തിരുവനന്തപുരം: മത്സ്യബന്ധനത്തിനിടയിൽ ജീവൻ നഷ്ടപ്പെടുന്ന മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിൽ നിന്ന് കുറഞ്ഞത് ഒരംഗത്തിന് സ്ഥിരമായി സർക്കാർ ജോലി നൽകണമെന്നും, അർഹമായ അടിയന്തര സഹായങ്ങൾ താമസം കൂടാതെ വിതരണം ചെയ്യണമെന്നും ലത്തീൻ കത്തോലിക്ക ഐക്യവേദി ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസങ്ങളിൽ നടന്ന രക്ഷാപ്രവർത്തനങ്ങളിൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയും ബന്ധപ്പെട്ട വകുപ്പ് മന്ത്രിയും സംസ്ഥാന സർക്കാരും നടത്തിയ ഇടപെടലുകൾക്കും സഹകരണങ്ങൾക്കും യോഗം പ്രത്യേക നന്ദി രേഖപ്പെടുത്തി. സംസ്ഥാന പ്രസിഡന്റ് ഫ്രാൻസിസ് ആൽബർട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഈ ആവശ്യങ്ങൾ ഉന്നയിച്ചത്.പ്രകൃതിക്ഷോഭങ്ങളും കടൽക്ഷോഭങ്ങളും തുടർച്ചയായി ഉണ്ടാകുന്ന സാഹചര്യത്തിൽ, ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി രക്ഷാപ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമവും വേഗതയേറിയതുമായ രീതിയിൽ നടത്തുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
കൂടാതെ, ഈ പ്രവർത്തനങ്ങൾ കൃത്യമായി നടപ്പിലാക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്നതിനായി തീരദേശ മേഖലയിലെ പ്രഗത്ഭരെ ഉൾപ്പെടുത്തി പ്രത്യേക കമ്മറ്റി രൂപീകരിക്കണമെന്നും ഐക്യവേദി നിർദേശിച്ചു.അശാസ്ത്രീയമായി നിർമ്മിച്ച മുതലപ്പൊഴിയിലെ പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട വിഷയങ്ങൾ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോടും ഫിഷറീസ് വകുപ്പ് മന്ത്രിയോടും നിവേദനമായി സമർപ്പിക്കാനും തീരുമാനിച്ചു.യോഗത്തിൽ ജനറൽ സെക്രട്ടറി തങ്കച്ചൻ സ്വാഗതം ആശംസിച്ചു. ഐക്യവേദി ഭാരവാഹികളായ ബാബുരാജ്, വില്യം ലാൻസി, ആൻഡ്രൂ എഡിസൺ, ഡാനിയൽ പെരേര, റീന ഫ്രാങ്ക്ലിൻ (കൊല്ലം), തോമസ് (ആലപ്പുഴ), അഗസ്റ്റിൻ (എറണാകുളം), റോസി (കൊച്ചി), രാജൻ (വിഴിഞ്ഞം) എന്നിവർ പ്രസംഗിച്ചു.

