റോം: യുദ്ധങ്ങളും സംഘർഷങ്ങളും കുടിയേറ്റവും തുടരുന്നതിനിടെ മധ്യപൂർവേഷ്യയിലെ ക്രൈസ്തവ സാന്നിധ്യം അതിവേഗം കുറഞ്ഞുവരുന്നത് ഗൗരവമായ ആശങ്കയ്ക്ക് ഇടയാക്കുന്നതായി പൗരസ്ത്യ സഭകൾക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്ട് കർദ്ദിനാൾ ക്ലൗദിയോ ഗുജറോത്തി.
ഇറ്റലിയിലെ റിമിനിയിൽ നടന്ന 47-ാമത് ‘ജനതകളുടെ സൗഹൃദത്തിനായുള്ള സമ്മേളനത്തിൽ’ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൗരസ്ത്യ നാടുകളിൽ ക്രൈസ്തവർ നേരിടുന്ന കടുത്ത വെല്ലുവിളികളിലേക്കും അവരുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കകളിലേക്കും അദ്ദേഹം ശ്രദ്ധ ക്ഷണിച്ചു.യുദ്ധവും ആഭ്യന്തര സംഘർഷങ്ങളും മൂലം നിരവധി കുടുംബങ്ങൾ സ്വന്തം നാടുകളിൽനിന്ന് പലായനം ചെയ്യേണ്ടിവരുന്ന സാഹചര്യമാണുള്ളതെന്ന് കർദ്ദിനാൾ ചൂണ്ടിക്കാട്ടി.
ഇതോടെ ചരിത്രപരമായി ക്രൈസ്തവ സാന്നിധ്യമുണ്ടായിരുന്ന പ്രദേശങ്ങളിൽ വിശ്വാസികളുടെ എണ്ണം തുടർച്ചയായി കുറഞ്ഞുവരികയാണ്.ക്രൈസ്തവ വിശ്വാസം വൈവിധ്യവും ബഹുസ്വരതയും ഉൾക്കൊള്ളുന്ന യാഥാർഥ്യമാണെന്നും ഈ സമ്പന്നമായ പാരമ്പര്യം കിഴക്കൻ ലോകത്ത് ഗുരുതരമായ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തര യുദ്ധങ്ങളും അസ്ഥിരതയും നിലവിലെ സാഹചര്യത്തെ കൂടുതൽ സങ്കീർണമാക്കുകയാണെന്നും കർദ്ദിനാൾ ഗുജറോത്തി വ്യക്തമാക്കി.
