കണ്ണൂർ: വനിതകളെ സ്വയം തൊഴിലിലേക്കും സംരംഭകത്വത്തിലേക്കും കൈപിടിച്ചുയർത്തുക എന്ന ലക്ഷ്യത്തോടെ നബാർഡും കെയ്റോസും ചേർന്ന് സംഘടിപ്പിക്കുന്ന മത്സ്യ മൂല്യവർധിത ഉൽപന്ന നിർമ്മാണ പരിശീലനത്തിന് തുടക്കമായി. 15 ദിവസം നീളുന്ന എം.ഇ.ഡി. പരിശീലന പരിപാടിയിൽ വനിതാ സ്വയംസഹായ സംഘങ്ങളിലെ അംഗങ്ങളാണ് പങ്കെടുക്കുന്നത്.പരിശീലന പരിപാടി കണ്ണൂർ എം.എൽ.എ. ടി. വി. മോഹനൻ ഉദ്ഘാടനം ചെയ്തു.
കെയ്റോസ് ജനറൽ കോ-ഓർഡിനേറ്റർ കെ. വി. ചന്ദ്രൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ കെയ്റോസ് ഡയറക്ടർ ഫാ. ജോർജ് മാത്യു അധ്യക്ഷത വഹിച്ചു.നബാർഡ് ജില്ലാ വികസന മാനേജർ (ഡി.ഡി.എം.) ജിഷി മോൻ പദ്ധതിയുടെ ലക്ഷ്യങ്ങളും സാധ്യതകളും അവതരിപ്പിച്ചു. മത്സ്യ വകുപ്പ് പ്രോജക്ട് ഓഫീസർ വൈദേഹി കെ. മത്സ്യമേഖലയിലെ മൂല്യവർധിത ഉൽപന്നങ്ങളുടെ പ്രാധാന്യവും തൊഴിൽ സാധ്യതകളും വിശദീകരിച്ചു.
കെയ്റോസ് എച്ച്.ആർ. മാനേജർ പി. ജെ. ഫ്രാൻസിസ് നന്ദി രേഖപ്പെടുത്തി.ഷെഫ് മറീന മഹബൂബിന്റെ നേതൃത്വത്തിൽ നടക്കുന്ന പരിശീലനത്തിൽ മത്സ്യ മൂല്യവർധിത ഉൽപന്നങ്ങളുടെ നിർമ്മാണം, ഗുണനിലവാര നിയന്ത്രണം, പാക്കേജിങ്, വിപണന തന്ത്രങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ പ്രായോഗികവും സൈദ്ധാന്തികവുമായ പരിശീലനം നൽകും.പരിശീലനം പൂർത്തിയാക്കുന്ന വനിതകൾക്ക് സ്വന്തമായി സംരംഭങ്ങൾ ആരംഭിക്കാനും കുടുംബവരുമാനം വർധിപ്പിക്കാനും സഹായകമാകുന്ന രീതിയിലാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.

