ബെയ്ജിംഗ്: വത്തിക്കാനും ചൈനീസ് ഭരണകൂടവും തമ്മിലുള്ള മെത്രാൻ നിയമന കരാറിന്റെ ഭാഗമായി ചൈനയിൽ പുതിയ മെത്രാൻ ചുമതലയേറ്റു. ഷാൻക്സി പ്രവിശ്യയിലെ ദാതോങ് രൂപതയുടെ മെത്രാനായി പൗലോസ് ലിയു ഹോങ്ഗാംഗിന്റെ മെത്രാഭിഷേകമാണ് തിങ്കളാഴ്ച നടന്നത്.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ ചൈനയിൽ അഭിഷിക്തനാകുന്ന മൂന്നാമത്തെ കത്തോലിക്കാ മെത്രാനാണ് അദ്ദേഹം.1970 നവംബർ 2ന് ഷാൻക്സിയിൽ ജനിച്ച ലിയു ഹോങ്ഗാംഗ് ഫെന്യാങ് സെമിനാരിയിലും ബെയ്ജിംഗിലെ നാഷണൽ സെമിനാരിയിലുമായി ദൈവശാസ്ത്ര പഠനം പൂർത്തിയാക്കി. 1996 നവംബറിൽ വൈദികനായി അഭിഷിക്തനായ അദ്ദേഹം 2005 മാർച്ച് മുതൽ ദാതോങ് രൂപതയുടെ അഡ്മിനിസ്ട്രേറ്ററായി സേവനം അനുഷ്ഠിച്ചുവരികയായിരുന്നു.വത്തിക്കാനും ബെയ്ജിംഗും തമ്മിലുള്ള താത്കാലിക കരാറിലെ വ്യവസ്ഥകൾ പ്രകാരം ഓഗസ്റ്റ് 10ന് ലെയോ പതിനാലാമൻ പാപ്പാ ലിയു ഹോങ്ഗാംഗിന്റെ നിയമനത്തിന് അംഗീകാരം നൽകിയിരുന്നു.
ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ മെത്രാഭിഷേകം നടന്നത്.ഇതിനുമുമ്പ് ഇന്നർ മംഗോളിയയിലെ ബാമെങ്, ചീഫെങ് രൂപതകളിലും പുതിയ മെത്രാന്മാരുടെ അഭിഷേകം നടന്നിരുന്നു. ലെയോ പതിനാലാമൻ പാപ്പാ ചുമതലയേറ്റശേഷം ചൈനയുമായുള്ള വത്തിക്കാന്റെ നയതന്ത്ര സംഭാഷണങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നതിന്റെ സൂചനയായാണ് തുടർച്ചയായ മെത്രാൻ നിയമനങ്ങളെ വിലയിരുത്തുന്നത്.നിലവിലെ താത്കാലിക കരാർ പ്രാബല്യത്തിൽ വന്നതിനുശേഷം ഇതുവരെ 17 കത്തോലിക്കാ മെത്രാന്മാരാണ് ചൈനയിൽ നിയമിതരായിട്ടുള്ളത്.

