തിരുവനന്തപുരം: തിരുവിതാംകൂറിന്റെ മണ്ണിൽ യേശുവിനുവേണ്ടി ആയിരങ്ങളെ നേടിയെടുത്ത പ്രേഷിതവര്യനും സാമൂഹിക, വിദ്യാഭ്യാസ, ആതുരശുശ്രൂഷാ മേഖലകളിൽ നിസ്തുലമായ സംഭാവനകൾ നൽകിയ ആചാര്യശ്രേഷ്ഠനുമായ ദൈവദാസൻ ആർച്ച് ബിഷപ്പ് അലോഷ്യസ് മരിയ ബെൻസിഗർ ഒ.സി.ഡി.യുടെ 84-ാം അനുസ്മരണദിനം ഭക്ത്യാദരപൂർവം ആചരിച്ചു.

തിരുവനന്തപുരം കാർമൽ ഹിൽ ആശ്രമ ദേവാലയത്തിൽ രാവിലെ ഏഴിന് നടന്ന അനുസ്മരണ ദിവ്യബലിക്ക് കൊല്ലം ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി മുഖ്യകാർമികത്വം വഹിച്ചു. തുടർന്ന് ദൈവദാസന്റെ കബറിടത്തിൽ പ്രാർത്ഥന നടത്തി. കൊല്ലം രൂപത വികാരി ജനറൽ മോൺ. ഡോ. ബൈജു ജൂലിയൻ, ഫാ. ജേക്കബ് ഒ.സി.ഡി., ഫാ. തോമസ് കടുത്താനം ഒ.സി.ഡി., ഡോ. കുര്യൻ ആലുങ്കൽ ഒ.സി.ഡി. എന്നിവർ സഹകാർമികരായി.കൊല്ലം, പുനലൂർ രൂപതകളിൽ നിന്നുള്ള തീർത്ഥാടകസംഘങ്ങളും ദൈവദാസന്റെ കബറിടത്തിലെത്തി പ്രാർത്ഥന നടത്തി.വൈകുന്നേരം 5.30ന് നടന്ന അനുസ്മരണ ദിവ്യബലിക്ക് കാർമൽ ഹിൽ ആശ്രമ സുപ്പീരിയർ ഫാ. തോമസ് കടുത്താനം മുഖ്യകാർമികത്വം വഹിച്ചു. ഡോ. കുര്യൻ ആലുങ്കൽ അനുസ്മരണ പ്രഭാഷണം നടത്തി.ദൈവദാസൻ ആർച്ച് ബിഷപ്പ് അലോഷ്യസ് മരിയ ബെൻസിഗർ ഒ.സി.ഡി.യുടെ നാമകരണ നടപടികൾ ത്വരിതപ്പെടുത്തി അദ്ദേഹത്തെ എത്രയും വേഗം അൾത്താരവണക്കത്തിന് യോഗ്യനാക്കണമെന്ന നിയോഗത്തോടെ ഭക്തജനങ്ങൾ ഈ ദിനത്തിൽ തീക്ഷ്ണമായി പ്രാർത്ഥിച്ചു.

