നെയ്യാറ്റിൻകര: വിശുദ്ധ മദർ തെരേസയുടെ പാദസ്പർശമേറ്റ നെയ്യാറ്റിൻകര രൂപതയിലെ അരുവിക്കര സെന്റ് അഗസ്റ്റിൻ ദേവാലയത്തിന്റെ 113-ാമത് തിരുനാൾ മഹാമഹം ഓഗസ്റ്റ് 20 ന്.
ഇടവക വികാരി ബനഡിക്റ്റ് ജി ഡേവിഡിന്റെ കാർമികത്വത്തിൽ കൊടി ഉയർത്തൽ കർമ്മവും തുടർന്ന് സമൂഹ ദിവ്യബലിയോടെ തിരുന്നാളിന് തുടക്കമാകും. ഒമ്പത് ദിവസങ്ങളിലായി ജപമാല, നൊവേന, സമൂഹദിവ്യബലി തുടർന്ന് സ്നേഹവുരുന്നും ഉണ്ടായിരിക്കും.തിരുനാൾ ദിനമായ 28-ാം തീയതി, എമിരിറ്റസ് ബിഷപ്പ് വിൻസന്റ് സാമുവലിന്റെ കാർമികത്വത്തിൽ അർപ്പിക്കുന്ന പൊന്തിഫിക്കൽ ദിവ്യബലിയോടെ 2026-ലെ തിരുനാൾ സമാപിക്കും.
1979-ൽ ഫാ. ജി. ക്രിസ്തുദാസ് വികാരിയായിരുന്ന കാലത്താണ് വാഴ്ത്തപ്പെട്ട മദർ തെരേസ ഈ ദേവാലയം സന്ദർശിച്ചത്. വിശുദ്ധയുടെ സാന്നിധ്യം കൊണ്ട് അനുഗ്രഹീതമായ ഈ ദേവാലയം വിശ്വാസികൾക്ക് പ്രത്യേക ആത്മീയ പ്രാധാന്യമുള്ള പള്ളിയായി ഇന്നും അറിയപ്പെടുന്നു.
കപ്പൂച്ചിൻ വൈദികനായിരുന്ന ഫാ. ചാഴ്സിന്റെ നേതൃത്വത്തിൽ 1939 മേയ് 31-ന് ഇന്നത്തെ സ്ഥലത്ത് ദേവാലയ പ്രവർത്തനങ്ങൾക്ക് തുടക്കമായി. കാഞ്ഞിരംകുളം, പഴയകട, വ്ളാത്താങ്കര തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് കുടിയേറിയ വിശ്വാസികളാണ് ഇടവകയുടെ വളർച്ചയ്ക്ക് അടിത്തറയിട്ടത്.

