വരാപ്പുഴ: കെസിവൈഎം യൂണിറ്റ് പ്രസിഡന്റായി പ്രവർത്തിച്ചിരുന്ന ഒരാൾ നിയമസഭാംഗമായി മാറിയെന്നത് കേരളത്തിലെ ലത്തീൻ കത്തോലിക്ക യുവജന സംഘടനാ പ്രവർത്തകരെ സംബന്ധിച്ചിടത്തോളം ചരിത്രപരമായ നേട്ടമാണെന്ന് ആലപ്പുഴ എംഎൽഎ എ.ഡി. തോമസ്.
വരാപ്പുഴ അതിരൂപത സംഘടിപ്പിച്ച യുവജന സംഗമത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സമഗ്ര വികസനവും സമ്പൂർണ്ണ വിമോചനവും ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങളുടെ പ്രാധാന്യം ഉയർത്തിപ്പിടിച്ചുകൊണ്ടായിരുന്നു എംഎൽഎയുടെ പ്രസംഗം. കെസിവൈഎം യൂണിറ്റ് പ്രസിഡന്റായി പ്രവർത്തിച്ചിരുന്ന ലത്തീൻ കത്തോലിക്കാ വിഭാഗത്തിൽപ്പെട്ട ഒരാൾ ഇതുവരെ കേരള നിയമസഭയിലെത്തിയിട്ടില്ലെന്ന പശ്ചാത്തലവും അദ്ദേഹം പങ്കുവച്ചു.മതബോധന അധ്യാപകനായും മറ്റ് വിവിധ മേഖലകളിലൂടെയും ഇന്നും സഭയുമായി അടുത്ത ബന്ധം പുലർത്തുന്നുണ്ടെന്ന് എ.ഡി. തോമസ് പറഞ്ഞു.
തന്റെ സ്വഭാവരൂപീകരണത്തിലും സാമൂഹിക കാഴ്ചപ്പാടുകളുടെ വളർച്ചയിലും ക്രൈസ്തവ സംഘടനാ പ്രവർത്തനങ്ങൾ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, വിവിധ ജാതി-മത വിഭാഗങ്ങളിൽപ്പെട്ടവരുടെയും വ്യത്യസ്ത രാഷ്ട്രീയ വീക്ഷണങ്ങൾ പുലർത്തുന്നവരുടെയും പിന്തുണയോടെയാണ് താൻ തെരഞ്ഞെടുപ്പിൽ വിജയിച്ചതെന്ന് എംഎൽഎ പറഞ്ഞു. അതിനാൽ തന്നെ വോട്ട് ചെയ്ത എല്ലാവരുടെയും മാത്രമല്ല, മണ്ഡലത്തിലെ മുഴുവൻ ജനങ്ങളുടെയും പ്രതിനിധിയാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.യുവജന സംഗമത്തിൽ എ.ഡി. തോമസ് പങ്കുവച്ച അനുഭവങ്ങളും നിലപാടുകളും സഭാ സംഘടനകളിലൂടെ പൊതുപ്രവർത്തന രംഗത്തേക്ക് കടന്നുവരുന്ന യുവജനങ്ങൾക്ക് പ്രചോദനമാകുന്നതായിരുന്നു.

