വത്തിക്കാൻ സിറ്റി: ഒരു പതിറ്റാണ്ടിന് ശേഷം ആദ്യമായി വത്തിക്കാൻ പുറത്തിറക്കുന്ന പുതിയ സ്മാരക യൂറോ നാണയങ്ങളിൽ ലെയോ പതിനാലാമൻ മാർപാപ്പയുടെ മുഖചിത്രവും ഇടംപിടിക്കും. പുതിയ മാർപാപ്പയുടെ സ്ഥാനാരോഹണത്തെ ആദരിച്ച് പുറത്തിറക്കുന്ന വത്തിക്കാൻ യൂറോ കളക്ടർ നാണയങ്ങളുടെ ഭാഗമായാണ് ഇവ പുറത്തിറക്കുന്നത്.
തന്റെ ചിത്രം നാണയങ്ങളിൽ ഉപയോഗിക്കരുതെന്ന ഫ്രാൻസിസ് മാർപാപ്പയുടെ വ്യക്തിപരമായ അഭ്യർഥനയെ തുടർന്ന് 2014ന് ശേഷം വത്തിക്കാൻ പുറത്തിറക്കുന്ന നാണയങ്ങളിൽ ആദ്യമായാണ് മാർപാപ്പയുടെ മുഖചിത്രം ഉൾപ്പെടുത്തുന്നത്. മാർപാപ്പയുടെ മുഖചിത്രം ആലേഖനം ചെയ്ത ആദ്യ വത്തിക്കാൻ നാണയങ്ങളല്ല ഇവയെങ്കിലും, പുതിയ രൂപകൽപ്പനയോടെയാണ് നാണയങ്ങൾ പുറത്തിറക്കുന്നത്.ഒരു സെന്റ്, രണ്ട് സെന്റ്, അഞ്ച് സെന്റ് നാണയങ്ങളിൽ ലെയോ പതിനാലാമൻ മാർപാപ്പയുടെ ഔദ്യോഗിക ചിത്രം ആലേഖനം ചെയ്യുന്നത്.
മധ്യകാലഘട്ടത്തിൽ മാർപാപ്പമാർക്ക് ‘പാപ്പൽ സ്റ്റേറ്റ്സ്’ എന്നറിയപ്പെട്ടിരുന്ന പ്രദേശങ്ങളിൽ ഭൗതിക ഭരണാധികാരം ഉണ്ടായിരുന്ന കാലം മുതൽ നാണയങ്ങളിൽ പാപ്പമാരുടെ ചിത്രങ്ങൾ ആലേഖനം ചെയ്തിരുന്നു. വത്തിക്കാൻ സിറ്റി സ്ഥാപിതമായതിന് പിന്നാലെയും മാർപാപ്പയുടെ ചിത്രം ആലേഖനം ചെയ്ത ലിറ നാണയങ്ങൾ പുറത്തിറക്കിയിരുന്നു. 2001ൽ യൂറോ ഔദ്യോഗിക കറൻസിയായി സ്വീകരിച്ചതോടെ വത്തിക്കാൻ ലിറ നാണയങ്ങളുടെ നിർമ്മാണം അവസാനിപ്പിച്ചു.

