം ചെയ്യേണ്ടിയിരുന്ന സിനിമ. അരവിന്ദ് സാമിയെ നായകനാക്കാൻ തീരുമാനിച്ചു.മീന,നഗ്മ ഇവരിലൊരാളെ നായികയാക്കാനും ധാരണയായി.
ഷിബു ചക്രവർത്തി എഴുതിയ എട്ടു പാട്ടുകൾക്ക് ഔസേപ്പച്ചൻ സംഗീതം നൽകി.
‘യവനകഥയിൽ നിന്നു വന്ന’ എന്നു തുടങ്ങുന്ന പാട്ടിന് ആദ്യം നൽകിയ ഈണത്തിൽ രചയിതാവ് ഷിബു ചക്രവർത്തി തൃപ്തനായില്ല. ഔസേപ്പച്ചനുമായി ഈ പാട്ടിന്റെ ഈണത്തെച്ചൊല്ലി വഴക്കിട്ട് ഇറങ്ങിപ്പോവുകയും ചെയ്തതായി ഷിബു ചക്രവർത്തി ഈയടുത്തു വെളിപ്പെടുത്തി. പിറ്റേന്നു രാവിലെ ലാൻഡ്ഫോണിൽ ഔസേപ്പച്ചൻ ഷിബുവിനെ വിളിക്കുകയും പുതിയ ഈണം കേൾപ്പിക്കുകയും ചെയ്തു. ആ ഈണത്തിൽ യേശുദാസും ചിത്രയും പാടിയ പാട്ടാണ് ഇപ്പോൾ പുതിയ സിനിമയിൽ ചേർത്തിട്ടുള്ളത്. 1995-ൽ കസ്സെറ്റ് റിലീസ് ചെയ്തു. അന്നു തന്നെ പാട്ടുകൾ ശ്രദ്ധിക്കപ്പെട്ടു. ഷിബു ചക്രവർത്തി-ഔസേപ്പച്ചൻ ടീമിന്റെ എട്ടു പാട്ടുകളും യേശുദാസ് പാടിയ രണ്ടു കീർത്തനങ്ങളും സിനിമയ്ക്കായി റെക്കോർഡ് ചെയ്തു. അഞ്ചു ലക്ഷം കസെറ്റുകൾ വിൽക്കുകയും ചെയ്തു.
സിനിമ പുറത്തിറങ്ങാതെ പാട്ടുകൾ മാത്രം വിപണിയിലെത്തിയ ലിസ്റ്റിലേക്ക് ‘അന്ന’യും ചേർക്കപ്പെട്ടു. പക്ഷെ, അതിലെ ഏറ്റവും മികച്ച ഗാനത്തിന് തീയേറ്ററിൽ എത്താൻ ഭാഗ്യമുണ്ടായി.
മലയാളസിനിമാചരിത്രത്തിൽ റിലീസ് ചെയ്യാത്ത ചിത്രങ്ങളിലെ നിരവധി പാട്ടുകൾ ഹിറ്റായിട്ടുണ്ട്. പി.ഭാസ്കരൻ എഴുതി ജെറി അമൽദേവ് സംഗീതം നൽകിയ ‘പൂവല്ല പൂന്തളിരല്ല മാനത്തെ മഴവില്ലല്ല'(കാട്ടുപോത്ത്), കെ.ജയകുമാറിന്റെ രചനയിൽ രവീന്ദ്രൻ സംഗീതം നൽകിയ ‘കുടജാദ്രിയിൽ കുടി കൊള്ളും മഹേശ്വരി'(നീലക്കടമ്പ്),കൈതപ്രം എഴുതി ജോൺസൺ സംഗീതം നൽകിയ ‘തുമ്പപ്പൂവിൽ ഉണർന്നൂ വാസരം'(അനന്തനും അപ്പുക്കുട്ടനും ആനയുണ്ട്) എന്നിവയൊക്കെ സിനിമയിറങ്ങാതെ പ്രശസ്തമായ പാട്ടുകളാണ്.
ഒ.എൻ.വി.-സലിൽ ചൗധരി ടീം ദേവദാസി എന്ന സിനിമയ്ക്കായി റെക്കോർഡ് ചെയ്ത ‘പൊന്നലയിൽ അമ്മാനമാടി എൻ തോണി’, ‘പദരേണു തേടിയലഞ്ഞു’ എന്നീ പാട്ടുകളും സ്ക്രീനിൽ എത്തിയില്ല. കാണാൻ കൊതിച്ച് എന്ന സിനിമയ്ക്ക് വേണ്ടി പി.ഭാസ്കരൻ എഴുതി വിദ്യാധരൻ സംഗീതം നൽകിയ ‘സ്വപ്നങ്ങളൊക്കെയും പങ്കു വയ്ക്കാം ദുഃഖ ഭാരങ്ങളും പങ്കു വയ്ക്കാം’ എന്ന പാട്ടും കസെറ്റിൽ മാത്രമായി നിന്നു.
ഇനിയും ഇങ്ങനെ വരാനായി കാത്തിരിക്കുന്ന കുറെ ഗാനങ്ങളുണ്ട്.
ആരെങ്കിലും അവയൊക്കെ കണ്ടുപിടിച്ചു നമ്മുടെ മുന്നിൽ എത്തിക്കുമായിരിക്കും.
നല്ല വരികളും ഈണവും കാലത്തെ അതിജീവിക്കുമെന്നും അവയ്ക്ക് ഒരിക്കലും പ്രായമാകില്ലെന്നും തെളിയിക്കുകയാണ് ബേത് ലഹേം കുടുംബയൂണിറ്റിലൂടെ മാന്ത്രികമായി തിരിച്ചെത്തിയ ഈ യവനകഥ.

