കൊച്ചി: കത്തോലിക്ക കോൺഗ്രസിന്റെ പ്രഥമ ദേശീയ സമ്മേളനത്തിന് ഓഗസ്റ്റ് 4-ന് മുംബൈയിലെ എആർസിയിൽ തുടക്കമാകും. ഗ്ലോബൽ സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന ദ്വിദിന സമ്മേളനത്തിന് കല്യാൺ അതിരൂപതയാണ് ആതിഥേയത്വം വഹിക്കുന്നത്.
രാവിലെ 9.30-ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ നിർവഹിക്കും. ഗ്ലോബൽ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിക്കും. രാജ്യത്തെ വിവിധ സീറോ മലബാർ രൂപതകളിൽ നിന്നുള്ള സഭാ-സമുദായ നേതാക്കളും വിവിധ മേഖലകളിലെ പ്രമുഖരും സമ്മേളനത്തിൽ പങ്കെടുക്കും.രാഷ്ട്രനിർമാണത്തിൽ ക്രൈസ്തവ സമൂഹത്തിന്റെ സംഭാവനകൾ, ക്രൈസ്തവ സമൂഹം നേരിടുന്ന സമകാലിക വെല്ലുവിളികൾ, അവയ്ക്കുള്ള പരിഹാര മാർഗങ്ങൾ, പ്രവാസി സമൂഹത്തിന്റെ പങ്ക്, ന്യൂനപക്ഷ അവകാശ സംരക്ഷണം തുടങ്ങിയ വിഷയങ്ങൾ കേന്ദ്രീകരിച്ച് സെമിനാറുകളും പാനൽ ചർച്ചകളും സംവാദങ്ങളും സംഘടിപ്പിക്കും.
സമ്മേളനത്തിൽ കർദിനാൾ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ്, ആർച്ച്ബിഷപ്പുമാരായ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, മാർ റാഫി മഞ്ഞളി, ബിഷപ്പുമാരായ മാർ റെമീജിയോസ് ഇഞ്ചനാനിയിൽ, മാർ ജോസഫ് അരുമച്ചാടത്ത്, മാർ തോമസ് പാടിയത്ത് എന്നിവർ പങ്കെടുക്കും. ഫാ. ഡോ. ഫിലിപ്പ് കവിയിൽ, മോൺ. സിറിയക് കുമ്പാട്ട്, ജനറൽ സെക്രട്ടറി ഡോ. ജോസ്കുട്ടി ജെ. ഒഴുകയിൽ, അഡ്വ. ടോണി പുഞ്ചക്കുന്നേൽ എന്നിവരും സമ്മേളനത്തിന് നേതൃത്വം നൽകും.

