കൊച്ചി: മയക്കുമരുന്ന് വിപത്തിനെതിരെ യുവജനങ്ങളിൽ ബോധവത്കരണവും പ്രതിരോധ പ്രവർത്തനങ്ങളും ശക്തിപ്പെടുത്താൻ സിഎംഐ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സംയുക്തമായി ‘സേവ തൂഫാൻ വാരിയേഴ്സ്’ പദ്ധതി നടപ്പാക്കുമെന്ന് സിഎംഐ സന്യാസസമൂഹം പ്രിയോർ ജനറൽ ഫാ. പോൾ ആച്ചാണ്ടി അറിയിച്ചു.
സിറിയക് ഏലിയാസ് വോളന്ററി അസോസിയേഷന്റെ (സേവ) വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവജനങ്ങളുടെ മുന്നേറ്റത്തിലൂടെ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.
യുവജനങ്ങളിൽ വർധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗം സമൂഹത്തിന് ഗുരുതര വെല്ലുവിളിയാണെന്നും ഇതിനെതിരെ വിദ്യാഭ്യാസ സ്ഥാപനങ്ങളും സാമൂഹിക സംഘടനകളും കൈകോർത്തുള്ള ശക്തമായ ഇടപെടലുകൾ അനിവാര്യമാണെന്നും ഫാ. പോൾ ആച്ചാണ്ടി പറഞ്ഞു. ലഹരിക്കെതിരായ ബോധവത്കരണ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിനൊപ്പം യുവജനങ്ങളെ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമാക്കുന്നതിനും ‘സേവ തൂഫാൻ വാരിയേഴ്സ്’ പദ്ധതി പ്രാധാന്യം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

