അതിതീവ്ര മഴയുടെ ദുരിതപ്പെയ്ത്തില്‍ കേരളം വീണ്ടും അസാധാരണമായ ദുരന്തസാഹചര്യങ്ങളെ നേരിടുകയാണ്. മിന്നല്‍പ്രളയവും ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും ചാക്രിക സ്വഭാവമുള്ള പ്രകൃതിദുരന്തങ്ങളുടെ ആവൃത്തി പോലെയാകുന്നതിന്റെ ആഘാതം വലിയ പേടിസ്വപ്നങ്ങളുണര്ത്തുന്നു. ജീവനാശത്തിന്റെയും ആസ്തിനഷ്ടത്തിന്റെയും തോത് അത്യന്തം വേദനാജനകമാണ്. മഴക്കെടുതിയില്‍ 26 പേര് മരിക്കുകയും 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും നാലുപേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. 462 ദുരിതാശ്വാസ ക്യാമ്പുകളിലായി 27,000 പേര് അഭയം തേടിയിരിക്കുന്നു. പ്രാഥമിക കണക്കുകള്‍ പ്രകാരം 1,882 ഹെക്ടര്‍ സ്ഥലത്തെ കൃഷിനാശം 23,500 കര്‍ഷകരെ ബാധിച്ചിട്ടുണ്ട്. പ്രളയബാധിതര്‍ക്ക് മുഖ്യമന്ത്രി വി.ഡി സതീശന് സമഗ്രമായ ധനസഹായ പാക്കേജ് പ്രഖ്യാപിച്ചു.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്കുവേണ്ടി സംസ്ഥാന എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ പരിഷ്കരിച്ച് ഡിജിറ്റല്‍ പതിപ്പായി കഴിഞ്ഞ ജൂണില്‍ ഇറക്കിയ ‘ദുരന്ത നിവാരണത്തിനായുള്ള ഓറഞ്ച് പുസ്തകം 2026: കാലവര്‍ഷ-തുലാവര്‍ഷ മുന്നൊരുക്ക ദുരന്ത പ്രതികരണ മാര്‍ഗരേഖ’യില്‍ പറഞ്ഞത്, വിവിധ കാലാവസ്ഥാ മോഡലുകളില്‍ നിന്നും ഏജന്‍സികളില്‍ നിന്നും ലഭ്യമാകുന്ന വിവരങ്ങള്‍ അപഗ്രഥിക്കുമ്പോള്‍, കേരളത്തില്‍ 2026 മണ്‍സൂണില്‍ ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള സീസണില്‍ സാധാരണയില്‍ കുറവ് മഴ ലഭിക്കാനുള്ള സൂചനയാണ് ലഭിക്കുന്നതെന്നാണ്. ജൂണ്‍, ജൂലൈ മാസങ്ങളില്‍ 34% മഴക്കമ്മി കണ്ട് സംസ്ഥാനം വരള്‍ച്ചയെ പ്രതിരോധിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. ജൂലൈ 31-ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറത്തുവിട്ട പ്രവചനത്തില്‍, ഓഗസ്റ്റില്‍ കേരളത്തില്‍ സാധാരണയില്‍ കുറഞ്ഞ മഴ മാത്രമേ ലഭിക്കൂ എന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍, ഓഗസ്റ്റ് ഒന്നിന് അവസാനിച്ച 24 മണിക്കൂറില്‍ സംസ്ഥാനത്തെ വിവിധ മഴമാപിനി കേന്ദ്രങ്ങളില്‍ രേഖപ്പെടുത്തിയത് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന മഴപ്പെയ്ത്തുകളില്‍ ഒന്നാണ്: പത്തനംതിട്ടയിലെ വടശ്ശേരിക്കരയില്‍ 24 മണിക്കൂറിനുള്ളില്‍ 361 മില്ലിമീറ്ററും, ളാഹയില്‍ 250 മില്ലിമീറ്ററും മഴ രേഖപ്പെടുത്തി. കോഴിക്കോട്ടെ ആനക്കാംപൊയിലില്‍ തുടര്‍ച്ചയായ 35 മണിക്കൂറിനുള്ളില്‍ 340 എംഎം മഴയാണ് പെയ്തിറങ്ങിയത്.
രണ്ടു ദിവസം 40.3 എംഎം മഴ കിട്ടേണ്ടിടത്ത് 139 എംഎം മഴ പെയ്തു. അതായത്, 245% അധിക മഴ. ഒരേസമയം വ്യാപകമായി മഴ ലഭിച്ചതാണ് സംസ്ഥാനത്തുടനീളം മിന്നല്‍ പ്രളയത്തിന് കാരണമായത്. കഴിഞ്ഞ മൂന്നു വര്‍ഷത്തെ മണ്‍സൂണ്‍ സീസണുകള്‍ പരിശോധിച്ചാല്‍ കേരളത്തിലെ മഴയുടെ സ്വഭാവത്തില്‍ വന്ന ഭീതിജനകമായ മാറ്റം വ്യക്തമാകും. 2024-ല്‍ ഓഗസ്റ്റ് ആദ്യവാരം വരെ 1,210 മില്ലിമീറ്ററും 2025-ല്‍ 1,140 മില്ലിമീറ്ററും മഴ ലഭിച്ചിരുന്ന സ്ഥാനത്ത് 2026-ല്‍ കേവലം 992.8 എംഎം മഴയാണ് ലഭിച്ചത്. പ്രതീക്ഷിച്ച 1,341.9 മില്ലിമീറ്ററിനെക്കാള്‍ 26% കുറവാണ് നിലവിലെ മഴയുടെ അളവ്. ഈ കണക്കുകള്‍ നല്കുന്ന മുന്നറിയിപ്പ് വളരെ വലുതാണ്: സീസണില്‍ ആകെ ലഭിക്കേണ്ട മഴയുടെ അളവില്‍ വലിയ കുറവുണ്ടെങ്കിലും, ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് അതിതീവ്രമായി പെയ്യുന്ന മഴയാണ് ഇപ്പോള്‍ ഉണ്ടാകുന്നത്. മഴ ദിവസങ്ങള്‍ കുറയുന്നു; എന്നാല്‍ പെയ്യുന്ന സമയത്ത് വന്‍ ദുരന്തം വിതയ്ക്കുന്ന രീതിയിലേക്ക് കേരളത്തിലെ മണ്‍സൂണ്‍ മാറിക്കഴിഞ്ഞു.
കാലാവസ്ഥ ഉപഗ്രഹങ്ങള്‍ക്കോ ഡോപ്ളര്‍ റഡാറുകള്‍ക്കോ തത്സമയം കണ്ടുപിടിക്കാനാവത്തവണ്ണം പെട്ടെന്ന്, അത്രകണ്ട് വിസ്തൃതമല്ലാത്ത ഒരു പ്രദേശത്ത് മഴമേഘങ്ങള്‍ രൂപപ്പെടുകയും കുറഞ്ഞ സമയത്തിനുള്ളില്‍ അതിതീവ്രമായി മഴ പെയ്തിറങ്ങുകയും ചെയ്യുന്ന ‘മീസോസ്കെയില്‍’ മിനി മേഘവിസ്ഫോടനങ്ങളുടെ ഹോട്ട്സ്പോട്ടായി കേരളം മാറിയിരിക്കെ, ദുരന്തനിവാരണ തന്ത്രത്തില്‍ അടിസ്ഥാനപരമായ മാറ്റം വരുത്തേണ്ടതുണ്ടെന്ന് ഗവേഷകര്‍ ഓര്‍മപ്പെടുത്തുന്നു.
നൂറ്റാണ്ടിലെ ഏറ്റവും വലിയ വെള്ളപ്പൊക്കമുണ്ടായ 2018 ഓഗസ്റ്റില്‍ സംസ്ഥാനത്തെ 79 ഡാമുകളില്‍ ഒന്നു പോലും വെള്ളപ്പൊക്ക നിയന്ത്രണത്തിനായി ഉപയോഗിക്കപ്പെട്ടില്ല. ഓഗസ്റ്റ് ഒന്നിനും ഒന്‍പതിനും മധ്യേ 164% ശതമാനം അധിക മഴ പെയ്തപ്പോള്‍ സംസ്ഥാനത്തെ 44 നദികളും നിറഞ്ഞുകവിഞ്ഞ സാഹചര്യത്തിലാണ് ചരിത്രത്തില്‍ ആദ്യമായി സംസ്ഥാനത്തെ 54 പ്രധാന ഡാമുകളില്‍ 37 എണ്ണത്തിന്റെയും ഷട്ടറുകള്‍ തുറക്കേണ്ടിവന്നത്. ഇടുക്കി ഡാമിലെ അഞ്ച് ഓവര്‍ഫ്ളോ ഗേറ്റുകളും 26 വര്‍ഷത്തിനിടെ ആദ്യമായി തുറന്നു. അണക്കെട്ടുകളിലെ വെള്ളം തുറന്നുവിട്ടത് ദുരന്തത്തിന്റെ ആക്കം കൂട്ടി. എല്‍ നിനോ പ്രതിഭാസം മൂലം തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ദുര്‍ബലമായതിനാല്‍, 2026 ഓഗസ്റ്റ് ആദ്യം സംസ്ഥാനത്തെ വലിയ ഡാമുകളുടെ റിസര്‍വോയറുകളില്‍ സംഭരണശേഷിയുടെ പാതി പോലും വെള്ളം എത്തിയിരുന്നില്ല. ഇടുക്കിയില്‍ 1,697 എംഎം മഴ കിട്ടേണ്ടിടത്ത് 893 എംഎം മഴയാണ് കിട്ടിയത്. തീവ്രമഴയില്‍ ഒറ്റദിവസം കൊണ്ട് 36.88 ദശലക്ഷം ഘനമീറ്റര്‍ വെള്ളം കൂടിയിട്ടും സംഭരണശേഷിയുടെ 33 ശതമാനമേ ആയുള്ളൂ. ശബരിഗിരിയുടെ കക്കി ഡാമില്‍ ഒരു ദിവസം കൊണ്ട് 16.50 എംസിഎം വെള്ളം എത്തിയപ്പോഴും സംഭരണശേഷിയുടെ 38.16 ശതമാനത്തിലെത്തിയതേയുള്ളൂ. ഇടമലയാറില്‍ 46.64%, ബാണാസുര സാഗര്‍ 52.9%, കല്ലട 45%, മലമ്പുഴ 35%, പീച്ചി 34% എന്നീ തോതിലായിരുന്നു ജലവിതാനം. ഇക്കുറി മൂഴിയാര്‍ ഡാമില്‍ മാത്രമാണ് അനിയന്ത്രിതമായി ജലനിരപ്പ് ഉയര്‍ന്നിരുന്നത്. അതിതീവ്ര മഴ സംസ്ഥാന വ്യാപകമായി അതിഭീഷണമായ പ്രളയദുരന്തമാകാതിരുന്നത് ഡാമുകളില്‍ വേണ്ടത്ര ‘ഫ്ളഡ് കുഷന്’ ഇടം അവശേഷിച്ചതിനാലാണ്.
2018-ലെ പ്രളയത്തിനു ശേഷം, ദുരന്തങ്ങളെ പ്രതിരോധിക്കാനുള്ള ശേഷി വര്‍ധിപ്പിക്കുക, കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കാന്‍ കഴിയുന്ന അടിസ്ഥാന സൗകര്യങ്ങള്‍ ‘മെച്ചപ്പെട്ട രീതിയില്‍ പുനര്‍നിര്‍മ്മിക്കുക’ (ബില്‍ഡ് ബാക്ക് ബെറ്റര്‍) എന്നീ ലക്ഷ്യങ്ങളോടെ ഇടതുമുന്നണി സര്‍ക്കാര്‍ പ്രഖ്യാപിച്ച ബൃഹത്തായ ദുരന്താനന്തര പുനര്‍നിര്‍മ്മാണ സംരംഭമാണ് ‘റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ്.’ 36,506.88 കോടി രൂപയുടെ പദ്ധതി രൂപരേഖയുമായി, ലോക ബാങ്കില്‍ നിന്ന് 500 ദശലക്ഷം ഡോളര്‍ വികസന നയ വായ്പയും, ജര്‍മനിയിലെ കെഎഫ്ഡബ്ല്യു ഡെവലപ്മെന്റ് ബാങ്കില്‍ നിന്ന് 180 ദശലക്ഷം യൂറോ വിഹിതവും, പ്രളയ സെസ് ഇനത്തില്‍ പിരിച്ച 1,705 കോടി രൂപയും, ജീവകാരുണ്യ സംഭാവനകളിലൂടെ ലഭിച്ച 3,000 കോടി രൂപയും അടക്കം വലിയ മുതല്‍മുടക്കുള്ള അടിസ്ഥാനവികസന പദ്ധതികളും ദുരന്ത പ്രതിരോധ സംവിധാനങ്ങളും ആവിഷ്കരിച്ച റീബില്‍ഡ് കേരള സംരംഭങ്ങളുടെ ഫണ്ട് വിനിയോഗം, കണ്‍സള്‍ട്ടന്‍സി, ടെന്‍ഡര്‍ ചെയ്ത പദ്ധതികളുടെ പുരോഗതി എന്നിവയെ സംബന്ധിച്ച് സ്വതന്ത്ര ഓഡിറ്റ് നടത്തണമെന്ന് പല ഘട്ടത്തിലും ആവശ്യം ഉയര്‍ന്നിരുന്നു.
റീബില്‍ഡ് കേരള ബാനറില്‍ തന്നെ, കുട്ടനാട്ടിലെ വെള്ളപ്പൊക്ക നിയന്ത്രണത്തിന് ‘റൂം ഫോര്‍ ദി റിവര്‍’ എന്ന ഡച്ച് മാതൃകയിലുള്ള വാട്ടര്‍ മാനേജ്മെന്റ് സാങ്കേതികവിദ്യയും സമഗ്ര നദീതട മാനേജ്മെന്റ് പ്ലാന്‍ ബ്ലൂപ്രിന്റുമൊക്കെ പഠിക്കാനായി മുഖ്യമന്ത്രി പിണറായി വിജയന് ഉന്നതതല സംഘത്തോടൊപ്പം2019 മേയില്‍ 13 ദിവസത്തെ യൂറോപ്യന്‍ പര്യടനത്തിന്റെ ഭാഗമായി നെതര്‍ലന്‍ഡ്സില്‍ പോയിരുന്നു. നദികള്‍ക്ക് സ്വതന്ത്രമായി ഒഴുകുന്നതിന് കൂടുതല്‍ ഇടം സൃഷ്ടിച്ചുകൊണ്ട് വെള്ളപ്പൊക്കം നിയന്ത്രിക്കുന്ന പദ്ധതിയാണിത്. പമ്പ, അച്ചന്‍കോവില്‍, മണിമല ആറുകളില്‍ നിന്നെത്തുന്ന വെള്ളം റഗുലേറ്ററുകളിലൂടെ നിയന്ത്രിച്ച് തോട്ടപ്പള്ളി സ്പില്‍വേ, കായംകുളം കായല്‍ എന്നിവയിലൂടെ ഒഴുക്കിയാല്‍ കുട്ടനാട്ടിലെ പ്രളയം നിയന്ത്രിക്കാനാകുമെന്നാണ് വിലയിരുത്തല്‍. ആലപ്പുഴ-ചങ്ങനാശേരി കനാല്‍, തോട്ടപ്പള്ളി സ്പില്‍വേ എന്നിവയുടെ നവീകരണവും നദീതടങ്ങളുടെ ആഴംകൂട്ടലും അടക്കം പദ്ധതിയുടെ ഡിപിആര്‍ തയാറാക്കാന്‍ 4.5 കോടി രൂപയുടെ ഭരണാനുമതി നല്‍കുകയും, ഹൈഡ്രോഡൈനാമിക് പഠനത്തിന് 1.38 കോടി രൂപ ചെലവാക്കാന്‍ ഉത്തരവിട്ട് ഐഐടി മദ്രാസിനെ കണ്‍സള്‍ട്ടന്‍സിക്കായി നിയോഗിക്കുകയും ചെയ്തു. എന്നാല്‍, ഫീസിബിലിറ്റി പഠനം പോലും നടത്താതെ റൂം ഫോര്‍ ദി റിവര്‍ എവിടെയോ മുങ്ങിപ്പോയി.2018, 2019 വര്‍ഷങ്ങളിലെ പ്രളയദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ നിരവധി ‘കണ്‍സള്‍ട്ടന്‍സി’ ഇടപാടുകളും വന്‍ പദ്ധതി പ്രഖ്യാപനങ്ങളും നടത്തിയതല്ലാതെ, തീവ്ര കാലാവസ്ഥാ സംഭവങ്ങളെ നേരിടാനുള്ള ഫലപ്രദമായ ദുരന്ത പ്രതിരോധ തന്ത്രങ്ങളും ദുരന്ത ലഘൂകരണ പദ്ധതികളും ആവിഷ്കരിക്കാനോ, സംസ്ഥാനത്തെ കൂടുതല്‍ സുരക്ഷിതവും പ്രതിരോധശേഷിയുള്ളതുമാക്കാനോ, പ്രകൃതി പരിസ്ഥിതി ആവാസവ്യവസ്ഥകളുടെ സംരക്ഷണവും സുസ്ഥിര ഭൂവിനിയോഗ രീതികളും മെച്ചപ്പെടുത്താനോ പത്തു വര്‍ഷത്തെ വാഴ്ചയില്‍ ഒന്നുംതന്നെ ചെയ്യാതിരുന്ന പിണറായിയും കൂട്ടരും, മൂന്നു മാസം മുന്‍പ് അധികാരത്തിലെത്തിയ യുഡിഎഫ് സര്‍ക്കാര്‍ തീവ്രമഴ ദുരന്തം കൈകാര്യം ചെയ്യുന്നതില്‍ പഴയ ‘കപ്പിത്താന്റെ’ ചടുതലയും കൃത്യമായ ഏകോപന നേതൃത്വവും കാണിക്കുന്നതില്‍ വീഴ്ചവരുത്തി, എല്ലാറ്റിനും എല്‍ നിനോയെ പഴിക്കുന്നു എന്നും മറ്റുമുള്ള ആരോപണവുമായി ദുരന്തഭൂമിയില്‍ ചൂട്ടുവീശിയിറങ്ങുന്നുണ്ട്.
പമ്പയിലും വേമ്പനാട്ടു കായലിലും അണക്കെട്ടുകളിലും മറ്റു ജലാശയങ്ങളിലും അടിഞ്ഞുകൂടിയിട്ടുള്ള എക്കലും മണലും പ്ലാസ്റ്റിക് മാലിന്യങ്ങളും ഡ്രെജ് ചെയ്തു നീക്കുന്നതിനും, ഇന്ത്യയ്ക്കുതന്നെ മാതൃകയാകുന്ന എഐ അധിഷ്ഠിത ദുരന്ത പ്രതിരോധ പ്രോഗ്രാം ആവിഷ്കരിച്ച് പ്രാദേശികതലത്തിലുള്ള കാലാവസ്ഥ പ്രവചനം, ഫ്ളഡ് മാപ്പിങ്, ഡാം മാനേജ്മെന്റ് എന്നിവ കൂടുതല്‍ ശാസ്ത്രീയമാക്കുന്നതിനുമുള്ള പദ്ധതികള്‍ മുഖ്യമന്ത്രി വി.ഡി സതീശന് പ്രഖ്യാപിച്ചിട്ടുണ്ട്. നദികള്‍, തോടുകള്‍, തടാകങ്ങള്‍ എന്നിവയുടെ വിവരങ്ങള്‍ അടങ്ങിയ അസറ്റ് രജിസ്റ്റര്‍ തയ്യാറാക്കുകയും, നദീതീരങ്ങളിലെ കൈയേറ്റം തടയുന്നതിനായി ലാന്‍ഡ് ഓഡിറ്റിംഗ് നടത്തുകയും ചെയ്യുമെന്നും മുഖ്യമന്ത്രി പറയുന്നു. ഓരോ വര്‍ഷവും പ്രകൃതിദുരന്ത നഷ്ടപരിഹാരത്തിനായി ചെലവഴിക്കുന്ന തുകയുടെ ഒരു ഭാഗമെങ്കിലും നെല്‍പ്പാടങ്ങള്‍ സംരക്ഷിക്കാനും തണ്ണീര്‍ത്തടങ്ങള്‍ വീണ്ടെടുക്കാനും നദികളും കനാലുകളും പുനരുജ്ജീവിപ്പിക്കാനും മഴവെള്ള നിര്‍വഹണം മെച്ചപ്പെടുത്താനും ചെലവഴിച്ചാല്‍, പ്രകൃതിദത്ത വെള്ളപ്പൊക്ക നിയന്ത്രണ സംവിധാനങ്ങള്‍ കുറെയൊക്കെ തിരിച്ചുപിടിക്കാനാകും.
തീരദേശ ജീവിതവും കടലുമായി ബന്ധപ്പെട്ട അതിജീവന പ്രശ്നങ്ങള്‍ക്ക് സുസ്ഥിര പരിഹാരമുണ്ടാക്കുമെന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനം തീരദേശ സമൂഹത്തിന് പ്രത്യാശ പകരുന്നതാണ്.
പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ലോല മേഖല (ഇക്കോളജിക്കലി സെന്‍സിറ്റീവ് ഏരിയ – ഇഎസ്എ) നിര്‍ണയിക്കുന്നതിനുള്ള ഏഴാമത്തെ കരട് വിജ്ഞാപനം കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ചിരിക്കെ, മലയോര കര്‍ഷകരും മലനാട്ടിലെ ജനസമൂഹങ്ങളും 12 വര്‍ഷമായി അനുഭവിക്കുന്ന ജീവിതപ്രതിസന്ധിയും അനിശ്ചിതത്വത്തിന്റെയും അനീതിയുടെയും അവഗണനയുടെയും തീവ്രയാതനകളും ഒരിക്കല്‍ കൂടി കേരളത്തിലെ ജനങ്ങളെ ഉണര്‍ത്തുകയാണ്. പുതുക്കിയ കരട് വിജ്ഞാപന പ്രകാരം, 131 റവന്യു വില്ലേജുകളിലായി 1,500 ചതുരശ്ര കിലോമീറ്റര്‍ (3.7 ലക്ഷം ഏക്കര്‍) വരുന്ന ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളും തോട്ടങ്ങളും ഇഎസ്എ നിയന്ത്രണ പരിധിയില്‍ വരും. ഇടുക്കി ജില്ലയിലെ 68 റവന്യു വില്ലേജുകളില്‍ 51 എണ്ണം ഇഎസ്എ പട്ടികയില്‍ ഉള്‍പ്പെടുന്നു. കേരളത്തിലെ പശ്ചിമഘട്ടമേഖലയില്‍ 12 ജില്ലകളിലായി 9,993.7 ചതുരശ്ര കിലോമീറ്റര്‍ പ്രദേശമാണ് ഇഎസ്എ മേഖലയായി അടയാളപ്പെടുത്തിയിട്ടുള്ളത്.
ഇഎസ്എ പരിധിയില്‍ ഖനനം, ക്വാറി, മണല്‍ ഖനനം, പുതിയ താപവൈദ്യുത നിലയങ്ങള്‍, മലിനീകരണമുണ്ടാക്കുന്ന വ്യവസായങ്ങള്‍, വന്‍കിട നിര്‍മ്മാണ പദ്ധതികള്‍ എന്നിവ നിരോധിക്കുമെന്നും ജലവൈദ്യുത ഉല്പാദനം നിയന്ത്രിക്കുമെന്നും വിജ്ഞാപനത്തില്‍ പറയുന്നുണ്ട്. കൃഷി, തോട്ടങ്ങള്‍, ജനവാസകേന്ദ്രങ്ങള്‍, ആശുപത്രികളും വിദ്യാലയങ്ങളും ആരാധനാലയങ്ങളും ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍, വികസനം എന്നിവയില്‍ ഇഎസ്എ നിയന്ത്രണങ്ങള്‍ ഉണ്ടാക്കുന്ന ആഘാതത്തെക്കുറിച്ച് സംസ്ഥാനങ്ങള്‍ ആശങ്കകള്‍ ഉന്നയിച്ചിരുന്നു. എട്ടു വില്ലേജുകള്‍ വിഭജിക്കപ്പെട്ടതിന്റെ പേരില്‍ വില്ലേജുകളുടെ എണ്ണം 123-ല്‍ നിന്ന് 131 ആയി എന്നതൊഴികെ 2024-ലെ കരടിലുണ്ടായിരുന്ന അതേ ഇഎസ്എ വിസ്തൃതി തന്നെയാണ് പുതുക്കിയ വിജ്ഞാപനത്തിലും നിലനിര്‍ത്തിയിരിക്കുന്നത്. കര്‍ഷക സംഘടനകളും സംസ്ഥാന സര്‍ക്കാരും സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ കേന്ദ്രം തള്ളിക്കളഞ്ഞു.കേരളം നിയോഗിച്ച ജൈവവൈവിധ്യ ബോര്‍ഡ് മുന്‍ ചെയര്മാന് ഉമ്മന്‍ വി. ഉമ്മന്റെ നേതൃത്വത്തിലുള്ള സ്വതന്ത്ര പാനല്‍, 9,107 ചതുരശ്ര കിലോമീറ്റര്‍ വനഭൂമിയും 886.7 ചതുരശ്ര കിലോമീറ്റര്‍ വനേതര ഭൂമിയും ഉള്‍പ്പെടെ 9,993.7 ചതുരശ്ര കിലോമീറ്റര്‍ വരുന്ന 123 വില്ലേജുകളാണ് ഇഎസ്എ പരിധിയില്‍ നിര്‍ദേശിച്ചിരുന്നത്. ജനവാസകേന്ദ്രങ്ങളെയും കൃഷിഭൂമിയെയും പൂര്‍ണമായി ഒഴിവാക്കാനാണ് യുഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചത്. ഇടതു സര്‍ക്കാര്‍ 31 വില്ലേജുകളെ പൂര്‍ണമായും 92 വില്ലേജുകളെ ഭാഗികമായും പട്ടികയില്‍ നിന്ന് ഒഴിവാക്കി 8,590.69 ചതുരശ്ര കിലോമീറ്ററായി പരിമിതപ്പെടുത്താന്‍ നിര്‍ദേശിച്ചിരുന്നു.കേരളം 60 ദിവസത്തിനകം പരാതി സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും തോട്ടങ്ങളെയും പൂര്‍ണായി ഒഴിവാക്കുന്ന കൃത്യമായ ഭൂപടങ്ങളും രേഖകളും കേന്ദ്രത്തിനു സമര്‍പ്പിക്കണം. ഉമ്മന്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ വനവിസ്തൃതിയുമായി ബന്ധപ്പെട്ട പിഴവുകള്‍ 12 വര്‍ഷമായിട്ടും തിരുത്തിയിട്ടില്ല.
റവന്യു വില്ലേജുകളും അതിര്‍ത്തികളും തരംതിരിച്ച് ഫീല്‍ഡ് സര്‍വേ നടത്തുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ അലംഭാവവും വീഴ്ചയും കാണിച്ചതാണ് പ്രതിസന്ധി ഇത്രത്തോളം വഷളാക്കിയതെന്ന് കേരളത്തിലെ കത്തോലിക്കാ മെത്രാന്മാരുടെ സമിതി (കെസിബിസി) ചൂണ്ടിക്കാണിക്കുന്നു. തമിഴ്നാട്, ഗോവ സംസ്ഥാനങ്ങള്‍ കൃത്യമായ ഉപഗ്രഹ-ഫീല്‍ഡ് സര്‍വേകള്‍ വഴി അതിര്‍ത്തികള്‍ വേര്‍തിരിച്ച് കേന്ദ്രത്തിനു സമര്‍പ്പിക്കുകയും ജനവാസകേന്ദ്രങ്ങളെ സംരക്ഷിച്ചുനിര്‍ത്തുകയും ചെയ്തു. കരട് വിജ്ഞാപനത്തിനെതിരെ ജനങ്ങള്‍ക്ക് ഫലപ്രദമായി പരാതി സമര്‍പ്പിക്കാന്‍ കഴിയണമെങ്കില്‍ 131 വില്ലേജുകളിലെയും ഇഎസ്എ അതിര്‍ത്തികള്‍ ജിയോ കോ-ഓര്‍ഡിനേറ്റ് അടിസ്ഥാനത്തിലുള്ള മാപ്പുകളോടെ കേരള ബയോ ഡൈവേഴ്സിറ്റി ബോര്‍ഡ് വെബ്സൈറ്റില്‍ അടിയന്തരമായി പ്രസിദ്ധീകരിക്കണം. ജനങ്ങളുടെ ജീവിതവും ഉപജീവനവും ബലികഴിച്ചുകൊണ്ടുള്ള പരിസ്ഥിതി നയം കേരളത്തില്‍ നടപ്പാക്കാനാവില്ല.

