കോട്ടപ്പുറം: കോട്ടപ്പുറം ഇന്റഗ്രേറ്റഡ് ഡെവലപ്മെന്റ് സൊസൈറ്റി (കെ ഐ ഡി എസ് )യും കേരള ലേബർ മൂവ്മെന്റ് (കെ എൽ എം )യും സംയുക്തമായി കെഎൽഎമ്മിന്റെ പ്രവർത്തനങ്ങളും വിവിധ ക്ഷേമപദ്ധതികളും പരിചയപ്പെടുത്തുന്നതിനായി ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. കെഎൽഎമ്മിന്റെ ലക്ഷ്യങ്ങൾ, പ്രവർത്തനരീതി, തൊഴിലാളി ഫോറങ്ങൾ, വിവിധ ക്ഷേമനിധികൾ എന്നിവയെക്കുറിച്ച് സമഗ്രമായ അവബോധം നൽകുകയായിരുന്നു പരിശീലനത്തിന്റെ ലക്ഷ്യം.
കോട്ടപ്പുറം കത്തീഡ്രൽ വികാരി ഫാ. ഡൊമിനിക് പിൻഹിറോ പരിശീലനം ഉദ്ഘാടനം ചെയ്തു. കെഎൽഎം സംസ്ഥാന ഡയറക്ടർ ഫാ. അരുൺ വലിയതാഴത്ത് ആമുഖപ്രഭാഷണം നടത്തി. കെഎൽഎം കോട്ടപ്പുറം രൂപതാ പ്രസിഡന്റ് വിൻസെന്റ് ചിറയത്ത് അധ്യക്ഷത വഹിച്ചു. കെ ഐ ഡി എസ്സി യേറ്റ് ഡയറക്ടർ റവ. ഫാ. വിനു പീറ്റർ സ്വാഗതം ആശംസിച്ചു.രാവിലെ 10ന് ആരംഭിച്ച പരിശീലനത്തിൽ വിവിധ വിഷയങ്ങളിലായി മൂന്ന് സെഷനുകൾ നടന്നു. ‘കെഎൽഎം എന്തിന്? എന്താണ് കെഎൽഎം?’ എന്ന വിഷയത്തിൽ കെഎൽഎം സംസ്ഥാന റിസോഴ്സ് ടീം അംഗം മോളി ജോബി ആദ്യ സെഷന് നേതൃത്വം നൽകി. കെഎൽഎമ്മിന്റെ രൂപീകരണം, ലക്ഷ്യങ്ങൾ, പ്രവർത്തന മേഖലകളിലെ സംഘടനയുടെ പങ്ക് എന്നിവ വിശദീകരിച്ചു.തുടർന്ന് ‘കെഎൽഎം തൊഴിലാളി ഫോറങ്ങളും വിവിധ ക്ഷേമനിധികളും’ എന്ന വിഷയത്തിൽ മുൻ കെഎൽഎം സംസ്ഥാന പ്രസിഡന്റ് ഷാജു ആന്റണി ക്ലാസ് നയിച്ചു. തൊഴിലാളികൾക്ക് ലഭ്യമായ വിവിധ ക്ഷേമനിധികൾ, അംഗത്വ നടപടികൾ, ആനുകൂല്യങ്ങൾ, തൊഴിലാളി ഫോറങ്ങളുടെ പ്രവർത്തനം എന്നിവയെക്കുറിച്ച് വിശദീകരണം നൽകി.കെഎൽഎം സംസ്ഥാന റിസോഴ്സ് ടീം അംഗം പൗലോസ് ആലപ്പാട്ട് നയിച്ച അവസാന സെഷനിൽ കെഎൽഎം പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായി സമൂഹതലത്തിൽ എത്തിക്കുന്നതിനുള്ള മാർഗങ്ങൾ വിശദീകരിച്ചു. പരിശീലനത്തിന്റെ ഭാഗമായി സംശയനിവാരണവും ആശയവിനിമയവും നടന്നു. വിവിധ വിഷയങ്ങളിൽ ലഭിച്ച അറിവുകൾ വിലയിരുത്തുന്നതിനായി അവലോകന സെഷനും സംഘടിപ്പിച്ചു.കെഎൽഎമ്മിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് കൂടുതൽ വ്യക്തമായ ധാരണ നേടുന്നതിനും സംഘടനയുടെ സേവനങ്ങളും ക്ഷേമപദ്ധതികളും അർഹരായ തൊഴിലാളികളിലേക്ക് എത്തിക്കുന്നതിനും പരിശീലനം സഹായകമായി.

