തിരുവനന്തപുരം: തീരദേശ മത്സ്യത്തൊഴിലാളികൾ നേരിടുന്ന പ്രധാനപ്പെട്ട രണ്ട് വിഷയങ്ങളിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് തീരജ്വാല പ്രവർത്തകർ മത്സ്യബന്ധന വകുപ്പ് മന്ത്രി ഷിബു ബേബി ജോണിന് നിവേദനം സമർപ്പിച്ചു.
ലത്തീൻ കത്തോലിക്ക മുക്കുവ അഞ്ഞൂറ്റിക്കാർക്കുള്ള 4 ശതമാനം സംവരണവുമായി ബന്ധപ്പെട്ട്, 1947 എന്ന വർഷം ഒഴിവാക്കി കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപായി പുറത്തിറക്കിയ ജി.ഒ. ഉൾപ്പെടെ ഇതുവരെ സർക്കാർ പുറപ്പെടുവിച്ച ബന്ധപ്പെട്ട എല്ലാ സർക്കാർ ഉത്തരവുകളും പിൻവലിക്കണമെന്നും, നിലവിലുണ്ടായിരുന്ന 4 ശതമാനം സംവരണം അതേപടി പുനഃസ്ഥാപിക്കണമെന്നും തീരജ്വാല ആവശ്യപ്പെട്ടു.
അതോടൊപ്പം, വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട ഒരു കിലോമീറ്റർ തുരങ്കപാത ജനവാസ മേഖലയിൽ നിന്ന് മാറ്റി പഴയ അലൈൻമെന്റ് അനുസരിച്ച് വയൽവഴിയിലൂടെ പുനഃക്രമീകരിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.ഇരു വിഷയങ്ങളും അതീവ ഗൗരവമുള്ളതാണെന്നും അടിയന്തരമായി പരിഹാരനടപടികൾ സ്വീകരിക്കാൻ മുൻകൈ എടുക്കുമെന്നും മന്ത്രി ഷിബു ബേബി ജോൺ ഉറപ്പുനൽകി. വിഷയങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ ഉടൻ കൊണ്ടുവരുമെന്നും അദ്ദേഹം പ്രതിനിധി സംഘത്തെ അറിയിച്ചു.
തീരജ്വാല ജനറൽ സെക്രട്ടറി ഡോ. ഫ്രാൻസിസ് ആൽബർട്ട്, എക്സിക്യൂട്ടീവ് അംഗങ്ങളായ പെട്രീഷ്യ ജോസഫ്, ജോൺ ബോസ്കോ, വില്യം ലാൻസി ലെജിതാൾ, ആൻഡ്രു എഡിസൺ, തങ്കച്ചൻ എം. ഡിക്രൂസ്, ബ്രൂണോ ഹാരിസൺ, ഡാനിയൽ പെരേര എന്നിവർ സന്നിഹിതരായിരുന്നു.

