കോൺസ്റ്റാന്റിനോപ്പിൾ: പരിസ്ഥിതി പ്രതിസന്ധി നേരിടുന്നതിനും സുസ്ഥിര വികസനം ഉറപ്പാക്കുന്നതിനും മനുഷ്യകുടുംബം ഒരുമിച്ച് പ്രവർത്തിക്കണമെന്ന് എക്യുമെനിക്കൽ പാത്രിയാർക്കീസ് ബർത്തലോമിയോ ഒന്നാമൻ ആഹ്വാനം ചെയ്തു. സെപ്റ്റംബർ ഒന്നിന് ആചരിക്കുന്ന പരിസ്ഥിതി സംരക്ഷണത്തിനായുള്ള ആഗോള പ്രാർത്ഥനാ ദിനത്തോടനുബന്ധിച്ച് നൽകിയ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
മനുഷ്യന്റെ അനിയന്ത്രിതമായ ഇടപെടലുകൾ ഭൂമിയുടെ നിലനിൽപ്പിന് ഗുരുതരമായ ഭീഷണിയായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. പ്രകൃതിവിഭവങ്ങളുടെ അമിത ചൂഷണവും ഉപഭോഗകേന്ദ്രിതമായ ജീവിതശൈലിയും അവസാനിപ്പിച്ച് ഉത്തരവാദിത്വപൂർണമായ വികസനത്തിലേക്ക് സമൂഹം മാറേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.പ്രകൃതിയുമായുള്ള മനുഷ്യന്റെ ബന്ധത്തിലുണ്ടാകുന്ന തകർച്ച സ്വാതന്ത്ര്യത്തിന്റെയും ധാർമ്മിക ഉത്തരവാദിത്വത്തിന്റെയും പ്രതിസന്ധിയെയാണ് സൂചിപ്പിക്കുന്നതെന്ന് പാത്രിയാർക്കീസ് ചൂണ്ടിക്കാട്ടി. ഭൂമിക്ക് മനുഷ്യന്റെ നിരന്തരമായ ചൂഷണം അനന്തമായി സഹിക്കാനാകുമെന്ന ധാരണ ഉപേക്ഷിക്കണമെന്നും പ്രകൃതിയോടുള്ള മനുഷ്യന്റെ സമീപനത്തിൽ അടിസ്ഥാനപരമായ മാറ്റം അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
സാമ്പത്തിക നേട്ടങ്ങൾക്കും ഭൗമരാഷ്ട്രീയ താൽപ്പര്യങ്ങൾക്കും വേണ്ടി പരിസ്ഥിതിയെ ത്യജിക്കുന്നത് ഭാവിയിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കും. വരും തലമുറകൾക്കായി ഭൂമിയെ സംരക്ഷിക്കുന്നതിന് രാജ്യങ്ങളും സമൂഹങ്ങളും വ്യക്തികളും കൂട്ടായ ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കണമെന്നും ബർത്തലോമിയോ ഒന്നാമൻ ആവശ്യപ്പെട്ടു.
