വത്തിക്കാൻ: വെസ്റ്റ് ബാങ്കിൽ പലസ്തീൻ പൗരന്മാർക്കെതിരെ തുടരുന്ന അക്രമങ്ങളിൽ ആശങ്ക രേഖപ്പെടുത്തി ലെയോ പതിനാലാമൻ പാപ്പാ. അക്രമങ്ങൾക്ക് അറുതി വരുത്താനും മേഖലയിലെ സമാധാനം പുനഃസ്ഥാപിക്കാനും അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് പാപ്പാ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു.
ഓഗസ്റ്റ് 16-ന് മധ്യാഹ്ന പ്രാർത്ഥനയ്ക്കുശേഷം വിശ്വാസികളെ അഭിസംബോധന ചെയ്യവെയാണ് പാപ്പാ വെസ്റ്റ് ബാങ്കിലെ സ്ഥിതിഗതികളിൽ തന്റെ ആശങ്ക പ്രകടിപ്പിച്ചത്. പലസ്തീൻ ജനതയ്ക്കെതിരായ ആവർത്തിച്ചുള്ള അക്രമങ്ങൾ അവസാനിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.നീതിയിലും ശാശ്വത സമാധാനത്തിലും അധിഷ്ഠിതമായ പരിഹാരമാണ് മധ്യപൂർവേഷ്യയ്ക്ക് ആവശ്യമെന്ന് പാപ്പാ പറഞ്ഞു. ഇസ്രായേലിനും പലസ്തീനുമെന്ന രണ്ട് രാഷ്ട്രങ്ങൾ എന്ന ആശയത്തെ അടിസ്ഥാനമാക്കിയുള്ള പരിഹാരം മുന്നോട്ടുകൊണ്ടുപോകാൻ അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
വെസ്റ്റ് ബാങ്കിലെ സംഘർഷങ്ങൾ കൂടുതൽ രൂക്ഷമാകുന്നത് സാധാരണ ജനങ്ങളുടെ ജീവിതത്തെയും മേഖലയിലെ സമാധാനശ്രമങ്ങളെയും ഗുരുതരമായി ബാധിക്കുന്ന സാഹചര്യത്തിലാണ് പാപ്പായുടെ ആഹ്വാനം.

