കോട്ടയം : ഉപേക്ഷിക്കപ്പെട്ടും അനാഥരായും ജീവിതത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ ഒറ്റപ്പെട്ടുപോയ കുഞ്ഞുങ്ങൾക്ക് സ്നേഹവും സുരക്ഷയും പുതിയൊരു ജീവിതവും ഒരുക്കുകയാണ് തൊട്ടയ്ക്കാട് ഇൻഫന്റ് ജീസസ് ശിശുഭവൻ.
കുഞ്ഞുങ്ങളുടെ കളിച്ചിരികളും ചിരികളും നിറഞ്ഞ ഈ സ്നേഹക്കൂടാരം ജീവകാരുണ്യ പ്രവർത്തനങ്ങളുടെ വേറിട്ട മാതൃക കൂടിയാണ്.ജന്മം നൽകിയവരാൽ ഉപേക്ഷിക്കപ്പെട്ടവർ, മാതാപിതാക്കൾ നഷ്ടപ്പെട്ടവർ, അംഗപരിമിതികളുടെ പേരിൽ തിരസ്കരിക്കപ്പെട്ടവർ, ഉറ്റവരില്ലാതെ തെരുവോരങ്ങളിൽ ഉപേക്ഷിക്കപ്പെട്ടവർ തുടങ്ങി വിവിധ സാഹചര്യങ്ങളിൽ ജീവിതത്തിലേക്ക് ഒറ്റപ്പെട്ടെത്തിയ കുഞ്ഞുങ്ങൾക്കാണ് ശിശുഭവൻ തണലാകുന്നത്.
യൗസേപ്പിന്റെ പുത്രികൾ (ഡോട്ടേഴ്സ് ഓഫ് സെന്റ് ജോസഫ്സ്–ഡിഎസ്ജെ) സന്യാസിനീസമൂഹത്തിലെ സിസ്റ്റർ സൊളി, സിസ്റ്റർ ആൽഫി, സിസ്റ്റർ സിനി, സിസ്റ്റർ ടെസ്, സിസ്റ്റർ ബിയാട്രിസ് എന്നിവരാണ് കുഞ്ഞുങ്ങളുടെ പരിചരണത്തിനും സംരക്ഷണത്തിനും നേതൃത്വം നൽകുന്നത്. കുഞ്ഞുങ്ങളുടെ അച്ചനും അമ്മയുമായി ഇവർ സ്നേഹത്തോടെ ഒപ്പമുണ്ട്.1998ൽ രാജമറ്റം മഠത്തിലെ ഒരു കുഞ്ഞുമുറിയിൽ മൂന്ന് കുഞ്ഞുങ്ങളുമായി ആരംഭിച്ച ശിശുഭവനത്തിന്റെ സേവനം ഇന്ന് നാനൂറിലധികം കുരുന്നുകളുടെ ജീവിതത്തെ സ്പർശിച്ചുകഴിഞ്ഞു. കേന്ദ്രസർക്കാരിന്റെ നിയമപരമായ ദത്തെടുക്കൽ സ്ഥാപനമെന്ന അംഗീകാരം 2000ൽ ലഭിച്ചതോടെ, അർഹരായ കുഞ്ഞുങ്ങൾക്ക് സുരക്ഷിതമായ കുടുംബജീവിതത്തിലേക്കുള്ള വഴിയും ഇവിടെ തുറന്നു.ഇതുവരെ ഇരുന്നൂറിലധികം കുഞ്ഞുങ്ങളെ നിയമനടപടികൾ പൂർത്തിയാക്കി വിവിധ കുടുംബങ്ങളിലേക്ക് ദത്തുനൽകിയിട്ടുണ്ട്. കോട്ടയം ജില്ലയിൽ ഔദ്യോഗികമായി ദത്തെടുക്കൽ നടപടികൾ നടത്തിവരുന്ന ഏക സ്ഥാപനമാണ് ഇൻഫന്റ് ജീസസ് ശിശുഭവൻ.
ഉപേക്ഷിക്കപ്പെടുന്ന കുഞ്ഞുങ്ങളുടെ എണ്ണവും അവരുടെ ജീവിതത്തിലെ പ്രതിസന്ധികളും വർധിക്കുന്ന സാഹചര്യത്തിൽ, സ്നേഹവും കരുതലും നൽകി ഓരോ കുഞ്ഞിനും സുരക്ഷിതമായൊരു ഭാവി ഒരുക്കുകയാണ് ശിശുഭവൻ.

