കൊളംബോ: 2019-ലെ ശ്രീലങ്കൻ ഈസ്റ്റർ ദിന ഭീകരാക്രമണവുമായി ബന്ധപ്പെട്ട സുരക്ഷാ വീഴ്ചയിൽ മുൻ പോലീസ് മേധാവി പുജിത് ജയസുന്ദേരയ്ക്കും മുൻ പ്രതിരോധ സെക്രട്ടറി ഹേമാസിരി ഫെർണാണ്ടോയ്ക്കും ഹൈക്കോടതി വധശിക്ഷ വിധിച്ചു. രഹസ്യാന്വേഷണ മുന്നറിയിപ്പുകൾ ലഭിച്ചിട്ടും ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിക്കുന്നതിൽ ഗുരുതരമായ വീഴ്ച വരുത്തിയെന്നാണ് കോടതി കണ്ടെത്തിയത്.
ജസ്റ്റിസുമാരായ പ്രിയന്ത ലിയനഗെയും തിലകരത്ന ബന്ദാരയും ഉൾപ്പെട്ട ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. പൗരന്മാരുടെ ജീവൻ സംരക്ഷിക്കാനുള്ള ഭരണകൂടത്തിന്റെ ഉത്തരവാദിത്തം നിറവേറ്റുന്നതിൽ പ്രതികൾ പരാജയപ്പെട്ടെന്നും, അവരുടെ അനാസ്ഥയാണ് വൻ മനുഷ്യനാശത്തിന് വഴിവെച്ചതെന്നും കോടതി നിരീക്ഷിച്ചു.2019 ഏപ്രിൽ 21-ന് ഈസ്റ്റർ ദിനത്തിൽ രണ്ട് കത്തോലിക്ക ദേവാലയങ്ങളും ഒരു ഇവാഞ്ചലിക്കൽ ക്രൈസ്തവ ദേവാലയവും മൂന്ന് ആഡംബര ഹോട്ടലുകളും ഉൾപ്പെടെ എട്ട് കേന്ദ്രങ്ങളിലായിരുന്നു ചാവേർ സ്ഫോടനങ്ങൾ നടന്നത്. ആക്രമണത്തിൽ 279 പേർ കൊല്ലപ്പെടുകയും 500-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇസ്ലാമിക് സ്റ്റേറ്റിനോട് അനുഭാവം പുലർത്തിയിരുന്ന നാഷണൽ തൗഹീദ് ജമാഅത്ത് (NTJ) എന്ന തീവ്രവാദ സംഘടനയാണ് ആക്രമണത്തിന് പിന്നിലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
അതേസമയം, ഈസ്റ്റർ ഭീകരാക്രമണത്തിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അതിന് മുൻ ഇന്റലിജൻസ് തലവന് പങ്കുണ്ടെന്നുമുള്ള ശ്രീലങ്കൻ പൊതുസുരക്ഷാ മന്ത്രിയുടെ സമീപകാല വെളിപ്പെടുത്തൽ കേസിന് പുതിയ രാഷ്ട്രീയ മാനങ്ങൾ നൽകിയിട്ടുണ്ട്. ആക്രമണത്തിന്റെ സമഗ്ര സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്ന ആവശ്യവുമായി ശ്രീലങ്കൻ കത്തോലിക്ക സഭയും ഇരകളുടെ കുടുംബങ്ങളും ഇപ്പോഴും ശക്തമായി രംഗത്തുണ്ട്.

