കൊച്ചി: ജെ.ബി. കോശി കമ്മീഷന് റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കേരള കാത്തലിക് ഫെഡറേഷന് (കെസിഎഫ്) സംസ്ഥാന വാര്‍ഷിക ജനറല്‍ അസംബ്ലി ആവശ്യപ്പെട്ടു. വന്യജീവി ആക്രമണം ഉള്‍പെടെയുള്ള മലയോര ജനത നേരിടുന്ന പ്രശ്നങ്ങള്‍ക്കു പരിഹാരം കാണണമെന്നും മത്സ്യത്തൊഴിലാളികള്‍ക്കുള്ള മണ്ണെണ്ണ സബ്സിഡി പുനഃസ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
സിബിസിഐ അല്മായ കമ്മീഷന് സെക്രട്ടറി അഡ്വ. ഏബ്രാഹം പട്യാനി യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് ജെയ്മോന് തോട്ടുപുറം അധ്യക്ഷത വഹിച്ചു. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. തോമസ് തറയില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി വി.സി. ജോര്‍ജ്ജ് കുട്ടി, കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി പ്രൊഫ. ജോസുകുട്ടി ഒഴുകയില്‍, എംസിഎ ഗ്ലോബല്‍ പ്രസിഡന്റ് എസ്. ആര്. ബൈജു, കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷൈറി ജെ. തോമസ് , കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് , കെഎല്‍സിഎ ജനറല്‍ സെക്രട്ടറി ബിജു ജോസി കരുമാഞ്ചേരി, കെസിഎഫ് ട്രഷറര്‍ അഡ്വ. ബിജു കുണ്ടുകുളം, എറണാകുളം ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഷാജി ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.
പുതിയ സംസ്ഥാന പ്രസിഡന്റായി ആലപ്പുഴ രൂപതംഗം ബിജു ജോസി കരുമാഞ്ചേരിയെ അസംബ്ലി തിരഞ്ഞെടുത്തു.
ഷെവലിയര്‍ പദവി ലഭിച്ച അഡ്വ. ബിജു കുണ്ടുകുളം, സിബിസിഐ അല്മായ കൗണ്‍സില്‍ സെക്രട്ടറി അഡ്വ എബ്രാഹം പട്യാനി, ഗവണ്മെന്റ് സ്പെഷ്യല്‍ പ്ലീഡര്‍ അഡ്വ. ഷെറി ജെ. തോമസ്, എറണാകുളം ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഷാജി ജോര്‍ജ്ജ് എന്നിവരെ ആദരിച്ചു.
കത്തോലിക്കാ കോണ്‍ഗ്രസ്, കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന് (കെഎല്‍സിഎ), മലങ്കര കാത്തലിക് അസോസിയേഷന് (എംസിഎ) എന്നീ അംഗസംഘടനകളുടെ പ്രതിനിധികള്‍ അസംബ്ലിയില്‍ പങ്കെടുത്തു.

