കൊച്ചി: വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരങ്ങൾക്ക് സാമ്പത്തിക സഹായം നൽകിയെന്നാരോപിച്ച് രണ്ട് എൻജിഒകളുടെ വിദേശ സംഭാവന നിയന്ത്രണ നിയമം (എഫ്സിആർഎ) രജിസ്ട്രേഷൻ പുതുക്കി നൽകാതിരുന്ന കേന്ദ്ര സർക്കാർ നടപടി കേരള ഹൈക്കോടതി റദ്ദാക്കി.
കോട്ടയം ആസ്ഥാനമായ കേരള സോഷ്യൽ സർവീസ് ഫോറവും എറണാകുളം ആസ്ഥാനമായ സേവ് എ ഫാമിലി പ്ലാൻ ഇന്ത്യയും സമർപ്പിച്ച ഹർജികളിലാണ് കോടതി ഉത്തരവ്.ജനാധിപത്യ രാജ്യത്ത് സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പുനൽകുന്നതാണെന്ന് കോടതി വ്യക്തമാക്കി. അത്തരം സമരങ്ങൾക്ക് സാമ്പത്തിക പിന്തുണ നൽകുന്നത് മാത്രം വിദേശ ഫണ്ട് തെറ്റായ രീതിയിൽ വിനിയോഗിച്ചതായോ പൊതുതാൽപ്പര്യത്തിന് വിരുദ്ധമായ പ്രവർത്തനമായോ കണക്കാക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.എഫ്സിആർഎ നിയമത്തിൽ വിദേശ ഫണ്ട് ‘അനഭിലഷണീയമായ’ കാര്യങ്ങൾക്ക് ഉപയോഗിക്കരുതെന്ന് പറയുന്നുണ്ടെങ്കിലും, സർക്കാരിനോ രാഷ്ട്രീയ താൽപ്പര്യങ്ങൾക്കോ അനഭിമതമായ പ്രവർത്തനങ്ങളെ മാത്രം ഈ വിഭാഗത്തിൽ ഉൾപ്പെടുത്താനാകില്ലെന്ന് കോടതി വ്യക്തമാക്കി.
പുതിയ ഉത്തരവ് പുറപ്പെടുവിക്കുന്നതുവരെ ഹർജിക്കാരുടെ എഫ്സിആർഎ സർട്ടിഫിക്കറ്റിന് സാധുതയുണ്ടായിരിക്കുമെന്നും കോടതി വ്യക്തമാക്കി. എന്നാൽ ഈ കാലയളവിൽ പുതിയ വിദേശ സംഭാവനകൾ സ്വീകരിക്കാൻ പാടില്ല. നിലവിൽ ലഭിച്ചിട്ടുള്ളതും അക്കൗണ്ടിൽ ശേഷിക്കുന്നതുമായ വിദേശ ഫണ്ട് അനുവദനീയമായ ആവശ്യങ്ങൾക്ക് വിനിയോഗിക്കുന്നതിന് തടസ്സമില്ലെന്നും കോടതി വ്യക്തമാക്കി.

